സമ്മതപത്രം നല്‍കണം; പാര്‍ശ്വഫലമുണ്ടായാല്‍ നഷ്ടപരിഹാരമെന്നും ഭാരത് ബയോടെക്
ന്യൂഡല്‍ഹി: വാക്‌സിന്റെ കാര്യക്ഷമത സംബന്ധിച്ച് പ്രതിപക്ഷവും ഒരുവിഭാഗം ഡോക്ടര്‍മാരും ആശങ്ക പങ്കുവച്ചതിനുപിന്നാലെ, കുത്തിവയ്പ്പിനെത്തുന്നവര്‍ സമ്മതപത്രത്തില്‍ ഒപ്പുവയ്ക്കണമെന്ന വ്യവസ്ഥയുമായി ഭാരത് ബയോടെക്. കൊവാക്‌സിന്‍ സ്വീകരിക്കുന്നവര്‍ കുത്തിവയ്പ്പ് എടുക്കുംമുന്‍പ് പ്രത്യേക സമ്മതപത്രം നല്‍കണമെന്നാണ് കമ്പനി മുന്നോട്ടുവച്ച വ്യവസ്ഥ. കൊവാക്‌സിന്റെ മൂന്നാംഘട്ട പരീക്ഷണം (ട്രയല്‍) പൂര്‍ത്തിയായിട്ടില്ലാത്തതിനാലാണ് ഈ നടപടിയെന്നും വാക്‌സിന്‍ സ്വീകരിച്ചശേഷം പാര്‍ശ്വഫലം ഉണ്ടാവുകയാണെങ്കില്‍ നഷ്ടപരിഹാരം നല്‍കുമെന്നും ഭാരത് ബയോടെക് അറിയിച്ചു.
പൊതുതാല്‍പര്യം മുന്‍നിര്‍ത്തി വലിയതോതിലുള്ള മുന്‍കരുതലുകളോടെ അടിയന്തര സാഹചര്യത്തില്‍ ഉപയോഗിക്കുന്നതിന് മാത്രമാണ് കൊവാക്‌സിന് അനുമതി നല്‍കിയിരിക്കുന്നതെന്ന മുന്‍കൂര്‍ അറിയിപ്പും സമ്മതപത്രത്തിലുണ്ട്. കൊവാക്‌സിന്റെ ഒന്ന്, രണ്ട് ഘട്ടങ്ങള്‍ വിജയകരമായി പൂര്‍ത്തിയായി. മൂന്നാംഘട്ട പരീക്ഷണ ഘട്ടത്തിലാണ് ഇപ്പോള്‍. അതിനാല്‍ വാക്‌സിന്‍ സ്വീകരിച്ചശേഷം പാര്‍ശ്വഫലങ്ങള്‍ പ്രത്യക്ഷപ്പെടുകയാണെങ്കില്‍ ഉടന്‍ വിദഗ്ധ സഹായം തേടണം- സമ്മതപത്രത്തില്‍ പറയുന്നു.
രണ്ട് വാക്‌സിനുകളും സുരക്ഷിതമാണെന്ന് സര്‍ക്കാര്‍ ആവര്‍ത്തിച്ച് വ്യക്തമാക്കിയതിനുപിന്നാലെയാണ് കൊവാക്‌സിന്‍ കുത്തിവയ്പ്പിന് എത്തുന്നവരില്‍ നിന്ന് സമ്മതപത്രം വാങ്ങുന്നത്. ഹരിയാനയിലെ ആറ് ജില്ലകളില്‍ ഇന്നലെ കൊവാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിച്ചവരില്‍ നിന്ന് സമ്മതപത്രം എഴുതിവാങ്ങിയതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഗുഡ്ഗാവ്, കര്‍ണാല്‍, പല്‍വാല്‍, ഫരീദാബാദ്, സോണിപത്, യമുനനഗര്‍ എന്നീ ജില്ലകളിലെ ആരോഗ്യപ്രവര്‍ത്തകരില്‍ നിന്നാണ് സമ്മതപത്രം വാങ്ങിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."