കോടമഞ്ഞിന്‍ കുളിരേറ്റ് ടെന്റില്‍ രാപ്പാര്‍ക്കാം, 900 കണ്ടി വിളിക്കുന്നു...
പുറംകണ്ണിന്റെ കാഴ്ചയിലേക്കല്ല, അകക്കണ്ണിന്റെ ദൃശ്യതയിലേക്ക് യാത്ര ചെയ്തിട്ടുണ്ടോ? 15 ഇഞ്ച് മോണിറ്ററിന്റെ സങ്കുചിത്വത്തില്‍ നിന്ന് പോനോരമിക് തഴ്‌വാരങ്ങളുടെ വിശാലതയിലേക്ക്? സ്വചന്ദതയിലേക്ക്? സ്വസ്ഥതയിലേക്ക്? തൊള്ളായിരം കണ്ടി... അവനവനിലേക്ക് യാത്ര ചെയ്യാനുള്ള നല്ലൊരു സങ്കേതം.
വയനാട് മേപ്പാടിയില്‍ നിന്ന് ചൂരല്‍മലയിലേക്ക് പോവുന്ന വഴിയില്‍ ആറ് കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ കള്ളാടിയിലെത്താം. കള്ളാടിയാണ് 900 കണ്ടിയുടെ മലയടിവാരം, ശന്തതയിലേക്കുള കവാടം. 900 കണ്ടിയിലുള്ളത് ചെറുകിട സ്വകാര്യ സംരംഭകരുടെ ചെറിയ തരത്തിലുള്ള ഹട്ടുകളാണ്. ഒന്നോ രണ്ടോ പേര്‍ക്ക് താമസിക്കാവുന്ന ചെറിയ ചെറിയ 20 മുതല്‍ 50 വരെ ടെന്റുകള്‍, ഒന്നോ രണ്ടോ റൂമുകള്‍, ഒരു കിച്ചണും ചെറിയ ഓഫീസും ഒന്നോ രണ്ടോ ട്രീ ഹൗസുമുള്ള പ്രകൃതിയെ വേദനിപ്പിക്കാതെ, പ്ലാസ്റ്റിക് കടന്നുചെന്നിട്ടില്ലാത്ത, പ്രകൃതിയുടെ മാറിടത്ത് ഭൂമിമാന്തി യന്ത്രത്തിന്റെ കൈ ആഴ്ന്നിറങ്ങാത്ത, കരുതലുള്ള ഇടങ്ങള്‍.
അലോസരങ്ങളേ വിട...
കള്ളാടിയില്‍ നിന്നാണ് മുന്‍കൂട്ടി പാക്കേജ് ബുക്ക്‌ചെയ്ത റിസോര്‍ട്ട് അധികൃതര്‍ നമ്മെ കൊണ്ടുപോവാന്‍ എത്തുക. ഫോര്‍ ഇന്റു ഫോര്‍ ഓഫ് റോഡ് ജീപ്പിന് മാത്രം എത്താവുന്ന ദുര്‍ഘടമായ, തീരെ മോശമായ ടാര്‍ ചെയ്യാത്ത റോഡിലൂടെയുള്ള യാത്ര വേറിട്ടൊരു അനുഭവം, ഉള്ളിലൂടെ കൊള്ളിയാന്‍ പായുന്ന, ആവുന്നത്ര ജീപ്പിലെ കമ്പിയില്‍ മുറുക്കിപ്പിടിക്കാന്‍ പ്രേരിപ്പിക്കുന്ന, കണ്ണുകളെ അറിയാതെ അടച്ചു പിടിപ്പിക്കുന്ന, അനാവശ്യമാണെന്ന് തലച്ചോര്‍ കൊണ്ട് മനസിലാക്കിയാലും പിടിച്ചുനിര്‍ത്താന്‍ പറ്റാത്ത ഉദ്വേഗത്തിന്റ ചെറുതല്ലാത്ത പേടിയുടെ സമിശ്രം, വിദഗ്ധനായ ഡ്രൈവര്‍ക്ക് മാത്രം ഓടിക്കാവുന്ന, സരസമായി അലസമായി ഡ്രൈവ് ചെയ്യുന്ന അവരുടെ മാത്രം അധികാര പരിധി, അവരുടെ സാമ്രാജ്യം.
