HOME
DETAILS

'അത് അറിഞ്ഞിരുന്നെങ്കില്‍ ഞാനൊരു കൈ നോക്കിയേനേ'

  
backup
January 24 2021 | 03:01 AM

azharudheen-2021

സയ്യിദ് മുഷ്താഖലി ടി20 ചാംപ്യന്‍ഷിപ്പിലെ സെഞ്ചുറിക്കു മുന്‍പും ശേഷവുമുള്ള അസ്ഹറിന് മാറ്റങ്ങളുണ്ടോ?

തീര്‍ച്ചയായും മാറ്റമുണ്ട്. ആ കളിക്ക് ശേഷം ആളുകള്‍ എന്നില്‍ പ്രതീക്ഷ പുലര്‍ത്തുന്നുണ്ട്. അത് സ്വാഭാവികമാണ്. ഞാന്‍ അതിനനുസരിച്ച് മനസിനെ പാകപ്പെടുത്തി. സച്ചിന്‍ ടെണ്ടുല്‍ക്കറെപ്പോലുള്ളവര്‍ രാജ്യത്തിന്റെ തന്നെ പ്രതീക്ഷയ്ക്ക് നടുവിലാണ് കളിച്ചിട്ടുള്ളത്. പ്രതീക്ഷ നിലനിര്‍ത്താനായി നമ്മള്‍ കളി മെച്ചപ്പെടുത്തുക എന്നതാണ് ചെയ്യേണ്ടത്.
പ്രതീക്ഷ രൂപപ്പെടുമ്പോള്‍ നമുക്ക് സമ്മര്‍ദ്ദം ഉണ്ടാവും. അല്ലാതെ, നമ്മളില്‍ നിന്ന് ആരും ഒന്നും പ്രതീക്ഷിക്കരുത്, നമ്മള്‍ നമ്മുടേതായ രീതിയില്‍ തന്നെ കളിക്കും എന്ന് വിചാരിച്ച് ഒരിക്കലും ക്രിക്കറ്റ് കളിക്കാന്‍ സാധിക്കില്ല. കാരണം, പെര്‍ഫോം ചെയ്യുമ്പോള്‍ എക്‌സ്‌പെക്‌റ്റേഷന്‍ തീര്‍ച്ചയായും ഉണ്ടാകും. അത് മാനേജ് ചെയ്യാന്‍ സാധിക്കണം. ആദ്യത്തെ ഒന്ന് രണ്ട് ദിവസം കുറച്ചു പ്രയാസം ഉണ്ടായിരുന്നു. പിന്നീടാണ് ഇത് എങ്ങനെയാണ് കൈകാര്യം ചെയ്യേണ്ടത് എന്നതൊക്കെ പഠിക്കുന്നത്. സംസാരിക്കുന്നവരില്‍ നിന്നും ടീമിലെ സീനിയര്‍ പ്ലേയേഴ്‌സില്‍ നിന്നുമൊക്കെ കേട്ട് മനസിലാക്കി. മുംബൈക്കെതിരായ കളിക്ക് ശേഷം ഞാന്‍ ഫോണ്‍ ഓണ്‍ ചെയ്തിട്ടില്ല. സെഞ്ചുറി നേട്ടം ആഘോഷിച്ചിട്ടുമില്ല. ആ കളി കഴിഞ്ഞ് അടുത്ത മാച്ചിന് ഒരു ദിവസം മാത്രമാണ് ഇടവേള ഉണ്ടായിരുന്നത്.

ഫോണ്‍ ഓണ്‍ ചെയ്തിരുന്നില്ല എന്ന് പറഞ്ഞു. അപ്പോള്‍ സെഞ്ചുറി നേട്ടത്തിന് ശേഷം അസ്ഹറുദ്ദീനെ ആഘോഷിക്കപ്പെട്ടത് അറിഞ്ഞിരുന്നോ?

ടീം മേറ്റ്‌സ് കാണിച്ചുതന്നു. ആഘോഷങ്ങളൊക്കെ നടക്കുന്നുണ്ട് എന്നൊക്കെ അങ്ങനെയാണ് അറിഞ്ഞത്. സന്തോഷമുണ്ടായിരുന്നു അത് കണ്ടപ്പോള്‍.

ചരിത്രനേട്ടത്തിന് ശേഷമുള്ള മത്സരത്തില്‍ അത്ര നന്നായി പെര്‍ഫോം ചെയ്യാന്‍ പറ്റിയില്ലല്ലോ. എങ്ങനെയായിരുന്നു അതിന്റെ അനുഭവം?

