കര്‍ഷക സമരത്തിന് ശക്തി പകരാന്‍ പ്രതിപക്ഷം; രാഷ്ട്രപതിയുടെ പ്രസംഗം ബഹിഷ്‌കരിക്കും
ന്യൂഡല്‍ഹി: വിവാദമായ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാന്‍ തയാറാവാത്ത കേന്ദ്ര സര്‍ക്കാരിനെതിരേ പാര്‍ലമെന്റില്‍ പ്രതിഷേധമുയര്‍ത്താന്‍ പ്രതിപക്ഷ കക്ഷികള്‍. കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങളില്‍ പ്രതിഷേധിച്ച് പാര്‍ലമെന്റിലെ ബജറ്റ് സമ്മേളനത്തില്‍ രാഷ്ട്രപതിയുടെ പ്രസംഗം ബഹിഷ്‌കരിക്കുമെന്ന് 16 പ്രതിപക്ഷ പാര്‍ട്ടികള്‍ തീരുമാനിച്ചു. ഇന്ന് പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിലാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ ഇക്കാര്യം അറിയിച്ചത്.
സര്‍ക്കാര്‍ പാസാക്കിയ മൂന്നു നിയമങ്ങളും പിന്‍വലിക്കണമെന്നാണ് തങ്ങളുടെ ആവശ്യമെന്നും സമരം ചെയ്യുന്ന കര്‍ഷകര്‍ക്ക് പിന്തുണ നല്‍കുമെന്നും പ്രതിപക്ഷ കക്ഷികള്‍ പ്രസ്താവനയില്‍ അറിയിച്ചു.
കോണ്‍ഗ്രസ്, ശിവസേന, എന്‍.സി.പി, ഡി.എം.കെ, ടി.എം.സി, എസ്.പി, ആര്‍.ജെ.ഡി, സി.പി.ഐ, സി.പി.എം, പി.ഡി.പി തുടങ്ങിയ പാര്‍ട്ടികളാണ് പ്രസ്താവനയിറക്കിയത്.
കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നിയമം സംസ്ഥാനങ്ങളുടെ അധികാരത്തിന്‍മേലുള്ള കടന്നു കയറ്റമാണെന്നും ഭരണഘടനയുടെ മൂല്യങ്ങളെ തകര്‍ക്കുന്നതാണെന്നും നേതാക്കള്‍ ചൂണ്ടിക്കാട്ടി. പാര്‍ലമെന്റില്‍ യാതൊരു വിധ ചര്‍ച്ചയും നടത്താതെയാണ് നിയമം പാസാക്കിയതെന്നും പ്രതിപക്ഷത്തെ നോക്കുകുത്തിയാക്കി സ്‌ക്രൂട്ടിനി കമ്മിറ്റിക്ക് പോലും വിടാതെയാണ് നിയമം പാസാക്കിയതെന്നും അവര്‍ ചൂണ്ടിക്കാട്ടി.
രാജ്യത്തെ ജനസംഖ്യയുടെ 60 ശതമാനവും ആശ്രയിക്കുന്ന കാര്‍ഷിക മേഖല, കോടിക്കണക്കിനു കര്‍ഷകരുടെയും തൊഴിലാളികളുടെയും ജീവിതമാര്‍ഗമാണ്. അവകാശത്തിനും നീതിക്കും വേണ്ടി രണ്ടു മാസത്തിലേറെയായി ഡല്‍ഹിയുടെ അതിര്‍ത്തികളില്‍ ലക്ഷക്കണക്കിനു കര്‍ഷകരാണു സമരം ചെയ്യുന്നത്. 155 പേര്‍ക്കു ജീവന്‍ നഷ്ടമായി. എന്നിട്ടും കേന്ദ്രം അനങ്ങാതെ ഇരിക്കുകയാണ്. ജലപീരങ്കിയും കണ്ണീര്‍വാതകവും പ്രയോഗിച്ചും ലാത്തിച്ചാര്‍ജു നടത്തിയും ജനാധിപത്യവിരുദ്ധ രീതിയിലാണു കര്‍ഷകരെ സര്‍ക്കാര്‍ നേരിടുന്നതെന്നും പ്രതിപക്ഷം വിമര്‍ശിച്ചു.
റിപ്പബ്ലിക് ദിനത്തില്‍ കിസാന്‍ പരേഡിനിടെ രാജ്യതലസ്ഥാനം യുദ്ധക്കളമാക്കിയതിനും ചെങ്കോട്ടയില്‍ ഇരച്ചുകയറി രണ്ടിടത്ത് സിഖ് പതാകകള്‍ ഉയര്‍ത്തിയതിനും ഇരുനൂറിലധികം കര്‍ഷകരെ ഡല്‍ഹി പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രക്ഷോഭത്തിന്റെ മുന്‍നിര നേതാക്കളായ ദര്‍ശന്‍പാല്‍, ബല്‍ബീര്‍ സിങ് രജേവാള്‍, രാകേഷ് ടികായത്, ഇവര്‍ക്കു പിന്തുണയുമായി രംഗത്തുള്ള മേധ പട്കര്‍, യോഗേന്ദ്ര യാദവ് തുടങ്ങി 37 പേര്‍ക്കെതിരെ 22 കേസുകള്‍ റജിസ്റ്റര്‍ ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."