കെ റെയിലിൻ്റെ ആവശ്യകത
വി. അബ്ദുറഹിമാൻ
അടുത്ത 25 വര്‍ഷത്തേക്കുള്ള വികസന കാഴ്ചപ്പാടെന്ന് വിശേഷിപ്പിച്ചാണ് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ ബജറ്റ് അവതരിപ്പിച്ചത്. ജനവിരുദ്ധ നിലപാടുകള്‍ അടിച്ചേല്‍പ്പിക്കുന്നതിന് മറയിടാനുള്ള ശ്രമമായി മാത്രമേ ഈ വാക്കുകളെ കാണാനാകൂ. കേന്ദ്ര നയങ്ങളുടെ കാപട്യവും വികലമായ വികസന കാഴ്ചപ്പാടും ഒന്നുകൂടി വ്യക്തമാക്കുന്നതായിരുന്നു ബജറ്റ്. പൊതുമുതല്‍ വില്‍പന അതിവേഗം നടപ്പാക്കുക, സേവനമേഖലകളില്‍ നിന്ന് പരമാവധി പിന്മാറുക, സാധാരണ ജനങ്ങളെ തീര്‍ത്തും അവഗണിക്കുക എന്നീ നിലപാടുകളുടെ പരസ്യ പ്രഖ്യാപനമാണ് കേന്ദ്ര ധനമന്ത്രി നടത്തിയത്.
കേരളത്തിന്റെ ആവശ്യങ്ങള്‍ക്കു നേരെ ബജറ്റ് തീര്‍ത്തും മുഖംതിരിക്കുകയായിരുന്നു. ഈ നിഷേധാത്മക സമീപനം ഏറ്റവും കൂടുതല്‍ വെളിവാകുന്നത് റെയില്‍വേ വികസന വിഷയങ്ങളിലാണ്. 2017ല്‍ റെയില്‍വേ ബജറ്റ് കേന്ദ്ര ബജറ്റില്‍ ലയിപ്പിച്ചത് ഏറ്റവും പ്രതികൂലമായി ബാധിച്ച സംസ്ഥാനമാണ് കേരളം. അന്നു മുതല്‍ കേരളത്തോടുള്ള അവഗണന കടുത്തു.
ഈ കാലയളവില്‍ പ്രത്യേക പദ്ധതികളോ പുതിയ ലൈനുകളോ ട്രെയിനുകളോ ലഭിച്ചില്ലെന്ന് മാത്രമല്ല, നേരത്തേ പ്രഖ്യാപിച്ചിരുന്നവ പാടെ അവഗണിക്കപ്പെടുകയും ചെയ്തു. പ്രത്യേക സോണ്‍ മുതല്‍ നേമം ടെര്‍മിനലും ആലപ്പുഴ വഴിയുള്ള പാത ഇരട്ടിപ്പിക്കലും ഷൊര്‍ണൂര്‍ മൂന്നാം ലൈനും വരെയുള്ള കേരളത്തിന്റെ ദീര്‍ഘമായ ആവശ്യങ്ങള്‍ നിര്‍ജീവാവസ്ഥയിലാണ്. പല പദ്ധതികളുടെ കാര്യത്തിലും കേന്ദ്രം പറയുന്ന നിബന്ധനകള്‍ അംഗീകരിച്ചാലും അനുകൂലമായി പ്രതികരിക്കാത്ത അവസ്ഥയാണ്. 2010ല്‍ കേരളത്തിന് അനുവദിച്ച കഞ്ചിക്കോട് കോച്ച് ഫാക്ടറി ഇന്നും കടലാസില്‍ ഒതുങ്ങുകയാണ്. നേമം ടെര്‍മിനല്‍, കൊച്ചുവേളി സ്‌റ്റേഷന്‍ വികസനം, എറണാകുളം മാര്‍ഷലിങ്ങ് യാര്‍ഡ് തുടങ്ങിയ പദ്ധതികള്‍ക്ക് തുക വകയിരുത്തുന്ന കാര്യത്തിലും റെയില്‍വേ കടുത്ത അനാസ്ഥയാണ് കാണിച്ചിട്ടുള്ളത്. മരവിപ്പിച്ച അങ്കമാലി-ശബരി