കളി കാണുന്നവര്‍ക്കാണ് ഇതൊക്കെ. കളിക്കുന്നവര്‍ക്ക് അറിയാന്‍ പറ്റും, ക്രിക്കറ്റ് എന്നത് ഭയങ്കര ഫണ്ണി ആയ കളിയാണ്. ഒരു ദിവസം നമ്മള്‍ ഹീറോയും മറ്റൊരു ദിവസം സീറോയും ആയിരിക്കും. ഞാനൊരിക്കലും എന്റെ പെര്‍ഫോമന്‍സ് എന്റെ തലയില്‍ കയറ്റാറില്ല. ഞാന്‍ ഭയങ്കരമാണെന്ന് വിചാരിച്ച് നടക്കാറുമില്ല. അധ്വാനത്തിന്റെ ഫലം പടച്ചോന്റെ അനുഗ്രഹം കൊണ്ട് ലഭിക്കും. ഞാന്‍ കഠിനാധ്വാനം ചെയ്യുന്ന ആളാണ്. അതിന്റെ ഫലം കിട്ടുന്നു എന്നേ ഉള്ളൂ. തീര്‍ച്ചയായും പെര്‍ഫോം ചെയ്യാനായില്ലെങ്കില്‍ സങ്കടവും പെര്‍ഫോം ചെയ്യുമ്പോള്‍ ഹൈപ്പും ഉണ്ടാവും. അത് മാനേജ് ചെയ്യാനാവുന്നതേ ഉള്ളൂ.

സെഞ്ചുറി നേടിയപ്പോള്‍ സെവാഗ് ഉള്‍പ്പെടെയുള്ള താരങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ അനുമോദിക്കുകയുണ്ടായി. ഏതെങ്കിലും താരങ്ങള്‍ നേരിട്ട് അഭിനന്ദിച്ചിരുന്നോ?

ഒരുപാട് പേര്‍ അഭിനന്ദിച്ചിരുന്നു. ഇര്‍ഫാന്‍ പത്താന്‍, ആകാശ് ചോപ്ര, സൂര്യകുമാര്‍ യാദവ് ഉള്‍പ്പെടെ ഇന്‍സ്റ്റഗ്രാമിലൂടെ മെസേജ് ചെയ്തിരുന്നു. നമ്മള്‍ അതൊന്നും പ്രതീക്ഷിക്കുന്നില്ല. പക്ഷേ, അവരൊക്കെ അഭിനന്ദിച്ചപ്പോള്‍ വലിയ സന്തോഷമായി.

കേരളം പുറത്തായപ്പോള്‍ എന്തുതോന്നി?

വലിയ സങ്കടമായിരുന്നു. ഇത്തവണ ടീം നല്ലൊരു നിലയിലായിരുന്നു. അവസാന മാച്ച് നേരിയ വ്യത്യാസത്തിനാണ് നമ്മള്‍ തോറ്റത്. പിന്നെ എല്ലാ വര്‍ഷത്തെക്കാളും നന്നായി ടീം പെര്‍ഫോമന്‍സ് ചെയ്തു. അതില്‍ സന്തോഷമുണ്ട്.

വിക്കറ്റ് കീപ്പര്‍ കൂടി ആണല്ലോ അസ്ഹറുദ്ദീന്‍. പക്ഷേ, അതില്‍ അവസരം ലഭിക്കാത്തതില്‍ നിരാശയുണ്ടോ?

ഒരു നിരാശയുമില്ല. കാരണം ആ സ്ഥാനത്ത് ഇപ്പോള്‍ ഉള്ളത് സഞ്ജു ഭായ് (സഞ്ജു സാംസണ്‍) ആണ്. സഞ്ജു ഭായ് പെട്ടെന്ന് ഇന്ത്യന്‍ ടീമില്‍ സ്ഥിരാംഗമാകട്ടെ എന്നാണ് എന്റെ പ്രാര്‍ഥന. അങ്ങനെ ആയാല്‍ എനിക്ക് ഇവിടെ തുടര്‍ച്ചയായി കീപ്പ് ചെയ്യാന്‍ സാധിക്കും. പെര്‍ഫോം ചെയ്ത് ഇവിടെ നിന്ന് മുകളിലോട്ട് പോകാനും സാധിക്കും. തീര്‍ച്ചയായും എന്നെക്കാള്‍ അര്‍ഹനായിട്ടുള്ള ആളാണ് ഇപ്പോള്‍ കീപ്പ് ചെയ്യുന്നുള്ളത്.

അസ്ഹറുദ്ദീന്‍ അതിയായി കഠിനാധ്വാനം ചെയ്യുന്ന ആളാണല്ലോ. എന്തായിരുന്നു ലക്ഷ്യം?

