HOME
DETAILS

കൊവിഡ് പരത്തുന്നവര്‍ ഇവരാണ്, ഈ രാഷ്ട്രീയക്കാര്‍

  
backup
February 06 2021 | 21:02 PM

3564656352-2021

 


കഴിഞ്ഞദിവസം ഒരു സുഹൃത്ത് അയച്ചുതന്ന വാട്‌സ്ആപ് സന്ദേശത്തിലെ വരികള്‍ ഇങ്ങനെയാണ്:
'സഊദി അറേബ്യ അതിര്‍ത്തികള്‍ അടച്ചു. വിദേശത്തുനിന്നും വിദേശത്തേയ്ക്കുമുള്ള വിമാനസര്‍വിസുകള്‍ നിര്‍ത്തിവച്ചു. സ്‌പെയിനില്‍ നിലവിലുള്ള അടിയന്തരാവസ്ഥ മാര്‍ച്ച് വരെ നീട്ടി. യു.കെയും ജര്‍മനിയം ഒരു മാസത്തേയ്ക്കും ഫ്രാന്‍സ് രണ്ടാഴ്ചത്തേയ്ക്കും ലോക്ക്ഡൗണ്‍ നീട്ടി...


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ പശ്ചാത്തലത്തിലാണ് ഈ രാജ്യങ്ങളൊക്കെ ഇത്തരം നിലപാടുകളിലെത്തിയത്. രണ്ടാംവരവ് ആദ്യത്തേതിനേക്കാള്‍ രൂക്ഷമായിരിക്കുമെന്നാണ് ലോകാരോഗ്യ സംഘടനയിലേതുള്‍പ്പെടെയുള്ള വിദഗ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്. മറ്റു രാജ്യങ്ങളിലും ദേശങ്ങളിലും ഇതൊക്ക നടക്കുമ്പോള്‍ നമ്മുടെ രാജ്യത്തോ എന്ന ചോദ്യം പ്രസക്തം. അതിനേക്കാള്‍ പ്രസക്തം ആരോഗ്യപരിപാലന രംഗത്തു ലോകത്തിനു മാതൃകയെന്ന് അഭിമാനിക്കുന്ന നമ്മുടെ സംസ്ഥാനത്തെ അവസ്ഥയെന്ത് എന്നതാണ്.
ദിവസങ്ങള്‍ക്കു മുന്‍പു പുറത്തിറങ്ങിയ പഠനറിപ്പോര്‍ട്ട് അനുസരിച്ച് കൊവിഡ് വ്യാപനം ഏറ്റവും കൂടിയ ഇന്ത്യയിലെ പത്തു ജില്ലകളില്‍ ഏഴും കേരളത്തിലാണ്. ബാക്കി മൂന്നെണ്ണം മഹാരാഷ്ട്രയിലും. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും കൊവിഡ് വ്യാപനത്തോത് കുറഞ്ഞുകൊണ്ടിരിക്കുമ്പോള്‍ കേരളത്തില്‍ അതു ഭീകരമായി കൂടുന്നു. ഇന്ത്യയില്‍ പ്രതിദിനം ഉണ്ടായിക്കൊണ്ടിരിക്കുന്ന കൊവിഡ് രോഗികളില്‍ പകുതിയും കേരളത്തിലുള്ളവരാണ്. എന്നുവച്ചാല്‍, കേരളത്തിലെ കൊവിഡ് നിയന്ത്രണസംവിധാനം അപമാനകരമാണ്.
ഇത് എന്തുകൊണ്ട്? ഇതില്‍ ആരാണു കുറ്റക്കാര്‍? ഈ രണ്ടു ചോദ്യവും കേരളത്തിലെ ഇടത്തും വലത്തും നില്‍ക്കുന്ന രാഷ്ട്രീയക്കാര്‍ നിരന്തരം ചോദിക്കുകയും തങ്ങളുടെ രാഷ്ട്രീയ എതിരാളിക്കുനേരേ വിരല്‍ചൂണ്ടുകയും ചെയ്യുന്നുണ്ട്. രാഷ്ട്രീയ ഗോദയില്‍ ജയമുറപ്പിക്കാന്‍ അവര്‍ അതും അതിലപ്പുറവും ചെയ്യും. അതിലല്ല നമ്മുടെ ശ്രദ്ധ പതിയേണ്ടത്. എന്തുകൊണ്ടിങ്ങനെ സംഭവിച്ചു? രണ്ടാംവരവില്‍ കൂടുതല്‍ അപകടകാരിയാകുമെന്നു ലോകം ഭയക്കുന്ന കൊവിഡില്‍നിന്നു നാടിനെ മുക്തമാക്കാന്‍ എന്താണ് ഉപായം?


