സെപ്റ്റംബര്‍ ഒന്ന് വഞ്ചനാ ദിനമായി അചരിക്കും: യൂത്ത് ലീഗ്
കോഴിക്കോട്: ഇടതു സര്‍ക്കാരിന്റെ നൂറാം ദിനമായ സെപ്റ്റംബര്‍ ഒന്നിന് യൂത്ത്‌ലീഗ് സംസ്ഥാന വ്യാപകമായി വഞ്ചനാദിനമായി അചരിക്കുമെന്ന് നേതാക്കള്‍ പറഞ്ഞു.
ഒന്നിന് പഞ്ചായത്ത്തലത്തില്‍ സായാഹ്‌ന പ്രതിഷേധ ധര്‍ണകള്‍ സംഘടിപ്പിക്കാനും യൂത്ത്‌ലീഗ് സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗം തീരുമാനിച്ചു.
ഭരണത്തിലേറി ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ജനവിരുദ്ധ നയങ്ങള്‍ അടിച്ചേല്‍പ്പിക്കുകയാണ് ഇടതു സര്‍ക്കാര്‍ ചെയ്തത്. സര്‍ക്കാര്‍ തന്നെ കൊലപാതക രാഷ്ട്രീയത്തിന്റെ വക്താക്കളായി മാറി. രണ്ടു മാസത്തിനുള്ളില്‍ 56-ഓളം കൊലപാതകങ്ങള്‍ സംസ്ഥാനത്ത് നടന്നു. മദ്യനിരോധനം അട്ടിമറിച്ച് വീണ്ടും ബാറുകള്‍ തുറക്കുന്നതിനുള്ള അണിയറ നീക്കങ്ങള്‍ തകൃതിയായി നടക്കുന്നു. കുടുംബങ്ങള്‍ക്കിടയിലുള്ള ഭാഗപത്ര രജിസ്‌ട്രേഷനും ഒഴിമുറിക്കും നികുതി വര്‍ധിപ്പിച്ചതു വഴി ഈ മേഖല കടുത്ത പ്രതിസന്ധിയിലായി. ഇടത് ദുര്‍ഭരണത്തിനെതിരേ ശക്തമായ മുന്നറിയിപ്പായിട്ടാണ് സെപ്റ്റംബര്‍ ഒന്നിന് വഞ്ചനാദിനം ആചരിക്കുന്നതെന്ന് സെക്രട്ടേറിയറ്റ് യോഗം കൂട്ടിച്ചേര്‍ത്തു.
മുസ്‌ലിം യൂത്ത്‌ലീഗ് സംസ്ഥാന പ്രസിഡന്റ് പി.എം.സാദിഖലി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സി.കെ.സുബൈര്‍ സ്വാഗതം പറഞ്ഞു.
കെ.എം.അബ്ദുല്‍ഗഫൂര്‍, കെ.പി.താഹിര്‍, സി.പി.എ.അസീസ്, പി.എ.അഹമ്മദ് കബീര്‍, സി.എച്ച്.ഇഖ്ബാല്‍, പി.കെ. ഫിറോസ്, കെ.ടി. അബ്ദുറഹിമാന്‍, അഷറഫ് മടാന്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."