അത് ശാന്തതയ്ക്ക് മുന്‍പുള്ള കൊടുങ്കാറ്റാണ്. പിന്നീട് പരന്നു നിവര്‍ന്നുകിടക്കുന്ന ശാന്തതയാണ് മുന്നില്‍. ഫോണ്‍ റിങ് ചെയ്യാത്ത, മൊബൈല്‍ സ്‌ക്രോള്‍ ചെയ്യാന്‍ പറ്റാത്ത, പതിവ് അലോസരങ്ങളൊന്നും ശല്യപ്പെടുത്താതെ നനുത്ത... തണുത്ത... ഇടം. ഒരു ബ്ലാങ്കറ്റിന്റെ ഉള്ളില്‍ ശരീരത്തെ ഒളിപ്പിച്ച് ടെന്റിന്റെ പരിസരത്ത് ഒരുക്കിവച്ച ചാരുകസേരയില്‍ ഇരുന്ന് മേഘപടലങ്ങള്‍ക്കിടയില്‍ ദൃശ്യമാകുന്ന ചെമ്പ്ര കുന്നിലേക്ക് കണ്ണ് പായിച്ച് വെറുതെ, തീര്‍ത്തും വെറുതെ ഇരിക്കാവുന്ന ഇടം.
തണുപ്പിലെ
ടെന്റുറക്കം
അടുത്തത് അത്ര ദുര്‍ഘടമല്ലാത്ത ഒരു ചെറിയ ട്രക്കിങ്, ചെറിയ വെള്ളച്ചാട്ടങ്ങള്‍, സ്വര്‍ഗ്ഗത്തിലെ കട്ടുറുമ്പ് പോലെയുള്ള 900 കണ്ടിയിലെ അട്ടകള്‍, നമ്മെ ഫിറ്റ് ചെയ്ത് എടുക്കാവുന്ന ചെറിയ ദൃശ്യങ്ങളുള്ള ഫ്രെയിം, കണ്‍കുളിര്‍മ, കാലില്‍ നിന്ന് തലയിലേക്ക് ഇരച്ചുകയറുന്ന കുളിരന്‍ തണുപ്പ്. ട്രക്കിങ്ങിന് ശേഷം മുന്നില്‍ അലസമായത്ര ദീര്‍ഘമായ നെടുവീര്‍പ്പ്. വീണ്ടും ശാന്തത.
വിര്‍ച്വല്‍ ഇടങ്ങളില്‍ നിന്ന് റിയല്‍ ഇടത്തിലേക്ക് നമ്മെ പറിച്ചുനടുന്നു എന്ന ഒറ്റ കാര്യമാണ് 900 കണ്ടി ചെയ്യുന്നത്. ബാക്കിയൊക്കെ യാത്രികരുടെ ലോകമാണ്. അവന്റെ നിശ്വാസത്തിന്റെ ആഴം അവന്‍ മുന്നേ ചെയ്ത ശ്വാസോച്ഛാസത്തിന്റെ വേഗതക്കനുസരിച്ചായിരിക്കും.
പിന്നെ അസാധാരണത്വം ഒന്നുമില്ലാത്ത ഭക്ഷണമാണ്. ടെന്റിനുള്ളിലെ സ്ലീപിങ് ബാഗില്‍ ഒരുക്കിയ സാധാരണമല്ലാത്ത ഉറക്കം, അലാറം വയ്ക്കാതെ ഉറക്കം പൂര്‍ണമായ ശേഷം മാത്രം എഴുന്നേല്‍ക്കാവുന്ന ഒരു പ്രഭാതം. ശുദ്ധമായ തണുത്ത അരുവിയിലുള്ള തീര്‍ത്തും ഓപ്ഷണല്‍ ആയ ഒരു കുളി, ഇഞ്ചി ഇട്ടു വച്ച നേര്‍ത്ത കട്ടനും ചീസ് പുരട്ടിയ ബ്രെഡും പുട്ടും കടലയും... തീരെ മടുപ്പിക്കാത്ത ബ്രേക്ക്ഫാസ്റ്റ്. വീണ്ടും പ്രഭാതത്തിന്റെ ശാന്തത. പതിനൊന്ന് മണിക്ക് അനിവാര്യമായ ചെക്ക്ഔട്ട്, വിട പറയലിന്റെ ചെറിയ വേദന, വീണ്ടും തിരക്കുകളിലേക്ക് പടിയിറക്കം.
ശ്രദ്ധിക്കുക: 900 കണ്ടി യാത്ര മുന്‍കൂട്ടി ബുക്ക് ചെയ്ത് മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കാം: 9562485100
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."