കൊവിഡ് ബാധിച്ച യുവതിക്ക് ചികിത്സ നിഷേധിച്ചു, പ്രസവിച്ചത് റോഡരികിൽ
ഹൈദരാബാദ്
കൊവിഡിനെ തുടർന്ന് ചികിത്സ നിഷേധിക്കപ്പെട്ട ആദിവാസി യുവതി പ്രസവിച്ചത് വഴിയരികിൽ. ബനാല ഗ്രാമത്തിലെ ബൽമൂർ മണ്ഡലത്തിലെ ആദിവാസി ചെൻചു വിഭാഗത്തിലെ നിമ്മല ലാലമ്മ എന്ന യുവതിക്കാണ് ദുരനുഭവമുണ്ടായത്. തെലങ്കാനയിൽ നാഗർകുർനൂൽ ജില്ലയിലാണ് സംഭവം. ഇതുമായി ബന്ധപ്പെട്ട ഡ്യൂട്ടി ഡോക്ടർ ഉൾപ്പെടെ രണ്ടുപേരെ സസ്‌പെൻഡ് ചെയ്തു. അച്ചംപേട്ട് സാമൂഹികാരോഗ്യ ആശുപത്രിയിൽ ചൊവ്വാഴ്ചയാണ് മനുഷ്യത്വരഹിതമായ സംഭവം അരങ്ങേറിയത്. പ്രസവ വേദനയോടെ ആശുപത്രിയിലെത്തിച്ച യുവതിക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ആശുപത്രി സൂപ്രണ്ട് ഡോ. കൃഷ്ണ, ഡ്യൂട്ടി ഡോക്ടർ ഹരി ബാബു എന്നിവർ ചേർന്ന് ചികിത്സ നിഷേധിക്കുകയായിരുന്നു. ആശുപത്രിയിൽ പി.പി.ഇ കിറ്റോ മറ്റോ ഉണ്ടായിരുന്നില്ല. ഇവരോട് മറ്റു ആശുപത്രിയിൽ ചികിത്സ തേടാനും നിർദേശിച്ചു. ഇതോടെ ആശുപത്രി ഗേറ്റിനു പുറത്ത് യുവതി പ്രസവിക്കുകയായിരുന്നു. ആരോഗ്യ മന്ത്രി ടി. ഹരീഷ് റാവു ജില്ലയിലെ കൊല്ലപൂരിൽ 50 കട്ടിലുകളുള്ള കുടുംബാരോഗ്യ കേന്ദ്രം ഉദ്ഘാടനം ചെയ്തതിനു പിന്നാലെയാണ് സംഭവം. വിവരമറിഞ്ഞ ഉടനെ മന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടു. ബുധനാഴ്ച പ്രാഥമികാന്വേഷണം നടത്തി രണ്ടു ഡോക്ടർമാരെ സസ്‌പെൻഡ് ചെയ്യുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."