അന്വേഷണ ഏജന്‍സികളുടെ മൗനത്തിലെ രാഷ്ട്രീയം
കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ മത്സരാവേശത്തോടെ അന്വേഷിച്ച സ്വര്‍ണക്കടത്ത്, ഡോളര്‍ കടത്ത്, അതുമായി ബന്ധപ്പെട്ട അഴിമതി കേസുകളെല്ലാം പൊടുന്നനെ നിലച്ച മട്ടാണ്. സംസ്ഥാനസര്‍ക്കാരിനെതിരേ ഈ കേസുകള്‍ രാഷ്ട്രീയായുധമാക്കിയിരുന്ന ബി.ജെ.പി ഇപ്പോള്‍ അക്കാര്യത്തില്‍ മൗനത്തിലാണ്. എന്തുകൊണ്ടാണ് പെട്ടെന്നു ബ്രേയ്ക്കിട്ടപോലെ ഈ അന്വേഷണങ്ങളെല്ലാം ചലനരഹിതമായത്. കേരളത്തിലെ ജനങ്ങള്‍ അത്ഭുതത്തോടെയാണ് ഈ വിഷയത്തെ നോക്കിക്കാണുന്നത്.
ഡോളര്‍ കടത്തുകേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍ ജാമ്യംനേടി പുറത്തുവരുന്നതിനു മുന്‍പുതന്നെ കേസിന്റെ തുടരന്വേഷണം മരവിച്ചിരുന്നു. ഡോളര്‍ കടത്തുകേസില്‍ ശിവശങ്കറിന്റെ ജാമ്യത്തെ ശക്തിയുക്തം എതിര്‍ക്കുന്നതില്‍ പോലും കസ്റ്റംസിന്റെ വിമുഖത പ്രകടമായിരുന്നു. പ്രോസിക്യൂഷന്‍ എതിര്‍ക്കാതിരുന്നാല്‍ ജാമ്യം നല്‍കാതിരിക്കാന്‍ കോടതി ശ്രമിക്കില്ലല്ലോ. സ്വര്‍ണക്കടത്ത്, കള്ളപ്പണം വെളുപ്പിക്കല്‍ കേസുകളില്‍ നേരത്തേതന്നെ ജാമ്യം ലഭിച്ച ശിവശങ്കര്‍ ഇപ്പോള്‍ അഴിക്കുപുറത്താണ്.
ഇതിനിടയില്‍ പരിഗണിക്കേണ്ട മറ്റൊരു വിഷയം സ്വര്‍ണ, ഡോളര്‍ കടത്തുകേസുകളുള്‍പ്പെടെയുള്ളവ പരിഗണിക്കുമ്പോള്‍ വിവിധ കോടതികള്‍ നടത്തിയ ഒരേ സ്വഭാവത്തിലുള്ള പരാമര്‍ശങ്ങളാണ്. കേസില്‍ ആരോപിക്കപ്പെടുന്ന കുറ്റം സാധൂകരിക്കുന്നതിനാവശ്യമായ തെളിവുകള്‍ ഹാജരാക്കാന്‍ അന്വേഷണ ഏജന്‍സികള്‍ക്കു കഴിയുന്നില്ലെന്നതാണ് ആ പരാമര്‍ശം. ഇതു വളരെ ഗുരുതരമായ കാര്യമാണ്. വേണ്ടത്ര തെളിവുകള്‍ ഉണ്ടെന്ന അവകാശവാദത്തോടെയാണ് കേന്ദ്ര ഏജന്‍സികള്‍ ഈ കേസ് കൈകാര്യം ചെയ്തു തുടങ്ങിയത്.