പാത പുനരുജ്ജീവിപ്പിക്കണമെന്ന ആവശ്യം ബധിരകര്‍ണ്ണങ്ങളിലാണ് പതിക്കുന്നത്. പദ്ധതിയുടെ പകുതി ചെലവ് വഹിക്കണമെന്നത് കേരളം അംഗീകരിച്ചിട്ടും കേന്ദ്രം തിരിഞ്ഞു നോക്കുന്നില്ല. കേരള റെയില്‍ ഡെവലപ്‌മെൻ്റ് കോര്‍പറേഷന്‍ മുഖേന പദ്ധതി നടപ്പാക്കാന്‍ കേരളം തയാറാണ്. തലശേരി- മൈസൂരു, നിലമ്പൂര്‍-നഞ്ചന്‍കോട് പാതകള്‍ക്ക് റെയില്‍വേയുടെ തത്വത്തിലുള്ള അംഗീകാരത്തിന് കാത്തിരിക്കുകയാണ്. മലബാര്‍ മേഖലയുടെ ഗതാഗതത്തിലും പൊതുവായ വികസനത്തിലും വലിയ മുന്നേറ്റത്തിന് വഴിയൊരുക്കുന്ന ഈ പദ്ധതികളും അനന്തമായി വൈകിപ്പിക്കുകയാണ്.
പൊതുവെ ജനസാന്ദ്രത കൂടിയതും നഗരവല്‍ക്കൃതവുമായ പ്രദേശമാണ് കേരളം. ഈ സാഹചര്യം തിരിച്ചറിഞ്ഞു കൊണ്ടുള്ള ഒരു വികസന സമീപനം റെയില്‍വേ സ്വീകരിക്കുന്നില്ല. കേരളത്തില്‍ യാത്രക്കാരുടെ എണ്ണം അനുദിനം വര്‍ധിക്കുമ്പോഴും അതിനനുസൃതമായി ഒരു സൗകര്യവും വര്‍ധിപ്പിക്കുന്നില്ല. എറണാകുളം സൗത്ത്, കോഴിക്കോട്, തിരുവനന്തപുരം സ്‌റ്റേഷനുകള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുമെന്ന് പ്രഖ്യാപിച്ചതല്ലാതെ ഒന്നും നടന്നില്ല.മൂന്ന് വര്‍ഷം കൊണ്ട് 400 വന്ദേ ഭാരത് ട്രെയിനുകള്‍ ഓടിക്കും എന്ന ബജറ്റ് പ്രഖ്യാപനം കേരളത്തെ സംബന്ധിച്ച് പ്രയോജനപ്പെടാനിടയില്ല. 160 കിലോ മീറ്റര്‍ വേഗതയില്‍ ഈ ട്രെയിനുകള്‍ ഓടുമെന്നാണ് പറയുന്നത്. എന്നാല്‍, കേരളത്തിലെ പാതകളിലെ ശരാശരി വേഗം 95 കിലോ മീറ്ററാണ്. നിലവില്‍ ഈ പാതകളിലൂടെയുള്ള ട്രെയിനുകളുടെ സാന്ദ്രത കൂടുതലായതാണ് കാരണം. അതുകൊണ്ട് തന്നെ ട്രെയിനുകള്‍ക്ക് സമയനിഷ്ഠ പാലിക്കാനും കഴിയുന്നില്ല. കോട്ടയം, ആലപ്പുഴ റൂട്ടുകളിലെ പാതയിരട്ടിപ്പിക്കല്‍ പ്രവൃത്തി അനന്തമായി നീളുന്നത് സംസ്ഥാനത്തെ ട്രെയിന്‍ ഗതാഗതത്തെ ഏറെ പിന്നോട്ടടിപ്പിച്ചിട്ടുണ്ട്. ട്രെയിന്‍ സാന്ദ്രത കൂടുതലായതിനാല്‍ പുതിയ ട്രെയിനുകള്‍ കേരളത്തിന് അനുവദിക്കാന്‍ സാധ്യതയില്ല. അതുകൊണ്ടുതന്നെ വന്ദേ ഭാരത് അനുവദിക്കുന്ന കാര്യം സംശയമാണ്.
