അമിത് ഷായെയും ഹിന്ദു ദൈവങ്ങളെയും അപമാനിച്ചെന്ന്; സ്റ്റാന്‍ഡ് അപ് കൊമേഡിയന്‍ മുനവര്‍ ഫാറൂഖിക്ക് ജാമ്യം നിഷേധിച്ച് മധ്യപ്രദേശ് കോടതി
ഇന്‍ഡോര്‍: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെയും ഹിന്ദു ദൈവങ്ങളെയും അപമാനിച്ചുവെന്ന് ആരോപിച്ച് അറസ്റ്റ് ചെയ്ത സ്റ്റാന്‍ഡ് അപ് കൊമേഡിയന്‍ മുനവര്‍ ഫാറൂഖിക്ക് ജാമ്യം നിഷേധിച്ചു. മധ്യപ്രദേശ് അഡീഷനല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് കോടതിയുടേതാണ് നടപടി.
ഇരുകൂട്ടരുടെയും വാദം കേട്ടശേഷം കേസ് പരിഗണിച്ച ജഡ്ജി യദീന്ദ്ര കുമാര്‍ ഗുരു, മുനവര്‍ ഫാറൂഖിക്കും നലിന് യാദവിനും ജാമ്യം നിഷേധിക്കുകയായിരുന്നു. ജനുവരി രണ്ടിന് ഫാറൂഖി ഉല്പെടെ കേസില്‍ അറസ്റ്റിലായ അഞ്ചുപേരുടെയും ജാമ്യാപേക്ഷ ജുഡീഷ്യല്‍ മജിസ്ട്രേറ്റ് തള്ളിയിരുന്നു.
മുനവര്‍ ഫാറൂഖിയെ അടക്കം അഞ്ചുപേരെയാണ് പൊലിസ് അറസ്റ്റ് ചെയ്തിരുന്നത്. ഹാസ്യപരിപാടിക്കിടെ ഹിന്ദു ദൈവങ്ങളെയും അമിത് ഷായെയും അപമാനിച്ചുവെന്ന ഇന്ദോറിലെ ബി.ജെ.പി എം.എല്‍.എ മാലിനി ഗൗറിന്റെ മകന് ഏകലവ്യ ഗൗര്‍ നല്കിയ പരാതിയിലായിരുന്നു പൊലിസ് നടപടി. ഇന്ദോറിലെ 56 ദൂക്കാന്‍ ഏരിയയിലായിരുന്നു പരിപാടി.
ഫാറൂഖിക്ക് പുറമെ എഡ്വിന് ആന്റണി, പ്രഖാര്‍ വ്യാസ്, പ്രിയം വ്യാസ്, നളിന്‍ യാദവ് എന്നിവരെയാണ് വിവിധ വകുപ്പുകള്‍ ചുമത്തി അറസ്റ്റ് ചെയ്തത്. അതിനിടെ കോടതിയില്‍ ഹാജരാക്കുന്നതിന് പൊലിസിനൊപ്പം ഇരുചക്രവാഹനത്തില്‍ എത്തിയ സദഖത്തിനെ ഹിന്ദ് രക്ഷക് സംഘതന്‍ പ്രവര്‍ത്തകര്‍ അക്രമിച്ചിരുന്നു. ഇയാളെ അടിക്കുന്നതും തെറിവിളിക്കുന്നതുമായ ദൃശ്യം സമൂഹമാധ്യമത്തില്‍ വൈറലായിരുന്നു.
വിദ്വേഷപ്രസംഗങ്ങള്‍ക്കും പീഡനങ്ങള്‍ക്കുമെതിരെ തന്റെ പാട്ടുകളിലും പരിപാടികളിലും നിരന്തരം പ്രതികരിക്കാറുള്ള മുനവ്വറിനെതിരെ സംഘ്പരിവാര്‍ സംഘടനകള്‍ നേരത്തേ തന്നെ സമാനമായ പരാതി നല്‍കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."