സത്യം പറഞ്ഞാല്‍ കരിയറൊക്കെ തുടങ്ങിയ സമയത്ത് എങ്ങനെയെങ്കിലും കേരളത്തിന് വേണ്ടി കളിക്കണമെന്നൊക്കെയിരുന്നു. രഞ്ജിയൊക്കെ കളിച്ചപ്പോഴാണ് ഇന്ത്യക്ക് വേണ്ടി കളിക്കുന്നവരുമായി ഇടപഴകാന്‍ സാധിച്ചത്. അവര്‍ നമ്മുടെ എതിര്‍ ടീമിലുള്‍പ്പെടെ കളിക്കുമ്പോഴാണ് നമുക്കും അവരെപ്പോലെ കഴിവും മാനസിക- ശാരീരിക ശക്തിയും ഉണ്ടെന്നൊക്കെ തിരിച്ചറിയുന്നത്. അത് മനസില്‍ കയറിയപ്പോഴാണ് ഇന്ത്യക്ക് വേണ്ടി കളിക്കണം എന്ന ലക്ഷ്യമുണ്ടാകുന്നത്. അതിന് വേണ്ടിയാണ് കഴിഞ്ഞ നാലഞ്ച് വര്‍ഷമായുള്ള പരിശ്രമം. പടച്ചോന്‍ സഹായിച്ച് ഇപ്പോള്‍ നല്ലൊരു ബ്രേക്ക്ത്രൂ ലഭിച്ചിട്ടുണ്ട്. അത് കരിയറില്‍ നല്ലൊരു ബ്രേക്ക്ത്രൂ ആവട്ടെ എന്നാണ് ഞാന്‍ പ്രാര്‍ഥിക്കുന്നത്.

ഐ.പി.എല്‍ പ്രതീക്ഷ എങ്ങനെയാണ്? മുംബൈ ഇന്ത്യന്‍സിന്റെ ട്രയല്‍സില്‍ പങ്കെടുത്തല്ലോ?

തീര്‍ച്ചയായും ഐ.പി.എല്ലില്‍ പ്രതീക്ഷയുണ്ട്. പിന്നെ സെലക്ഷന്‍ എന്നത് നമ്മുടെ കണ്‍ട്രോളിലല്ല. ഫ്രാഞ്ചൈസികളുടെയും സെലക്ടേര്‍സിന്റെയുമൊക്കെ കയ്യിലാണ്. അത് അതിന്റെ പാട്ടിന് നടക്കട്ടെ എന്ന് വിചാരിക്കുന്നു. നമ്മുടെ കാര്യങ്ങളുമായി മുന്നോട്ട് പോകുന്നു. ഇപ്പോള്‍ മുംബൈയില്‍ ട്രയല്‍സ് നടക്കുന്നുണ്ട്. അത് കഴിഞ്ഞ് നാട്ടിലെത്തും. അടുത്തമാസം വിജയ് ഹസാരെ ടൂര്‍ണമെന്റ് തുടങ്ങുമെന്ന് പറയുന്നുണ്ട്.


പിന്നെ നമ്മുടെ കണ്‍ട്രോളിലല്ലാത്ത കാര്യം കണ്‍ട്രോള്‍ ചെയ്യാന്‍ മേലെ ഒരാളുണ്ടല്ലോ. കളിക്കുന്നിടത്തോളം കാലം പ്രതീക്ഷയും പോസിറ്റീവ് ചിന്തയും വേണം. അല്ലാതെ എനിക്ക് കിട്ടില്ല, എന്നെ ആരും എടുക്കില്ല എന്ന് വിചാരിച്ചാല്‍ കളിക്കാന്‍ പറ്റില്ല. ഇനി ആരും സെലക്ട് ചെയ്തില്ലെങ്കിലും പ്രശ്‌നമൊന്നുമില്ല. മനസും ശരീരവും ഓക്കെ എന്ന് പറയുന്നിടത്തോളം കാലം ഞാന്‍ കളിച്ചോണ്ടുണ്ടാവും. ഏതെങ്കിലും ഒരു വര്‍ഷം ദൈവം എനിക്കായി കൊണ്ടുതരും.

കേരളത്തില്‍ നിന്നുള്ളവര്‍ക്ക് ക്രിക്കറ്റില്‍ ഉയര്‍ന്നുവരാന്‍ പരിമിതികളുള്ളതായി തോന്നിയിട്ടുണ്ടോ?