സംസ്ഥാനത്തെ പ്രത്യേക സാഹചര്യവും നിലവിലെ റെയില്‍വേ വികസനത്തില്‍ കേരളത്തോടുള്ള സമീപനവും കണക്കിലെടുക്കുമ്പോള്‍ സില്‍വര്‍ ലൈന്‍ പോലുള്ള പദ്ധതികളാണ് അനുയോജ്യം. നമ്മുടെ നാട്ടിലെ ഗതാഗത പ്രതിസന്ധിക്ക് സില്‍വര്‍ലൈന്‍ വലിയൊരു പരിഹാരമാകും. നിലവിലെ റോഡ് ഗതാഗത തിരക്ക്, അപകടങ്ങള്‍ എന്നിവ കുറയ്ക്കാനും വഴിയൊരുക്കും. സില്‍വര്‍ലൈനിലൂടെ നാല് മണിക്കൂര്‍ കൊണ്ട് തിരുവനന്തപുരത്ത് നിന്ന് കാസര്‍കോട് എത്താനാകുമെന്നതാണ് പ്രധാന സവിശേഷത. കേരളത്തിന്റെ സ്വപ്‌നപദ്ധതിക്ക് തടയിടാന്‍ വലിയ ഗൂഢാലോചനകളാണ് നടക്കുന്നത്. കഴിഞ്ഞദിവസം കേന്ദ്ര റെയില്‍വേ മന്ത്രി ലോക്‌സഭയില്‍ സില്‍വര്‍ ലൈനുമായി ബന്ധപ്പെട്ട് നല്‍കിയ മറുപടികള്‍ വളച്ചൊടിക്കാന്‍ നടത്തിയ നീക്കം നാടിന്റെ വികസനത്തെ തടസപ്പെടുത്തുന്നവരുടെ സൃഷ്ടിയാണ്.
സില്‍വര്‍ലൈനിനായി കേരള റെയില്‍ ഡെവലപ്‌മെന്റ് കോര്‍പറേഷന്‍ സമര്‍പ്പിച്ച ഡി.പി.ആര്‍ പരിഗണനയിലാണെന്നാണ് കേന്ദ്രമന്ത്രി മറുപടി നല്‍കിയത്. തത്വത്തില്‍ കേന്ദ്രം അംഗീകരിച്ച പദ്ധതിയാണ് സില്‍വര്‍ലൈന്‍. അതിന് അനുസരിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ കെ റെയിലിനു കീഴില്‍ പുരോഗമിക്കുകയാണ്. സാങ്കേതിക-സാമ്പത്തിക വശങ്ങള്‍ പരിഗണിച്ചാകും അന്തിമ അഗീകാരം എന്നും കേന്ദ്രമന്ത്രി വ്യക്തമാക്കിയിരുന്നു. സാമൂഹികാഘാത പഠനത്തിനായി കേരള സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ടെന്നും മന്ത്രി രേഖാമൂലം നല്‍കിയ മറുപടിയിലുണ്ട്. പുരോഗമനപരമായി ചിന്തിക്കുന്നവര്‍ക്ക് നിക്ഷിപ്ത താല്‍പര്യങ്ങളുടെ പേരില്‍ സില്‍വര്‍ലൈന്‍ പദ്ധതിയെ എതിര്‍ക്കാന്‍ കഴിയില്ല. വികസനപാതയില്‍ സംസ്ഥാനത്തെ ബഹുദൂരം മുന്നോട്ടു കൊണ്ടുപോകാന്‍ സില്‍വര്‍ലൈനിന് സാധിക്കുമെന്നും നിസംശയം പറയാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."