സ്‌നേഹത്തണലില്‍ ആഫ്റ്റര്‍ കെയര്‍ ഹോമിലെ മൂവര്‍ സംഘത്തിന് മംഗല്യം
കോഴിക്കോട്: അനാഥത്വത്തിലെ വേദനിക്കുന്ന ഓര്‍മകളില്ലാതെ ഇനി അവര്‍ക്ക് നിറമുള്ള സ്വപ്നങ്ങള്‍ കാണാം, ജീവിക്കാം. നന്മയുടെ കരങ്ങള്‍ താങ്ങായെത്തിയപ്പോള്‍ വര്‍ഷങ്ങളായി വെള്ളിമാട് കുന്ന് ആഫ്റ്റര്‍ കെയര്‍ ഹോമില്‍ കഴിയുന്ന മൂന്നു പെണ്‍കുട്ടികള്‍ക്ക് മംഗല്യമായി. വിവാഹത്തിന് മുന്നോടിയായി ആഫ്റ്റര്‍ കെയര്‍ ഹോമിന്റെ മുറ്റത്തൊരുക്കിയ കല്യാണവിരുന്ന് ആഫ്റ്റര്‍ കെയര്‍ ഹോമിലെ അന്തേവാസികള്‍ക്കും മറക്കാനാകാത്ത അനുഭവമായി മാറി.
ആഫ്റ്റര്‍ കെയര്‍ ഹോമിലെ അന്തേവാസികളായ ജീന, സുനിത, ഗായത്രി എന്നിവരാണ് പുത്തന്‍ ജീവിതത്തിലേക്ക് കടക്കുന്നത്. നടുവണ്ണൂര്‍ സ്വദേശിയായ ലെനിന്‍ പുവാട്ട് പറമ്പ് സ്വദേശിയായ ഗിരീഷ്, പടനിലം സ്വദേശിയ വിജേഷ് എന്നിവരാണ് വരന്മാര്‍. ഈ മാസം 21നാണ് ഗായത്രിയുടെ വിവാഹം. മറ്റ് രണ്ടു പേരുടേയും വിവാഹം അടുത്ത മാസം നടക്കും. നന്മ വറ്റാത്ത ഒരുപാട് പേര്‍ പെണ്‍കുട്ടികളുടെ കല്യാണത്തിന് സഹായഹസ്തങ്ങളുമായെത്തി. ആം ഓഫ് ജോയ് ആണ് കല്യാണത്തിനുള്ള പ്രധാന ഒരുക്കങ്ങളെല്ലാം നടത്തുന്നത്.
ക്ഷണക്കത്ത്, പെണ്‍കുട്ടികള്‍ക്കുള്ള ഫാന്‍സി ആഭരണങ്ങള്‍, കോസ്‌മെറ്റിക്‌സ്, മെഹന്ദി, ചെരിപ്പുകള്‍, വിവാഹ ഫോട്ടോ ആല്‍ബം, റിസപ്ഷന്‍ വേദിയിലെ അലങ്കാരങ്ങള്‍ എന്നിവയെല്ലാം അടുത്ത മാസം ആദ്യം വിവാഹിതനാകുന്ന ഖത്തറില്‍ ജോലി ചെയ്യുന്ന അനീഷ് ഗംഗാധരന്റെ സഹായത്തോടെയാണ്. റിസപ്ഷന്റെ മറ്റ് ചെലവുകളെല്ലാം ആം ഓഫ് ജോയ് ആണ് വഹിക്കുന്നത്. റിസപ്ഷന്‍ സന്ധ്യ മനോഹരമാക്കാന്‍ ഗായകന്‍ സലീഷിന്റെ നേതൃത്വത്തിലുള്ള സംഘമെത്തി. റിസപ്ഷന് പെണ്‍കുട്ടികളെ ബ്യൂട്ടീഷന്‍ ദീപ്തി പവിത്രന്‍ അണിയിച്ചൊരുക്കി. സെര്‍വോള്‍ ഡെക്കറേഷന്‍സാണ് വേദി അലങ്കരിച്ചു.
പ്രൊഫഷണല്‍ വെഡ്ഡിങ് ഫോട്ടോഗ്രാഫറായ ദീപു തോമസ് കല്യാണ വിരുന്ന് കാമറയില്‍ പകര്‍ത്തി. ഭക്ഷണച്ചെലവ് എസ്.ബി.ടിയും, മില്ലേനിയം ബില്‍ഡേഴ്‌സും വഹിച്ചു. എല്ലാവരുടേയും സേവനങ്ങള്‍ തീര്‍ത്തും സൗജന്യമായിരുന്നു. ആംഫ്റ്റര്‍ കെയര്‍ സൂപ്രണ്ട് പുഷ്പയും, മേട്രന്‍ രേഷ്മയും കല്യാണവിരുന്നിന് ചുക്കാന്‍ പിടിച്ചു.
ജില്ലാ കലക്ടര്‍ എന്‍. പ്രശാന്തും, ജില്ലാ സബ് ജഡ്ജ് ആര്‍.എല്‍ ബൈജുവും പിന്തുണയുമായെത്തിയതോടെ സ്‌നേഹത്തണലിലെ മംഗല്യവിരുന്ന് അവിസ്മരണീയമായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."