ഒരു ബാറ്റ്‌സ്മാന് ഇന്ത്യന്‍ ടീമിലേക്കെത്താന്‍ വളരെ കൂടുതല്‍ റണ്‍സ് അടിച്ചെടുക്കേണ്ടി വരും. അങ്ങനെയുള്ള കളിക്കാര്‍ കേരളത്തില്‍ കുറവാണ്. സഞ്ജു ഭായിയെപ്പോലെ ഉള്ള കുറച്ചുപേര്‍ മാത്രമാണുള്ളത്. കേരളത്തിന് അങ്ങനെയുള്ള താരങ്ങള്‍ ഉണ്ടായിരുന്നിട്ടും ഇന്ത്യന്‍ ടീമിലേക്കെത്താന്‍ സാധിക്കുന്നില്ലെങ്കില്‍ നമുക്ക് മനസിലാക്കാം. 135 കോടി ജനത ഉള്ള രാജ്യമല്ലേ, അതിനനുസരിച്ച് ഈ മേഖലയില്‍ മത്സരമുണ്ടാകും. അപ്പോള്‍ അതിനനുസരിച്ച് നമ്മളും മെച്ചപ്പെടണം. അല്ലാതെ കേരളം ആയത് കൊണ്ട് കളിപ്പിക്കുന്നില്ല എന്നൊന്നും പറയാനാവില്ല.

മത്സരം ഇല്ലാത്തപ്പോള്‍ അസ്ഹറിന്റെ ഒരു ദിവസം എങ്ങനെയാണ്?

വീട്ടിലായിരിക്കുമ്പോള്‍ രാവിലെ ജിമ്മോ ഓട്ടമോ ഉണ്ടാവും. ഉച്ചയ്ക്ക് ശേഷം മൂന്ന് മണിക്കൊക്കെ വീട്ടില്‍ നിന്ന് ഇറങ്ങിയാല്‍ ആറര വരെ നെറ്റ്‌സ്, കീപ്പിങ് പരിശീലനമൊക്കെയായിരിക്കും. അല്ലാത്തപ്പോള്‍ പ്രാക്ടീസിനായി വിവിധ സ്ഥലങ്ങളിലായിരിക്കും. ഡേവ് വാട്‌മോര്‍ ഉണ്ടായിരുന്നപ്പോള്‍ ചെന്നൈയിലായിരുന്നു പരിശീലനം. അദ്ദേഹം പോയപ്പോള്‍ പിന്നീട് തിരുവനന്തപുരത്തായി പരിശീലനം. നാട്ടില്‍ ഉണ്ടാവുമ്പോഴും പരിശീലനം തുടരും. ടീം പരിശീലനത്തിന്റെ സമയത്ത് ടീം ഷെഡ്യൂള്‍ പോലെയായിരിക്കും.

ഭക്ഷണ താത്പര്യങ്ങള്‍ എങ്ങനെയാണ്? ഫിറ്റ്‌നസിന് വേണ്ടി ഇഷ്ട ഭക്ഷണം ഒഴിവാക്കേണ്ടിയൊക്കെ വരുന്നുണ്ടോ?

അതെ, അങ്ങനെയുണ്ട്. എണ്ണയുള്ള ഭക്ഷണത്തെ അകറ്റി നിര്‍ത്തിയിരിക്കുകയാണ്. മീന്‍ ബിരിയാണി ആണ് ഇഷ്ട ഭക്ഷണം. പരിശീലന സമയത്തും ടൂര്‍ണമെന്റ് സമയത്തുമൊക്കെ അതൊക്കെ ഒഴിവാക്കേണ്ടി വരും.

ഇവിടെവരെ എത്തി നില്‍ക്കുമ്പോള്‍, ഏറെ സ്വാധീനിച്ച എന്ന് എടുത്തുപറയാനുള്ള ഒരാളുണ്ടോ?

വലിയ നിലയില്‍ എത്തി എന്നൊന്നും പറയാനായിട്ടില്ല. പക്ഷേ, എപ്പോഴും കളിക്കാന്‍ പ്രചോദനം നല്‍കുന്ന ആളുകള്‍ ഉണ്ടായിട്ടുണ്ട്. എന്റെ ഉമ്മ മരിച്ചതിന് ശേഷമാണ് ഭയങ്കരമായ ഒരു ലക്ഷ്യബോധം മനസിലേക്ക് വന്നത്. അതുവരെ കേരളത്തിന് വേണ്ടി അണ്ടര്‍ 19 ഉം അണ്ടര്‍ 23യും ഒക്കെ കളിച്ചോണ്ടിരിക്കുകയായിരുന്നു. 2015 ഫെബ്രുവരി രണ്ടിന് ഉമ്മ മരിച്ചു. 2015 നവംബര്‍ 15നാണ് ഞാന്‍ രഞ്ജി ട്രോഫിയില്‍ കന്നി മത്സരത്തിനിറങ്ങുന്നത്. ആ ഒരു ആറ് മാസത്തില്‍ മനസ് ഭയങ്കരമായി പറയുന്ന ഒന്ന് രണ്ട് കാര്യങ്ങളുണ്ടായിരുന്നു. കളിക്കണം, കളിച്ച് ഉമ്മാന്റെ പേര് മീഡിയകളോട് പറയണം എന്നൊക്കെ.