കൊവിഡ് നിയന്ത്രണവുമായി ബന്ധപ്പെട്ടു കഴിഞ്ഞദിവസം മുഖ്യമന്ത്രി കൂടി പങ്കെടുത്ത വിശകലനയോഗത്തില്‍ ആരോഗ്യവകുപ്പ് ചില കണക്കുകള്‍ നിരത്തിയതും നിര്‍ദേശങ്ങള്‍ വച്ചതും ഇവിടെ പരാമര്‍ശിക്കേണ്ടതുണ്ട്. ഇന്ത്യയില്‍ ആദ്യമായി കൊവിഡ് തിരനോട്ടം നടത്തിയ കേരളത്തില്‍ വളരെ ഫലപ്രദമായി വ്യാപനം തടയാനായ കാര്യം ആമുഖമായി അവതരിപ്പിച്ചുകൊണ്ടാണ് ആരോഗ്യവകുപ്പ് രോഗവ്യാപന കാരണങ്ങള്‍ വിവരിക്കുന്നത്. കേരളത്തിലെ കൊവിഡിന്റെ കെട്ടുവിട്ടത് ഓണം പോലുള്ള ഉത്സവകാലങ്ങളിലെ ഇളവുകളിലാണെന്നാണ് ആരോഗ്യവകുപ്പ് പറയുന്നത്. വളരെ കൃത്യമായ വിലയിരുത്തലാണത്. ഓണക്കാലത്തും മറ്റും ഇളവ് അനുവദിച്ചപ്പോള്‍ തെരുവുകള്‍ ജനസാഗരങ്ങളായത് നാം കണ്ടതാണ്. കൊറോണ വൈറസിനെ മറന്ന മട്ടിലായിരുന്നു ജനങ്ങളുടെ പെരുമാറ്റം.


തദ്ദേശതെരഞ്ഞെടുപ്പിലും കണ്ടു ഈ കൈവിട്ട പോക്ക്. അതു കൊവിഡിനു കൊയ്ത്തുകാലമായി. ആദ്യകാലത്ത് നൂറില്‍ താഴെയും പിന്നീട് ആയിരത്തില്‍ താഴെയുമൊക്കെയായിരുന്ന പ്രതിദിന കൊവിഡ് വ്യാപനം ഇപ്പോള്‍ ആറായിരവും ഏഴായിരവുമായി കുതിച്ചുകൊണ്ടിരിക്കുകയാണ്. കേരളത്തിലെ ജനങ്ങളില്‍ 15 ശതമാനത്തിലേറെ ആളുകള്‍ കൊവിഡ് ബാധിതരായിക്കഴിഞ്ഞുവെന്നാണ് കണക്ക്. ഇങ്ങനെ പോയാല്‍ ദിവസങ്ങള്‍ക്കുള്ളില്‍ നൂറു ശതമാനം രോഗബാധയുണ്ടായ സംസ്ഥാനമായി കേരളം മാറുമെന്നുറപ്പ്. അതു സംഭവിക്കാതിരിക്കാന്‍ സംസ്ഥാന ആരോഗ്യവകുപ്പ് കടുത്ത ചില നിര്‍ദേശങ്ങള്‍ മുഖ്യമന്ത്രിക്കു മുന്നില്‍ വച്ചിരുന്നു. കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച ഇളവുകള്‍ അതേപടി ഇവിടെ നടപ്പാക്കാന്‍ പാടില്ലെന്നതാണു നിര്‍ദേശങ്ങളില്‍ ഒന്ന്. സിനിമാ തിയറ്ററുകളും വിദ്യാഭ്യാസ സ്ഥാനങ്ങളും തുറക്കരുത്, ബസുകളില്‍ സാമൂഹിക അകലം പാലിക്കല്‍ കര്‍ക്കശമാക്കണം, മാസ്‌ക് ഉപയോഗിക്കാത്തവര്‍ക്കെതിരേ കര്‍ശന നടപടി വേണം തുടങ്ങിയ നിര്‍ദേശങ്ങളും മുന്നോട്ടുവച്ചു.