അന്വേഷണ ഉദ്യോഗസ്ഥന്മാര്‍ ഔദ്യോഗികമായി വെളിപ്പെടുത്തിയില്ലെങ്കിലും മാധ്യമങ്ങളിലൂടെ പുറത്തുവന്ന തെളിവനുസരിച്ച് ശിവശങ്കര്‍ ഉള്‍പ്പെടെയുള്ള പ്രതികളുടെ പങ്ക് വ്യക്തമാക്കുന്ന പല തുമ്പും ലഭ്യമായിട്ടുണ്ടെന്നുവേണം കരുതാന്‍. റിവേഴ്‌സ് ഹവാല കേസില്‍ ഉന്നതരുടെ പങ്കിനെക്കുറിച്ചുള്ള ഞെട്ടിക്കുന്ന പരാമര്‍ശങ്ങള്‍ ഉണ്ടെന്നു കോടതി പോലും വ്യക്തമാക്കിയതാണ്. എന്നിട്ടും ദിവസങ്ങളോളം അന്വേഷണം നടത്തിയ ഏജന്‍സികള്‍ക്ക് എന്തുകൊണ്ടാണ് വ്യക്തവും ശക്തവുമായ തെളിവുകള്‍ കിട്ടാതെ പോയത് എന്നൊരു ചോദ്യം സ്വാഭാവികമാണ്.
രണ്ടു കാരണങ്ങളാണ് ഇതിലൂടെ കണ്ടെത്താവുന്നത്. ഒന്ന് സംസ്ഥാന സര്‍ക്കാരിനെ കരിവാരിത്തേയ്ക്കാന്‍ കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി സര്‍ക്കാര്‍ ബോധപൂര്‍വം കെട്ടിയുണ്ടാക്കിയതാണ് ഈ സ്വര്‍ണക്കടത്തു കേസുകള്‍ എന്നതാണ്. ഇതാണ് ഇടതുപക്ഷം ആരംഭം മുതല്‍ പറഞ്ഞുവന്നത്. ബി.ജെ.പിക്ക് ഒരു തരത്തിലും കാലുകുത്താന്‍ കഴിയാത്ത, ഭാവിയിലും അസാധ്യമായ സംസ്ഥാനമാണ് കേരളം. അവിടെയുള്ള സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍ നടത്തിയ ഗൂഢതന്ത്രമായി വേണമെങ്കില്‍ ഇതിനെ വ്യാഖ്യാനിക്കാം.
അതു ശരിയാണെങ്കില്‍ എന്തിന് ഒരു നിയമസഭാ തെരഞ്ഞെടുപ്പു പടിവാതില്‍ക്കല്‍ എത്തിനില്‍ക്കെ ഒരു തകിടംമറച്ചില്‍ എന്ന മറുചോദ്യം ഇവിടെ പ്രസക്തമാകുന്നു. പിണറായി സര്‍ക്കാരിലെ ഉന്നതരിലേയ്ക്കു വരെ നീങ്ങുമെന്നു പറഞ്ഞുകേട്ട ഒരു കേസ്സില്‍ ശക്തമായ നടപടികളുണ്ടായാല്‍ അതിന്റെ നേട്ടം കൊയ്യാന്‍ ബി.ജെ.പിക്കു കഴിയുമായിരുന്നല്ലോ. ഭരണവിരുദ്ധവികാരമെന്ന ചരടില്‍ പിടിച്ച് അധികാരത്തിലേറാനല്ലേ സ്വാഭാവികമായും ബി.ജെ.പി ശ്രമിക്കേണ്ടത്.
ഇവിടെയാണ് യു.ഡി.എഫ് ആരോപിക്കുന്ന രണ്ടാമത്തെ സാധ്യത പ്രസക്തമാകുന്നത്. എല്‍.ഡി.എഫ് സര്‍ക്കാരിനെതിരായ ജനവികാരം യു.ഡി.എഫിന് അനുകൂലമായ തരംഗമായി മാറുമെന്നു ഭയന്നു കേന്ദ്രസര്‍ക്കാര്‍ തങ്ങളുടെ കാല്‍ക്കീഴിലുള്ള അന്വേഷണ ഏജന്‍സികളെ കൂച്ചുചങ്ങലയ്ക്കിട്ടു എന്നാണ് യു.ഡി.എഫിന്റെ ആരോപണം. അതിശക്തമായി നീങ്ങിക്കൊണ്ടിരുന്ന അന്വേഷണം പൊടുന്നനെ നിശ്ചലമായതും ലാവ്‌ലിന്‍ കേസില്‍ ഹാജരാകാന്‍ പ്രോസിക്യൂട്ടര്‍ക്കു സമയം കിട്ടാതാവുന്നതുമെല്ലാം ഇതിന്റെ ഭാഗമാണെന്ന് ആരെങ്കിലും ആരോപിച്ചാല്‍ കുറ്റം പറയാനാകില്ല.