അങ്ങനെ വളരെ സ്വാധീനിച്ച ഒരാളാണ് ഉമ്മ. ചെറുപ്പം മുതലേ ഉള്ള ഉമ്മയുടെ താത്പര്യം കൊണ്ടാണ് പതിനാറാമത്തെ വയസില്‍ ഞാന്‍ കെ.സി.എയുടെ അക്കാദമിയില്‍ ചേരുന്നത്. കോട്ടയത്ത് രണ്ടും കൊച്ചിയില്‍ അഞ്ചുമായി ഏഴ് വര്‍ഷം അക്കാദമിയില്‍ ഉണ്ടായിരുന്നു. അവിടെ നിന്നാണ് കളിയുടെ ഡെവലപ്‌മെന്റ് ഉണ്ടാവുന്നത്. ഉമ്മ ഇപ്പോള്‍ കാണാനില്ല എന്നൊരു സങ്കടം മാത്രമേ ഉള്ളൂ. അവര്‍ കാണുന്നുണ്ടാകും, പക്ഷേ നമ്മുടെ വിജയം കാണുമ്പോള്‍ അവരുടെ മുഖത്തുണ്ടാകുന്ന ഒരു സന്തോഷമില്ലേ, അതാണ് നമ്മുടെ തൃപ്തി. അത് കാണാന്‍ പറ്റുന്നില്ല എന്ന ഒരു വിഷമം മാത്രമേ ഉള്ളൂ.

സഹോദരങ്ങളുടെയും പിന്തുണ ഉണ്ടായിരുന്നില്ലേ?

എല്ലാ ജ്യേഷ്ടന്‍മാരും നല്ലപിന്തുണ നല്‍കുന്നവരാണ്. ഉമ്മ മരിച്ചതിന് ശേഷം ഉനൈസ് എന്ന ജ്യേഷ്ടനാണ് എന്റെ കാര്യങ്ങള്‍ നോക്കിയത്. സാമ്പത്തികമായും മാനസികമായും ഒക്കെ അദ്ദേഹമാണ് സഹായിക്കുന്നത്. മൂത്ത ജ്യേഷ്ടന്‍ കമറുദ്ദീനാണ് അസ്ഹറുദ്ദീന്‍ എന്ന പേരിട്ടത്. ഒരു ഘട്ടത്തിലും കളിക്കാന്‍ പോകേണ്ടെന്ന് ആരും പറഞ്ഞില്ല. ഏറ്റവും കൂടുതല്‍ ആളുകള്‍ സ്ട്രഗിള്‍ ചെയ്യുന്നത് വീട്ടില്‍ നിന്നുള്ള പിന്തുണ ഇല്ലാത്തത് കൊണ്ടാണ്. കളിക്ക് പിറകേ പോയാല്‍ ഭാവി എന്താകും എന്ന ആശങ്ക കൊണ്ട് വീട്ടുകാര്‍ സമ്മതിക്കണമെന്നില്ല. തീര്‍ച്ചയായും എനിക്ക് വീട്ടില്‍ നിന്ന് നല്ല പിന്തുണയാണ് ലഭിച്ചത്. അതേപോലെ ഉമ്മ മരിച്ചതിന് ശേഷം ജ്യേഷ്ടന്‍മാരുടെ ഭാര്യമാരാണ് എന്നെ നോക്കിയതൊക്കെ.

ഇത്രയും കാലത്തെ കരിയറിനിടയില്‍ എപ്പോഴും ഓര്‍ത്തുവയ്ക്കാവുന്ന എന്തെങ്കിലും സന്ദര്‍ഭമോ സംഭവങ്ങളോ ഉണ്ടായിട്ടുണ്ടോ?

ഇത്രയും വര്‍ഷത്തിനിടയില്‍ എനിക്ക് ജീവിതകാലം മുഴുവന്‍ ഓര്‍ത്തുവയ്ക്കാനുള്ള ഒന്നാണ് വീരുഭാജി എന്റെ ബാറ്റിങ്ങിനെപ്പറ്റി ട്വീറ്റ് ചെയ്തത്. ചെറുപ്പം മുതലേ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ സാറിന്റെയും വീരുഭാജിയുടെയുമൊക്കെ ബാറ്റിങ് കണ്ട് ത്രില്ലടിച്ചിട്ടുണ്ട്. സച്ചിന്‍ ഒരു ഭാഗത്ത് ക്ലാസായി കളിക്കും, ഇപ്പുറത്ത് വീരുഭാജി നാലടി, എവിടെ എറിഞ്ഞാലും അടി. അവര്‍ക്ക് എന്റെ മനസിലെ സ്ഥാനം വളരെ വലുതാണ്. അങ്ങനെയുള്ള ഒരാള്‍ എന്നെപ്പറ്റി പറഞ്ഞപ്പോള്‍ പറഞ്ഞറിയിക്കാനാവാത്ത സന്തോഷമാണുണ്ടായത്.

