നടിയെ ആക്രമിച്ച കേസില്‍ ഇന്ന് വഴിത്തിരിവ്: മൊബൈല്‍ ഫോണുകള്‍ ഇന്ന് ഹാജരാക്കും
കൊച്ചി: നടിയെ ആക്രമിച്ച സംഭവത്തില്‍ ഇന്ന് കേസിനും ദിലീപിനും നിര്‍ണായക ദിനം. പല കാര്യങ്ങളിലും ഇന്ന് തീരുമാനമുണ്ടായേക്കും. കേസില്‍ നിര്‍ണായക തെളിവുകളായ മൊബൈല്‍ ഫോണുകള്‍ ഇന്ന് ഹൈക്കോടതിയില്‍ ഹാജരാക്കും. രാവിലെ പത്തേകാലിന് മുമ്പായി ആറു മൊബൈല്‍ ഫോണുകളും രജിസ്ട്രാര്‍ ജനറലിന് മുന്നില്‍ ഹാജരാക്കാനാണ് കോടതി നിര്‍ദേശിച്ചിരിക്കുന്നത്.
മുന്‍ഭാര്യ മഞ്ജുവാരിയറുമായുള്ള സ്വകാര്യ സംഭാഷണമുള്ളതിനാല്‍ മൊബൈല്‍ നല്‍കാനാവില്ലെന്നായിരുന്നു ദിലീപിന്റെ വാദം. ഇതു സംബന്ധിച്ച് അന്വേഷണസംഘം മഞ്ജുവിനോടും വിശദീകരണം ചോദിച്ചിരുന്നുവെന്നും അത്തരത്തില്‍ സംഭാഷണങ്ങളൊന്നുമില്ലെന്ന തരത്തിലാണ് അവര്‍ മറുപടി നല്‍കിയതെന്നുമുള്ള വാര്‍ത്തകളും പുറത്തുവന്നിരുന്നു. അങ്ങനെയെങ്കില്‍ ദിലീപിന്റെ മറ്റൊരു കള്ളംകൂടി തെളിയും.
ദിലീപ് ഉപയോഗിച്ച മൂന്ന് ഫോണുകള്‍, അനിയന്‍ അനൂപിന്റെ കൈവശമുള്ള രണ്ട് ഫോണുകള്‍, മറ്റൊരു ബന്ധുവിന്റെ കൈവശമുള്ള ഒരു ഫോണ്‍ എന്നിവയാണ് മുദ്രവെച്ച കവറില്‍ സമര്‍പ്പിക്കേണ്ടത്. ദിലീപ് തന്നെ സ്വകാര്യ ഫോറന്‍സിക് പരിശോധനയ്ക്കായി മുംബൈയിലേക്കയച്ച രണ്ട് ഫോണുകള്‍ ഇന്നലെ രാത്രി കൊച്ചിയില്‍ തിരിച്ചെത്തിച്ചിട്ടുണ്ട്. ദിലീപിന്റേയും കൂട്ടു പ്രതികളുടെയും മുന്‍കൂര്‍ ജാമ്യാപേക്ഷയും ഫോണ്‍ ഹാജരാക്കണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ സമര്‍പ്പിച്ച ഉപഹര്‍ജിയും ഉച്ചയ്ക്ക് 1.45 ന് സിംഗിള്‍ ബെഞ്ച് പരിഗണിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."