20 അംഗ പട്ടിക ദേശീയ നേതൃത്വത്തിന് കൈമാറി യൂത്ത് കോണ്‍ഗ്രസ്
ആലപ്പുഴ: നിയമസഭാ തെരഞ്ഞെടുപ്പില്‍ യുവാക്കള്‍ക്ക് കൂടുതല്‍ സീറ്റ് നല്‍കണമെന്ന് ആവശ്യപ്പെട്ട് പ്രമേയം പാസാക്കിയ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം സ്ഥാനാര്‍ഥികളായി പരിഗണിക്കേണ്ടവരുടെ പേരും മണ്ഡലങ്ങളും അടങ്ങിയ പട്ടിക ദേശീയ നേതൃത്വത്തിന് കൈമാറി. നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനായി 20 സീറ്റുകളാണ് യൂത്ത് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരിക്കുന്നത്. പാലക്കാട്ട് നടന്ന സംസ്ഥാന നേതൃക്യാംപില്‍ പങ്കെടുത്ത യൂത്ത് കോണ്‍ഗ്രസിന്റെ ചുമതലയുള്ള എ.ഐ.സി.സി സെക്രട്ടറി കൃഷ്ണ അലുവാലിയ, യൂത്ത് കോണ്‍ഗ്രസ് ദേശീയ പ്രസിഡന്റ് വി.ബി ശ്രീനീവാസ് എന്നിവരുമായി യൂത്ത് കോണ്‍ഗ്രസ് നേതൃത്വം നിയമസഭാ തെരഞ്ഞെടുപ്പിലെ പ്രാതിനിധ്യം സംബന്ധിച്ച് ചര്‍ച്ച നടത്തിയിരുന്നു.
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പില്‍, വൈസ് പ്രസിഡന്റ് ശബരീനാഥ് എന്നീ സിറ്റിങ് എം.എല്‍.എമാരെ കൂടാതെയാണ് 20 സീറ്റില്‍ യൂത്ത് കോണ്‍ഗ്രസ് അവകാശവാദം ഉന്നയിച്ചിരിക്കുന്നത്. കഴിഞ്ഞതവണ ഇവര്‍ ഉള്‍പ്പെടെ ഏഴുപേരെ മാത്രമാണ് യൂത്ത് കോണ്‍ഗ്രസില്‍ നിന്ന് പരിഗണിച്ചത്. ഇത്തവണ വനിതകള്‍ക്കുംകൂടി പ്രാതിനിധ്യം നല്‍കിക്കൊണ്ടുള്ള പട്ടികയാണ് യൂത്ത് കോണ്‍ഗ്രസ് എ.ഐ.സി.സിക്ക് നല്‍കാനായി കൈമാറിയിരിക്കുന്നത്. സംസ്ഥാന വൈസ് പ്രസിഡന്റുമാരായ റിജില്‍ മാക്കുറ്റി (കണ്ണൂര്‍ അല്ലെങ്കില്‍ ഇരിക്കൂര്‍), റിയാസ് മുക്കോളി (തവന്നൂര്‍ അല്ലെങ്കില്‍ പട്ടാമ്പി), എസ്.എം ബാലു (ആറ്റിങ്ങല്‍), എന്‍.എസ് നൂസൂര്‍ (നെടുമങ്ങാട് അല്ലെങ്കില്‍ നേമം), പത്തനംതിട്ട ജില്ലാ പ്രസിഡന്റ് എം.ജി കണ്ണന്‍ (അടൂര്‍), ആലപ്പുഴ ജില്ലാ പ്രസിഡന്റ് റ്റിജിന്‍ ജോസഫ് (കുട്ടനാട് ), കൊല്ലം ജില്ലാ പ്രസിഡന്റ് അരുണ്‍ രാജ് (ചടയമംഗലം അല്ലെങ്കില്‍ പത്തനാപുരം), കോട്ടയം ജില്ലാ പ്രസിഡന്റ് ചിന്തു കുര്യന്‍ ജോയ് (കാഞ്ഞിരപ്പള്ളി), പാലക്കാട് ജില്ലാ പ്രസിഡന്റ് ഫിറോസ് ബാബു (ഷൊര്‍ണൂര്‍), ദേശീയ സെക്രട്ടറി വിദ്യാ ബാലകൃഷ്ണന്‍ (കോഴിക്കോട് നോര്‍ത്ത് അല്ലെങ്കില്‍ ബേപ്പൂര്‍), മഹിളാ കോണ്‍ഗ്രസ് നേതാവ് കൂടിയായ വീണ എസ്. നായര്‍ (വട്ടിയൂര്‍ക്കാവ്), യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിമാരായ ഡോ. സരിന്‍ (ഒറ്റപ്പാലം), ശോഭ സുബിന്‍ (കൈപ്പമംഗലം), എ.എം രോഹിത് (പൊന്നാനി), അരുണ്‍ കെ.എസ് (ഉടുമ്പുംചോല), എം.പി പ്രവീണ്‍ (അമ്പലപ്പുഴ), വിഷ്ണു സുനില്‍ (പന്തളം അല്ലെങ്കില്‍ കൊല്ലം), ജോബിന്‍ ജേക്കബ് (ഏറ്റുമാനൂര്‍), ഫൈസല്‍ കുളപ്പാടം (കുണ്ടറ) എന്നിവരാണ് യൂത്ത് കോണ്‍ഗ്രസിന്റെ പട്ടികയില്‍ ഇടംപിടിച്ചിരിക്കുന്നവര്‍. കേരള കോണ്‍ഗ്രസ് ജോസ്, എല്‍.ജെ.ഡി എന്നീ കക്ഷികള്‍ മുന്നണിവിട്ടതോടെ കോണ്‍ഗ്രസിന് കൂടുതല്‍ സീറ്റ് ലഭിക്കുന്ന സാഹചര്യമാണുള്ളത്. ഇത് മുന്നില്‍ക്കണ്ടുകൊണ്ടാണ് യൂത്ത് കോണ്‍ഗ്രസ് കൂടുതല്‍ സീറ്റ് ആവശ്യപ്പെടുന്നത്. യുവാക്കള്‍ക്കും പുതുമുഖങ്ങള്‍ക്കും അവസരം നല്‍കണമെന്ന യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സമിതിയുടെ നിലപാടില്‍ കോണ്‍ഗ്രസ് നേതൃത്വം അസ്വസ്ഥത കാട്ടുന്നതില്‍ യൂത്ത് കോണ്‍ഗ്രസിന് പ്രതിഷേധമുണ്ട്. കേരളത്തിന്റെ ചുമതല വഹിക്കുന്ന ജനറല്‍ സെക്രട്ടറി അബ്രഹാം റോയി മാണിക്കും ദേശീയ സെക്രട്ടറി പുഷ്പ ലതയ്ക്കും സംസ്ഥാന കമ്മിറ്റി പട്ടിക കൈമാറി. ഇവര്‍ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി വഴി രാഹുല്‍ ഗാന്ധിക്ക് പട്ടിക കൈമാറും. കഴിഞ്ഞതവണ രാഹുല്‍ ഗാന്ധിയുടെ ഇടപെടല്‍ കുറച്ചെങ്കിലും ഫലം കണ്ടതിനാലാണ് ഇത്തവണയും സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തെ സമീപിക്കാതെ പട്ടിക എ.ഐ.സി.സിയിലേക്ക് കൈമാറുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."