സെവാഗിന്റെ ബാറ്റിങ്ങിനെപ്പറ്റി പറഞ്ഞു. അസ്ഹറിന്റെ ബാറ്റിങ് നോക്കുമ്പോഴും ഒരു അറ്റാക്കിങ് ശൈലി തന്നെയാണ് കാണുന്നത്?.

പണ്ടേ അങ്ങനെയാണ്. പൊതുവേ സ്വഭാവത്തിലും എല്ലാം പെട്ടെന്ന് ചെയ്യണം, പെട്ടെന്ന് തീര്‍ക്കണം എന്ന സ്വഭാവക്കാരനാണ്.

കളിയില്‍ പ്രചോദനമായ താരങ്ങളുണ്ടോ?

ഒരാളുടെയും കളി ഞാന്‍ അനുകരിച്ചിട്ടില്ല. അവരെപ്പോലെ ബാറ്റ് ചെയ്യണം എന്നും ആഗ്രഹിച്ചിട്ടില്ല. പക്ഷേ, കളിയില്‍ എന്നെ ഏറ്റവുമധികം സ്വാധീനിച്ചിട്ടുള്ളത് സഞ്ജു ഭായ് (സഞ്ജു സാംസണ്‍) ആണ്. പുള്ളിയുടെ എത്തിക്‌സ്, ആത്മവിശ്വാസം, ടൂര്‍ണമെന്റിനെയും മാച്ചിനെയും സമീപിക്കുന്ന രീതി, ബോളര്‍മാരെ സമീപിക്കുന്ന രീതി, ഗ്രൗണ്ടിലെ ശരീരഭാഷ അതൊക്കെ എന്നെ പ്രചോദിപ്പിച്ചിട്ടുണ്ട്.

സഞ്ജു അണ്ടര്‍ 14 ഓ അണ്ടര്‍ 16 ഓ കേരളത്തിന് വേണ്ടി കളിച്ചപ്പോള്‍ 900 റണ്‍സിനടുത്ത് നേടിയ വര്‍ഷമുണ്ടായിരുന്നു. അന്ന് പത്രത്തിലൊക്കെ കേരളത്തിന്റെ സഞ്ജു എന്നൊക്കെ പറഞ്ഞുവന്നു. നാട്ടിലെ ടി.സി.സി ക്ലബ്ബിലെ റീഡിങ് റൂമിലിരുന്ന് ആ പത്രവാര്‍ത്ത വായിച്ച ഓര്‍മ ഉണ്ട്. അന്നുമുതലേ സഞ്ജുവിന്റെ പേര് കേട്ടുകൊണ്ടിരിക്കുന്നതിനാല്‍ ഞാന്‍ അറിയാതെ തന്നെ അദ്ദേഹത്തില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടു. പിന്നീട് അദ്ദേഹത്തിന്റെ കൂടെതന്നെ കളിക്കാനായി.

ശ്രീശാന്തുമായുള്ള അനുഭവം?

ടീമിനാണെങ്കിലും എനിക്ക് വ്യക്തിപരമാണെങ്കിലും അദ്ദേഹം ഭയങ്കര പോസിറ്റീവായിട്ടുള്ള ആളാണ്. എനിക്ക് മാനസികമായി ഉള്‍പ്പെടെ ഭയങ്കര ശക്തി പകര്‍ന്ന ഒരാളാണ്. മുഷ്താഖലി ടൂര്‍ണമെന്റിന് എത്തുന്നതിന് മുന്‍പ് അദ്ദേഹം പലകാര്യങ്ങളും പറഞ്ഞു തന്നു. അത് എന്റെ ആത്മവിശ്വാസം വളര്‍ത്തിയിട്ടുണ്ട്.

ഇഷ്ട താരം ആരാണ്?

അങ്ങനെ ഒരാള്‍ ഇല്ല. സച്ചിന്‍ തെണ്ടുല്‍ക്കര്‍ സാറിനോട് ഭയങ്കര താല്‍പര്യമുണ്ടായിരുന്നു. പിന്നെ കുറച്ചുപേരുടെ ബാറ്റിങ് ഇഷ്ടമാണ്. ഗില്‍ക്രിസ്റ്റ്, ജെയ്‌സണ്‍ റോയ്, വിരാട് കോഹ്‌ലി അങ്ങനെ നാലഞ്ച് പേരുടെ ബാറ്റിങ് ശൈലി ഒക്കെ ഇഷ്ടമാണ്.

