വി.എഫ്.പി.സി.കെയില്‍ പച്ചക്കറികള്‍ കെട്ടിക്കിടക്കുന്നു
കൊടകര: വിറ്റുവരവില്‍ വി.എഫ്.പി.സി.കെ (വെജിറ്റബിള്‍ ആന്‍ഡ് ഫ്രൂട്ട് പ്രൊമോഷന്‍ കൗണ്‍സില്‍ കേരള)യുടെ ജില്ലയിലെ ഏറ്റവും വലിയ മൂന്നാമത്തെ കേന്ദ്രമായ കോടാലിയില്‍ പച്ചക്കറികള്‍ കെട്ടിക്കിടക്കുന്നു. ഇളവന്‍, മത്തന്‍, വെള്ളരി എന്നിവയാണ് വില്‍പ്പന ഇല്ലാത്തതു മൂലം വി.എഫ്.പി.സി.കെ ചന്തയില്‍ കെട്ടിക്കിടക്കുന്നത്. സംസ്ഥാനത്തെ കാര്‍ഷിക വകുപ്പിന്റെ നിയന്ത്രണത്തിലുള്ള ഈ സംവിധാനം പച്ചക്കറി കര്‍ഷകര്‍ക്ക് തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ നേരീട്ട് വ്യാപനം ചെയ്യാനുള്ള കേന്ദ്രമാണ്. ഏതാണ്ട് ആഞ്ചു ടണ്ണോളം ഇളവന്‍, രണ്ടു ടണ്ണോളം മത്തന്‍, ഒന്നര ടണ്ണോളം വെള്ളരി എന്നിവയാണ് ഇന്നലെ ഈ കേന്ദ്രനത്തില്‍ വില്‍പ്പനയാകാതെ ഉള്ളത്. അന്യ സംസ്ഥാനങ്ങളില്‍ നിന്നും ജില്ലയിലെ വിവിധ ചന്തകളില്‍ വില്‍പ്പനക്കായി എത്തുന്ന ഹൈബ്രിഡ് പച്ചക്കറികളാണ് നാടന്‍ പച്ചക്കറികള്‍ കെട്ടികിടക്കാന്‍ സാഹചര്യം സൃഷ്ടിക്കുന്നത് എന്നാണു വി.എഫ്.പി.സി.കെ കോടാലി കേന്ദ്രം പ്രസിഡന്റ് സി.കെ പീതാംബരന്‍ പറഞ്ഞത്. കാല്‍ കിലോ, അര കിലോ തൂക്കത്തില്‍ ഹൈബ്രിഡ് പച്ചക്കറികള്‍ ലഭ്യമാവുമ്പോള്‍ നാടന്‍ പച്ചക്കറികളായ ഇളവന്‍ മത്തന്‍ തുടങ്ങിയവക്ക് ശരാശരി രണ്ടുകിലോ തൂക്കം ഉണ്ടാവും എന്നതാണ് സ്ഥിതി. ഈ സാഹചര്യത്തില്‍ ഗുണം ഏറെയുള്ള നാടന്‍ ഉല്‍പ്പന്നങ്ങള്‍ പുറകോട്ടു പോവുകയാണെന്നാണ് കര്‍ഷകര്‍ പറയുന്നത്.
അത് പോലെ മറ്റു പച്ചക്കറികളും വില്‍പ്പന വിലയില്‍ കഴിഞ്ഞ ഒരാഴ്ചയായി തിരിച്ചടി നേരിടുകയാണ്. 60 മുതല്‍ 62 വരെ വില വന്ന നേന്ത്രക്കായയുടെ ഇന്നലത്തെ വില 55 രൂപയാണ്. പൂവന്‍, കണ്ണന്‍, പാളയംകോടന്‍ കായകള്‍ക്കും ഈ രീതിയില്‍ വിലക്കുറവ് അനുഭവപ്പെട്ടിട്ടുണ്ട്. 50 മുതല്‍ 60 രൂപ വരെ വില വന്ന നാടന്‍ പയറിനു 30 രൂപയായി കുറഞ്ഞിട്ടുണ്ട്. എന്തായാലും ഓണം അടുക്കുന്നതോടെ വില്‍പ്പനയില്‍ പുത്തന്‍ ഉണര്‍വ്വ് ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് കര്‍ഷകര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."