കഞ്ചാവ് റെയ്ഡിനിടെ മുളക് സ്‌പ്രേ ആക്രമണത്തില്‍ എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്ക് പരുക്ക്
തൊടുപുഴ: കഞ്ചാവ് റെയ്ഡിനിടെ മുളക് സ്‌പ്രേ അക്രമണത്തില്‍ എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്ക് പരുക്ക്. വണ്ടിപ്പെരിയാര്‍ ടൗണില്‍ രണ്ട് കിലോ കഞ്ചാവുമായി വന്ന കോട്ടയം സ്വദേശികളായ രണ്ട് യുവാക്കളെ വണ്ടിപ്പെരിയാര്‍ എക്‌സൈസ് സംഘം പിടികൂടുന്നതിനിടയിലാണ് ഉദ്യോഗസ്ഥരുടെ നേര്‍ക്ക് മുളക് സ്‌പ്രേ അക്രമണമുണ്ടായത്. കോട്ടയം കല്ലറ സ്വദേശി ഉദയന്‍തറയില്‍ സനല്‍(22), കോട്ടയം ചുങ്കം സ്വദേശി പതിയില്‍പറമ്പില്‍ തോമസ്(21) എന്നിവരാണ് ഉദ്യോഗസ്ഥരെ ആക്രമിച്ചത്. സാഹസികമായ മല്‍പിടുത്തത്തിനൊടുവില്‍ ഉദ്യോഗസ്ഥര്‍ പ്രതികളെ കീഴ്‌പെടുത്തുകയായിരുന്നു. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സുനില്‍രാജ് സി. കെ, സിവില്‍ എക്‌സൈസ് ഒഫിസര്‍ രാജ്കുമാര്‍, രവി, അനീഷ് എന്നിവരുടെ കണ്ണിലാണ് മുളക് സ്‌പ്രേ അടിച്ചത്. പരുക്കേറ്റ ഉദ്യോഗസ്ഥരെ വണ്ടിപ്പെരിയാര്‍ ഗവ. ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പ്രതികളില്‍ നിന്നും രണ്ട് കിലോ കഞ്ചാവും കഞ്ചാവ് കടത്തുവാനുപയോഗിച്ച ബൈക്കും കസ്റ്റഡിയിലെടുത്തു. കോട്ടയം കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പന നടത്തുന്ന സംഘത്തിലെ പ്രമുഖരാണ് പിടിയിലായവര്‍. കഴിഞ്ഞ ഫെബ്രുവരിയില്‍ അരക്കിലോ കഞ്ചാവ് ഷൂവിനുളളില്‍ ഒളിപ്പിച്ച് കടത്തിക്കൊണ്ട് വന്നതിന് സനലിന്റെ പേരില്‍ എക്‌സൈസ് കേസെടുത്തിരുന്നു. ഇയാള്‍ ഇന്നലെ വണ്ടിപ്പെരിയാര്‍ ഭാഗത്ത് കറങ്ങിനടക്കുന്നത് കണ്ട് സംശയം തോന്നി പിന്‍തുടര്‍ന്ന് നടത്തിയ നീക്കത്തിലാണ് പ്രതികള്‍ കുടുങ്ങിയത്. സനലിന്റെ പേരില്‍ കമ്പംമെട്ട് പൊലിസ് സ്റ്റേഷനിലും കഞ്ചാവ് കേസുണ്ട്. തോമസ് നിരവധി കഞ്ചാവ് കേസുകളിലും ക്രിമിനല്‍ കേസുകളിലും പ്രതിയാണ്.വണ്ടിപ്പെരിയാര്‍ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സുനില്‍രാജ് സി. കെയുടെ നേതൃത്വത്തില്‍ നടത്തിയ റെയ്ഡില്‍ പ്രിവന്റിവ് ഒഫിസര്‍മാരായ സേവ്യര്‍ പി. ഡി, രവി വി, സിവില്‍ എക്‌സൈസ് ഒഫിസര്‍മാരായ രാജ്കുമാര്‍.ബി, അനീഷ് ടി. എ, ലിജോ ജോസഫ്, അരുണ്‍ ബി കൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു. പ്രതികളെ ഇന്ന് പീരുമേട് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."