ഹോബീസ് എന്താണ്?

കളി മാറ്റിനിര്‍ത്തിയാല്‍ പുസ്തകം വായിക്കും. പിന്നെ ബൈക്ക്, കാര്‍ ഡ്രൈവിങ്ങും റൈഡിങ്ങും ഇഷ്ടമാണ്. ഭക്ഷണ തല്‍പരനാണ്. നാട്ടിലാണെങ്കില്‍ മംഗളൂരുവിലൊക്കെ പോയി പ്രത്യേക മീന്‍ വിഭവങ്ങള്‍ കഴിക്കും. പുറത്താണെങ്കില്‍ അവിടുത്തെ ഭക്ഷണങ്ങള്‍ പരീക്ഷിക്കും.

മുഷ്താഖലി ടൂര്‍ണമെന്റിലെ വേഗം കൂടിയ രണ്ടാമത്തെ സെഞ്ചുറി ആണല്ലോ അസ്ഹറുദ്ദീന്‍ നേടിയത്. റിഷഭ് പന്തിന്റെ റെക്കോര്‍ഡ് മറികടക്കല്‍ അഞ്ച് ബോളിനാണ് നഷ്ടമായത്. അതില്‍ വിഷമം തോന്നിയോ?

അത് അറിഞ്ഞിരുന്നെങ്കില്‍ ഞാനൊരു കൈ നോക്കിയേനേ. ഞാന്‍ എന്റെ സ്‌കോര്‍ അറിഞ്ഞത് തന്നെ 92 ആയപ്പോഴാണ്. സഞ്ജുവാണ് എന്റടുത്ത് വന്ന് 92 ആയെന്നും നൂറിലേക്ക് അടുപ്പിക്കാന്‍ നോക്കെന്നും വേറൊന്നും ആലോചിക്കേണ്ടെന്നും പറഞ്ഞത്. അപ്പോള്‍ ഒരു സിക്‌സര്‍ അടിച്ച് ഞാന്‍ സഞ്ജുവിനോട് ചോദിച്ചു? ഇനി രണ്ട് സിംഗിള്‍ എടുത്താല്‍ എങ്ങനെ ഉണ്ടാവുമെന്ന്. ഇങ്ങനെ ഒരു റെക്കോര്‍ഡിനെപ്പറ്റി അറിഞ്ഞിരുന്നില്ല. സങ്കടമൊന്നുമില്ല. 37 ബോളില്‍ 100 എന്ന് പറയുന്നത് നല്ലൊരു നേട്ടം തന്നെയാണ്. അതിന് ദൈവത്തോട് നന്ദി പറയുന്നു.

ക്രിക്കറ്റിനോടുള്ള താല്‍പര്യം ചെറുപ്പം മുതലേ ഉള്ളതാണോ?

എന്റെ നാടായ തളങ്കര എന്ന പ്രദേശം തന്നെ ക്രിക്കറ്റിനെ നെഞ്ചേറ്റിയ നാടാണ്. വീട്ടിലെ എല്ലാവരും ലീഗ് മാച്ചിലൊക്കെ കളിച്ചിരുന്നവരാണ്. അതുകൊണ്ട് തന്നെ ക്രിക്കറ്റ് ജന്മനാ തന്നെ കിട്ടിയപോലെയാണ്. സ്‌കൂളില്‍ നിന്നു വന്ന് ബാഗ് എറിഞ്ഞ് വസ്ത്രം മാറി ഒരുപോക്കാണ്, കളിക്കാന്‍. അഞ്ചാം ക്ലസില്‍ പഠിക്കുമ്പോഴാണ് കാസര്‍കോട് ജില്ലയ്ക്ക് വേണ്ടി അണ്ടര്‍ 13 കളിക്കുന്നത്. കാസര്‍കോട് ആണ് എന്റെ ഫൗണ്ടേഷന്‍. അവിടെ നിന്നാണ് ഞാന്‍ ഉയര്‍ന്നുവന്നത്.

[caption id="attachment_923070" align="aligncenter" width="630"] മുഹമ്മദ്‌ അസ്ഹറുദ്ദീന്റെ കുട്ടിക്കാലം. ഇടത്ത് നിന്ന് രണ്ടാമതുള്ളതാണ് അസ്ഹറുദ്ദീൻ[/caption]

എന്തെങ്കിലും പ്രത്യേക ആഗ്രഹങ്ങളുണ്ടോ?

