ഏറ്റെടുക്കുന്ന ഭൂമിക്കു ന്യായവില നല്‍കും: ജില്ലാ കലക്ടര്‍
കാഞ്ഞങ്ങാട്: കോട്ടച്ചേരി റെയില്‍വേ മേല്‍പ്പാലത്തിനു വേണ്ടി ഏറ്റെടുക്കുന്ന സ്വകാര്യ ഭൂമിക്കു ന്യായമായ വില നല്‍കാന്‍ നടപടിയെടുക്കുമെന്ന് ജില്ലാ കലക്ടര്‍ കെ ജീവന്‍ബാബു. സ്ഥലം ഉടമകളുമായി ചര്‍ച്ച ചെയ്തു തീരുമാനമെടുക്കാന്‍ സെപ്തംബര്‍ ഒന്നിനു കലക്ടറേറ്റില്‍ സ്ഥലം ഉടമകളുടെ യോഗം വിളിച്ചു ചേര്‍ക്കുമെന്നും മേല്‍പ്പാലം കര്‍മ്മ സമിതി നേതൃത്വത്തിലുള്ള നിവേദക സംഘത്തെ ജില്ലാ കലക്ടര്‍ അറിയിച്ചു.
കാഞ്ഞങ്ങാട് നഗരത്തില്‍ കോട്ടച്ചേരിയിലെ കണ്ണായ സ്ഥലമാണ് മേല്‍പ്പാലത്തിനു വേണ്ടി സര്‍ക്കാര്‍ ഏറ്റെടുക്കേണ്ടത്. സ്ഥലമെടുപ്പിനുള്ള നടപടിക്രമങ്ങള്‍ ഏറെക്കുറെ പൂര്‍ത്തിയായെങ്കിലും ഭൂമിയുടെ വില നിശ്ചയിച്ചതിലും തരം തിരിച്ചതിലും ഒട്ടേറെ അപാകതകളുണ്ടെന്ന് ആക്ഷേപമുയര്‍ന്നിരുന്നു.
മുന്‍ ജില്ലാ കലക്ടര്‍ മുഹമ്മദ് സഗീറിന്റെ നേതൃത്വത്തില്‍ ജില്ലാതല പര്‍ച്ചേസിംഗ് കമ്മിറ്റി നിശ്ചയിച്ച വിലയേക്കാള്‍ കുറഞ്ഞ വിലയാണ് കഴിഞ്ഞ ദിവസം സ്ഥാനമൊഴിഞ്ഞ ജില്ലാ കലക്ടര്‍ ദേവദാസ് നിശ്ചയിച്ചത്. ഇതു സംബന്ധിച്ച് സര്‍വകക്ഷി നിവേദക സംഘം മുഖ്യമന്ത്രിയെയും മറ്റു മന്ത്രിമാരെയും തിരുവനന്തപുരത്ത് ചെന്നു കണ്ടിരുന്നു.
തുടര്‍ന്നു ജില്ലാതല പര്‍ച്ചേസിംഗ് കമ്മിറ്റി ചേര്‍ന്നു ന്യായമായ വില നിശ്ചയിച്ചു എത്രയും വേഗം ഭൂമി ഏറ്റെടുക്കണമെന്നു മുഖ്യമന്ത്രി ജില്ലാ കലക്ടറോടു നിര്‍ദേശിച്ചിരുന്നു. കഴിഞ്ഞ ദിവസം ചുമതലയേറ്റ ജില്ലാ കലക്ടര്‍ കെ ജീവന്‍ബാബുവിനെ കര്‍മ്മസമിതി ഭാരവാഹികള്‍ കണ്ടു മേല്‍പ്പാലത്തിനു ഭൂമി ഏറ്റെടുക്കാനുള്ള നടപടികള്‍ ത്വരിതപ്പെടുത്താന്‍ ആവശ്യപ്പെടുകയും ഇതു സംബന്ധമായി മുഖ്യമന്ത്രി പൊതുമരാമത്ത് മന്ത്രി, റവന്യൂമന്ത്രി, ധനമന്ത്രി എന്നിവര്‍ നല്‍കിയ നിര്‍ദേശങ്ങള്‍ നിവേദക സംഘം കലക്ടറുടെ ശ്രദ്ധയില്‍ പെടുത്തുകയും ചെയ്തിരുന്നു. ഇതോടെയാണ് എത്രയും വേഗം ഉദ്യോഗസ്ഥ തലത്തിലുള്ള യോഗം ചേര്‍ന്നു ഭൂമിവില നിശ്ചയിക്കാനും തുടര്‍ന്നു സപ്തംബര്‍ ഒന്നിന് സ്ഥലം ഉടമകളുടെ യോഗം വിളിച്ചു ചേര്‍ക്കാനും ജില്ലാ കലക്ടര്‍ തീരുമാനമെടുത്തത്.
നഗരസഭ ചെയര്‍മാന്‍ വി.വി രമേശന്‍, നഗര വികസന കര്‍മ്മ സമിതി ചെയര്‍മാന്‍ അഡ്വ.പി അപ്പുക്കുട്ടന്‍, ജനറല്‍ കണ്‍വീനര്‍ സി യൂസഫ്ഹാജി, മേല്‍പ്പാലം ആക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ എച്ച് ശിവദത്ത്, ജനറല്‍ കണ്‍വീനര്‍ എ ഹമീദ്ഹാജി, കണ്‍വീനര്‍ സുറൂര്‍ മൊയ്തുഹാജി, ഏ.വി രാമകൃഷ്ണന്‍, ടി മുഹമ്മദ് അസ്‌ലം, എം.പി ജാഫര്‍, വി കമ്മാരന്‍, എസ്.കെ കുട്ടന്‍, എ ദാമോദരന്‍, എം ഹദീദ് ഹാജി, ടി ഹംസ മാസ്റ്റര്‍, പി.എം ഫാറൂഖ് എന്നിവരാണ് ജില്ലാ കലക്ടറുമായി ചര്‍ച്ച നടത്തിയത്.
ലാന്റ് അക്വിസിയേഷന്‍ ഡപ്യൂട്ടി കലക്ടര്‍ ജയശ്രീ, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ഇ.പി രാജ് മോഹന്‍, ലാന്റ് അക്വിസിയേഷന്‍ തഹസില്‍ദാര്‍ ജയലക്ഷ്മി, സീനിയര്‍ സൂപ്രണ്ട് ചന്ദ്രമതി എന്നിവരും ജില്ലാ കലക്ടര്‍ക്കൊപ്പമുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."