അതൊക്കെ നല്ല കാര്യം. എന്നാല്‍, ആ പറഞ്ഞത് ആത്മാര്‍ഥമായി നടപ്പാക്കാന്‍ ഭരണകര്‍ത്താക്കള്‍ക്കു ബാധ്യതയില്ലേ. തീര്‍ച്ചയായും ആദ്യ ബാധ്യത സര്‍ക്കാരിനും അതിനു നേതൃത്വം കൊടുക്കുന്ന മന്ത്രിമാര്‍ക്കുമാണ്. എന്നാല്‍, സംഭവിച്ചതു മറിച്ചാണ്. സര്‍ക്കാര്‍ സംഘടിപ്പിച്ച സാന്ത്വനസ്പര്‍ശം പരിപാടിയില്‍ എല്ലായിടത്തും വന്‍ജനക്കൂട്ടമായിരുന്നു. തളിപ്പറമ്പില്‍ നടന്ന സാന്ത്വനസ്പര്‍ശം പരിപാടിയില്‍ പങ്കെടുത്ത മന്ത്രിമാരില്‍ ആരോഗ്യമന്ത്രി കെ.കെ ശൈലജയും ഉണ്ടായിരുന്നുവെന്നതും ഇവിടെ എടുത്തുപറയണം.


വിവിധ സര്‍ക്കാര്‍ ഓഫിസുകളില്‍നിന്നു ജനങ്ങള്‍ക്കു ലഭിക്കേണ്ട സേവനങ്ങള്‍ ലഭിക്കാത്തതുമായി ബന്ധപ്പെട്ട പരാതികള്‍ക്കു പരിഹാരം കാണാനാണു സാന്ത്വനസ്പര്‍ശം സംഘടിപ്പിച്ചത്. അതത് ഓഫിസുകളിലെ പെന്‍ഡിങ് ഫയലുകള്‍ സത്വരഗതിയോടെ തീര്‍പ്പാക്കണമെന്നു കര്‍ക്കശ നിര്‍ദേശം നല്‍കുകയും അതു പാലിക്കാത്ത ഉദ്യോഗസ്ഥരുണ്ടെങ്കില്‍ നടപടിയെടുക്കുകയും ചെയ്താല്‍ പരിഹരിക്കാവുന്നതാണിത്. അങ്ങനെ ചെയ്താല്‍ ആ നടപടി വോട്ടായി മാറില്ല എന്നു കണ്ടുതന്നെയാണ് സാന്ത്വനസ്പര്‍ശമെന്ന പേരില്‍ ജനക്കൂട്ട പരിപാടി സംഘടിപ്പിച്ചതെന്ന് എല്ലാവര്‍ക്കും അറിയാം. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ മന്ത്രിമാര്‍ നേരിട്ടു കേട്ട് പരിഹരിച്ചേ മതിയാകൂ എന്നാണെങ്കില്‍, അതു കൊവിഡ് മാനദണ്ഡം പാലിച്ചു നടപ്പാക്കിയാല്‍ എന്തായിരുന്നു പ്രശ്‌നം?
സാന്ത്വനിപ്പിക്കല്‍ ഇത്രസമയം കൊണ്ടു പൂര്‍ത്തിയാക്കണമെന്നില്ലല്ലോ. മന്ത്രിമാര്‍ രണ്ടോ മൂന്നോ ദിവസം കൂടുതല്‍ ഇരിക്കേണ്ടിവരും, അത്രയല്ലേ ഉള്ളൂ. കൊവിഡിനെ നിയന്ത്രിക്കാന്‍ വ്യാപാരസ്ഥാപനങ്ങള്‍ ഇത്രസമയത്തിനുള്ളില്‍ അടയ്ക്കണം, ജനങ്ങളുടെ രാത്രിയാത്ര നിരോധിക്കണം,സര്‍ക്കാര്‍ ഓഫിസുകളിലെ ഹാജര്‍ പകുതിയാക്കണം, വിവാഹച്ചടങ്ങിലെ ആളുകളുടെ എണ്ണം വെട്ടിക്കുറയ്ക്കണം തുടങ്ങിയ വ്യവസ്ഥകള്‍ വയ്ക്കുന്ന സര്‍ക്കാര്‍ സ്വന്തം പ്രവൃത്തികളിലെ നീതിയില്ലായ്മയെക്കുറിച്ചും ബോധവാന്മാരാകേണ്ടതുണ്ട്.