അങ്ങനെ പ്രത്യേകിച്ച് ഒന്നുമില്ല. പിന്നെ ചെറുപ്പം മുതലേ ഉള്ള ഒരു ആഗ്രഹമാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ കാണണമെന്നത്. അത് ഏത് കാലത്തു നടക്കും, നടക്കുമോ ഇല്ലയോ എന്നൊന്നും അറിയില്ല. ക്രിക്കറ്റേഴ്‌സിനെ കാണുക എന്നത് നടക്കുന്ന സംഭവമാണ്. നിലവില്‍ കളിച്ചുകൊണ്ടിരിക്കുന്ന പലരേയും കണ്ട് സംസാരിക്കാനായി. ലോകത്ത് തന്നെ വലിയ നിലയിലുള്ള അദ്ദേഹത്തെ കാണുക എന്നതിനപ്പുറം വേറൊന്നും ആഗ്രഹിക്കാനില്ല.

ഫുട്‌ബോള്‍ കൃത്യമായി കാണുന്ന ആളാണോ?

പ്രീമിയര്‍ ലീഗുകളൊന്നും കാണാറില്ല. ലോക കപ്പ് കാണും. ക്രിസ്റ്റ്യാനോയുടെ മാച്ച് ഉണ്ടെങ്കില്‍ എങ്ങനെയെങ്കിലും ഹൈലൈറ്റ്‌സോ മറ്റോ ആയി കാണും.

കേരളത്തില്‍ നിന്നുള്‍പ്പെടെ പുതുതായി ടീമിലെത്താന്‍ ആഗ്രഹിക്കുന്നവരോട് എന്താണ് പറയാനുള്ളത്?

നമ്മുടെ കഴിവിന് അനുസരിച്ച് കളിക്കുക. ആരെയും ആകര്‍ഷിക്കാനോ സെലക്ഷന് വേണ്ടിയോ കളിക്കരുത്. കളിയോടുള്ള പാഷന് വേണ്ടി കളിക്കുക. മനസിനകത്തുള്ള കളി പുറത്തെടുക്കുക.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പി.വി അന്‍വര്‍ ഡി.എം.കെയിലേക്ക്?; ചെന്നൈയിലെത്തി നേതാക്കളെ കണ്ടു

Kerala
  •  2 months ago
No Image

വരും ദിവസങ്ങളില്‍ സംസ്ഥാനത്ത് മഴ കനക്കും; വിവിധ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് 

Kerala
  •  2 months ago
No Image

ചട്ടം ഇരുമ്പ് ഉലക്കയൊന്നുമല്ലല്ലോ, പിണറായിക്ക് ഇളവ് നല്‍കി; പ്രായപരിധി നിബന്ധനയ്‌ക്കെതിരെ ജി സുധാകരന്‍

Kerala
  •  2 months ago
No Image

ആകാശവാണി മുന്‍ വാര്‍ത്താ അവതാരകന്‍ എം രാമചന്ദ്രന്‍ അന്തരിച്ചു

Kerala
  •  2 months ago
No Image

കോഴിക്കോട് നടുവണ്ണൂരില്‍ 15കാരനെ കാണാതായതായി പരാതി

Kerala
  •  2 months ago
No Image

കെ.എസ്.ആര്‍.ടി.സി ബസ്സും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം

Kerala
  •  2 months ago
No Image

ബലാത്സംഗക്കേസ്: ചോദ്യം ചെയ്യലിനായി ഹാജരാകാമെന്നറിയിച്ച് നടന്‍ സിദ്ദിഖ്; നോട്ടിസ് നല്‍കി വിളിപ്പിച്ച ശേഷം മൊഴിയെടുക്കുമെന്ന് അന്വേഷണസംഘം

Kerala
  •  2 months ago
No Image

അമേഠി കൂട്ടകൊലപാതകം; അധ്യാപകന്റെ ഭാര്യയുമായി ബന്ധമുണ്ടായിരുന്നെന്ന് പ്രതി, രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ കാലിന് വെടിവെച്ച് പൊലിസ്

National
  •  2 months ago
No Image

കെ.സുരേന്ദ്രന് ആശ്വാസം; മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസില്‍ മുഴുവന്‍ പ്രതികളും കുറ്റവിമുക്തര്‍

Kerala
  •  2 months ago
No Image

 ഇറാന്റെ ആണവകേന്ദ്രങ്ങള്‍ തകര്‍ക്കുകയാണ് ഇസ്‌റാഈല്‍ ആദ്യം ചെയ്യേണ്ടത്; ബൈഡനെ തള്ളി ട്രംപ്

International
  •  2 months ago