മേല്‍ബാര കോളനിയിലെ ചന്ദ്രന്റെ ദുരൂഹമരണം ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ടു കലക്ടറേറ്റ് മാര്‍ച്ചു നടത്തും
ഉദുമ: മാങ്ങാട്ട് മേലബാര കോളനിയിലെ ചന്ദ്രന്റെ ദുരൂഹ മരണത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ആക്ഷന്‍ കമ്മിറ്റി വീണ്ടും പ്രക്ഷോഭത്തിലേക്ക്. ഇതിന്റെ ഭാഗമായി ജനകീയ ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ 22നു കലക്ടറേറ്റിലേക്ക് മാര്‍ച്ച് നടത്തും. കഴിഞ്ഞ മാര്‍ച്ച് ആറിനു രാവിലെയാണ് മേല്‍ബാര കോളനിയിലെ ചന്ദ്രനെ (40) വീട്ടിനകത്തു ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ചന്ദ്രന്റെ മൃതദേഹത്തില്‍ മുറിവുകള്‍ കണ്ടെത്തിയതിനാല്‍ സംഭവം കൊലപാതകമാണെന്ന സംശയം ബന്ധുക്കള്‍ പ്രകടിപ്പിച്ചിരുന്നു.
ഇതു സംബന്ധിച്ച് പരാതി നല്‍കിയിട്ടും കാര്യമായ അന്വേഷണമൊന്നുമുണ്ടായില്ല. തുടര്‍ന്നാണു നാട്ടുകാര്‍ ജനകീയ ആക്ഷന്‍ കമ്മിറ്റിക്കു രൂപം നല്‍കിയത്. പി കരുണാകരന്‍ എം.പിയുടെ നേതൃത്വത്തില്‍ ചന്ദ്രന്റെ ഭാര്യയും ആക്ഷന്‍ കമ്മിറ്റി ഭാരവാഹികളും തിരുവനന്തപുരത്തു വച്ച് മുഖ്യമന്ത്രിയെ കണ്ട് ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള നിവേദനം നല്‍കിയിരുന്നു.
എന്നാല്‍ നടപടിയുണ്ടാകാത്ത സാഹചര്യത്തിലാണ് കലക്ടറേറ്റിലേക്ക് മാര്‍ച്ച് നടത്താന്‍ തീരുമാനിച്ചത്. രാവിലെ 10നു കാസര്‍കോട് ഗവ. കോളജിനുമുന്നില്‍ നിന്നാരംഭിക്കുന്ന മാര്‍ച്ചില്‍ ചന്ദ്രന്റെ ബന്ധുക്കളും നാട്ടുകാരും മനുഷ്യാവകാശ പ്രവര്‍ത്തകരും പങ്കെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."