ഇനി പ്രതിപക്ഷത്തിന്റെ കാര്യം. യു.ഡി.എഫിന്റെ നേതൃത്വത്തില്‍ ഐശ്വര്യ കേരളയാത്ര മഞ്ചേശ്വരത്തു നിന്നാരംഭിച്ച് തിരുവനന്തപുരത്തേയ്ക്കു പ്രയാണം ചെയ്യുകയാണല്ലോ. ആ യാത്രയുടെ ഉദ്ഘാടനച്ചടങ്ങ് മുതല്‍ എല്ലാ സ്വീകരണച്ചടങ്ങുകളിലും ആയിരക്കണക്കിനാളുകള്‍ പങ്കെടുക്കുന്നുണ്ട്. അതില്‍ നല്ല പങ്കിന്റെയും മുഖത്തു മാസ്‌കില്ല. അവരെല്ലാം തൊട്ടുരുമ്മിയാണു മണിക്കൂറുകള്‍ ചെലവഴിക്കുന്നത്. വേദികളില്‍ നേതാക്കളുടെ നില്‍പ്പും ഇരിപ്പും തഥൈവ. രാഷ്ട്രീയക്കാരെ കൊവിഡ് തൊടാന്‍ ഭയക്കുമെന്നാണോ ഇവരുടെ ധാരണ.
ഇനി, കെ. സുരേന്ദ്രന്റെ നേതൃത്വത്തില്‍ ബി.ജെ.പി യാത്ര നടക്കാന്‍ പോകുന്നു. തൊട്ടുപിന്നാലെ വിജയരാഘവന്റെയും കാനത്തിന്റെയും നേതൃത്വത്തില്‍ എല്‍.ഡി.എഫ് യാത്രയും. അതെല്ലാം ഇതേ രീതിയില്‍ ആള്‍ക്കൂട്ടം സൃഷ്ടിക്കുമെന്നും അവയിലും മാസ്‌ക് ധരിക്കാത്ത നേതാക്കളും പ്രവര്‍ത്തകരും ധാരാളമുണ്ടാകുമെന്നും ഉറപ്പ്.


ഭരണപക്ഷത്തും പ്രതിപക്ഷത്തുമുള്ള നേതാക്കന്മാരും പ്രവര്‍ത്തകരും കൊവിഡിനെ നോക്കി കൊഞ്ഞനം കുത്തുമ്പോള്‍ കേരളമെങ്ങനെ കൊവിഡ് വ്യാപനത്തില്‍ ഒന്നാമതല്ലാതാകും?
വിരല്‍ചൂണ്ടേണ്ടത്, ഇവര്‍ക്കു നേരേയാണ്, ഈ രാഷ്ട്രീയ നേതാക്കന്മാര്‍ക്കു നേരേ. അവരാണ് ഈ നാട്ടില്‍ കൊവിഡ് വ്യാപനം ഭീകരമാക്കുന്നവര്‍.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വഖ്ഫ് ഭൂമി വിവാദം നിലനിൽക്കെ മുനമ്പത്ത് 300 കോടിയുടെ സര്‍ക്കാര്‍ ഭൂമിയും കൈയേറി

Kerala
  •  11 minutes ago
No Image

പുരപ്പുറ സോളാർ: സംസ്ഥാനം മൂന്നാം സ്ഥാനത്ത്; അപേക്ഷകർ 43,321, സ്ഥാപിച്ചത് 5270

Kerala
  •  19 minutes ago
No Image

വേമ്പനാട്ട് കായൽ കൈയേറ്റം തകൃതി;  പേര് വെളിപ്പെടുത്താതെ തീരപരിപാലന അതോറിറ്റി

Kerala
  •  24 minutes ago
No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  10 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  10 hours ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  10 hours ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  10 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  11 hours ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  11 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  12 hours ago