ഒടുവില്‍ വത്സല നാട്ടിലേക്ക് മടങ്ങി, സ്‌പോണ്‍സറുടെ കയ്യില്‍ നിന്ന് കിട്ടേണ്ടതെല്ലാം വാങ്ങിയിട്ട്
ദമ്മാം: ശമ്പളം കിട്ടാത്തതിനെതുടര്‍ന്ന് വനിതാ തര്‍ഹീലില്‍ അഭയം തേടിയ മലയാളി യുവതി ജീവകാരുണ്യപ്രവര്‍ത്തകരുടെ ഇടപെടലിനെത്തുടര്‍ന്ന്, നിയമനടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേയ്ക്ക് മടങ്ങി. പത്തനംതിട്ട ജില്ലയിലെ എളംഗമംഗലം സ്വദേശിനിയായ വത്സല കുഞ്ഞിക്കുട്ടിയാണ് ജീവകാരുണ്യ പ്രവര്‍ത്തകരുടെ സഹായത്തോടെ പോരാടി നാട്ടിലേക്ക് പോകാന്‍ അവസരമൊരുങ്ങിയത്. സ്വദേശിയുടെ വീട്ടില്‍ നാല് വര്‍ഷം മുന്‍പ് ജോലിക്കെത്തിയ ഇവര്‍ അവസാനം ശമ്പള കുടിശികയും ആനുകൂല്യങ്ങളുമായാണ് നാട്ടിലേക്ക് തിരിച്ചത്.
മൂന്നര വര്‍ഷം ദമാമില്‍ സ്വദേശി പൗരന്റെ വീട്ടില്‍ വീട്ടുജോലി ചെയ്‌തെങ്കിലും, പലപ്പോഴായി ആകെ രണ്ടു വര്‍ഷത്തെ ശമ്പളമേ കൈയ്യില്‍ കിട്ടിയുള്ളൂ. മാസങ്ങളോളം ശമ്പളം കൊടുത്തില്ല എന്ന് മാത്രമല്ല, ഇഖാമ പുതുക്കാനോ, നാട്ടിലേയ്ക്ക് അവധിയ്ക്ക് അയയ്ക്കാനോ സ്‌പോണ്‍സര്‍ തയ്യാറായില്ല. ശമ്പളം ചോദിച്ചാല്‍ വീട്ടുകാരുടെ വഴക്കും ഭീക്ഷണിയും നേരിടേണ്ടി വന്നു. ഒടുവില്‍ സഹികെട്ടപ്പോള്‍, അഞ്ചു മാസങ്ങള്‍ക്ക് മുന്‍പ് വത്സല, വീട്ടുകാരുടെ കണ്ണ് വെട്ടിച്ച് പുറത്തു ചാടുകയും, അടുത്തുള്ള പൊലിസ് സ്റ്റേഷനില്‍ പോയി പരാതി പറയുകയും ചെയ്തു. പൊലിസാണ് ഇവരെ തര്‍ഹീലില്‍ (അഭയകേന്ദ്രം) എത്തിച്ചത്.
ഇവരുടെ നിജസ്ഥിതി മനസ്സിലാക്കിയ ജീവകാരുണ്യ പ്രവര്‍ത്തകര്‍ ഇന്ത്യന്‍ എംബസ്സി അനുവാദത്തോടെ പൊലിസുമായി സഹകരിച്ചു വത്സലയുടെ സ്‌പോണ്‍സറുടെ ഫോണ്‍ നമ്പര്‍ കണ്ടെത്തി തര്‍ഹീലില്‍ എത്താന്‍ പറഞ്ഞപ്പോള്‍ ഒഴിവുകഴിവുകള്‍ പറഞ്ഞ് വരാതിരുന്നുവെങ്കിലും പൊലിസ് അധികാരികളെക്കൊണ്ട് സ്‌പോണ്‍സറോട് സംസാരിപ്പിയ്ക്കുകയും, നിരന്തരമായി സമ്മര്‍ദ്ദം ചെലുത്തുകയും ചെയ്തതിനെത്തുടര്‍ന്ന് ഒരു മാസം കഴിഞ്ഞ് അയാള്‍ ചര്‍ച്ചയ്ക്കായി തര്‍ഹീലില്‍ വന്നു.
സാമൂഹ്യ പ്രവര്‍ത്തകരും ലേബര്‍ ഓഫീസറും, തര്‍ഹീല്‍ അധികാരികളും തമ്മില്‍ ഒത്തുതീര്‍പ്പ് ചര്‍ച്ചയിനടത്തിയതിനെ തുടര്‍ന്നു നാട്ടില്‍ കയറ്റിവിടാന്‍ സ്‌പോണ്‍സര്‍ തയ്യാറായെങ്കിലും ശമ്പള കുടിശ്ശിക നല്‍കാന്‍ തയ്യാറായില്ല.
എന്നാല്‍ കിട്ടാനുള്ള മുഴുവന്‍ കുടിശ്ശിക ശമ്പളവും ആനുകൂല്യങ്ങളും കിട്ടാതെ, ഫൈനല്‍ എക്‌സിറ്റ് എഗ്രിമെന്റില്‍ ഒപ്പിടുകയോ നാട്ടിലേയ്ക്ക് തിരികെ പോകുകയോ ചെയ്യില്ല എന്ന ശക്തമായ നിലപാടില്‍ തന്നെ സ്ത്രീ ഉറച്ചുനിന്നു. ഇത് സമ്മതിച്ച സ്‌പോണ്‍സര്‍ പിന്നീട് ഫോണ്‍ എടുക്കാതെയായതോടെ സഊദി അധികൃതരെ കൊണ്ട് സ്‌പോണ്‍സറുടെ സര്‍ക്കാര്‍ സേവനങ്ങള്‍ മുഴുവന്‍ ബ്ലോക്ക് ചെയ്യിപ്പിച്ചു. അവസാനം നിവൃത്തിയില്ലാതെ ജീവകാരുണ്യപ്രവര്‍ത്തകരെ ബന്ധപ്പെട്ട് ഒത്തുതീര്‍പ്പ് ചര്‍ച്ചയിലെ ആവശ്യങ്ങള്‍ അംഗീകരിയ്ക്കുന്നതായി അറിയിക്കുകയായിരുന്നു.
ഒന്നരവര്‍ഷത്തെ കുടിശ്ശിക ശമ്പളം, ഇഖാമ പുതുക്കാനുള്ള ഫൈന്‍, നാട്ടിലേക്കുള്ള വിമാനടിക്കറ്റ് എന്നിവ സ്‌പോണ്‍സര്‍ വത്സലയ്ക്ക് നല്‍കി. നിയമനടപടികള്‍ പൂര്‍ത്തിയാക്കിയപ്പോള്‍ തന്നെ സഹായിച്ച എല്ലാവര്‍ക്കും നന്ദി പറഞ്ഞ്, അഞ്ചു മാസത്തെ തര്‍ഹീല്‍ ജീവിതം അവസാനിപ്പിച്ച്, വത്സല നാട്ടിലേയ്ക്ക് മടങ്ങി. നവയുഗം ജീവകാരുണ്യപ്രവര്‍ത്തകയും ഇന്ത്യന്‍ എംബസ്സി വോളന്റിറുമായ മഞ്ജു മണിക്കുട്ടന്റെയും നേതൃത്വത്തിലാണ് നാട്ടിലേക്ക് പോകാനുള്ള അവസരം ഒരുക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."