ഈ രാജ്യത്തെങ്ങും ബി.ജെ.പിയുടെ മുഖ്യശത്രു കോണ്‍ഗ്രസ്സാണ്. കേന്ദ്രത്തില്‍ തങ്ങളുടെ ഭരണത്തുടര്‍ച്ചയ്ക്ക് കോണ്‍ഗ്രസ് ഒരു സംസ്ഥാനത്തും വേരുപിടിക്കരുതെന്നാണ് മോദിയും സഹപ്രവര്‍ത്തകരും ആഗ്രഹിക്കുന്നതെന്നതു യാഥാര്‍ഥ്യം. കോണ്‍ഗ്രസ് മുക്തഭാരതം എന്നതാണല്ലോ മോദിയുടെ പ്രധാനമുദ്രാവാക്യം. ഒട്ടുമിക്ക സംസ്ഥാനങ്ങളിലും അതു നടപ്പാക്കാനായെങ്കിലും ഇപ്പോഴും ശക്തമായ വേരോട്ടം കോണ്‍ഗ്രസ്സിനും ഘടകകക്ഷികള്‍ക്കുമുള്ള സംസ്ഥാനമാണ് കേരളം.
വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് ഇവിടെ അധികാരത്തിലെത്തിയാല്‍ അതു കോണ്‍ഗ്രസ്സിന് ഊര്‍ജം പകരും. അതിലൂടെ ഇന്ത്യയിലെ ഫാസിസ്റ്റ് വിരുദ്ധനീക്കങ്ങള്‍ ശക്തിപ്രാപിക്കുകയും ചെയ്യും. ഉത്തരേന്ത്യയിലെ കര്‍ഷക പ്രക്ഷോഭത്തിലൂടെയും മറ്റും ഇളകി നില്‍ക്കുന്ന ജനമനസ്സുകള്‍ കൂടുതല്‍ ആവേശത്തില്‍ മോദി വിരുദ്ധമായി മാറും. ഇതു തടയേണ്ടത് തങ്ങളുടെ ആത്യന്തികലക്ഷ്യമായി ബി.ജെ.പി കണ്ടാല്‍ അത്ഭുതപ്പെടേണ്ടതില്ല.
ശിവശങ്കറിന്റെ ജാമ്യഹരജിയെ കസ്റ്റംസ് എതിര്‍ക്കാതിരുന്നതിനാലാണ് അദ്ദേഹത്തിനു ജാമ്യംനേടി പുറത്തുവരാനായത്. ഇതിനിടെയാണ് സ്പീക്കര്‍ പി. ശ്രീരാമകൃഷണനെ ഡോളര്‍ കടത്ത് കേസില്‍ ചോദ്യം ചെയ്യാന്‍ അനുമതി തേടി അന്വേഷണ സംഘം കസ്റ്റംസ് ബോര്‍ഡിനെയും കേന്ദ്ര ധനകാര്യ വകുപ്പിനേയും സമീപിച്ചത്. ഒരു മാസം മുന്‍പത്തെ അപേക്ഷയ്ക്കു കസ്റ്റംസ് ബോര്‍ഡും കേന്ദ്ര ധനകാര്യ വകുപ്പും ഇതുവരെ അനുമതി നല്‍കിയില്ലെന്നത് അത്ഭുതമുളവാക്കുന്നതാണ്.
സംസ്ഥാന സര്‍ക്കാരിനെ സമ്മര്‍ദത്തിലാഴ്ത്തിക്കൊണ്ടായിരുന്നു കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ യു.എ.ഇ കോണ്‍സുലേറ്റ് വഴിയുള്ള സ്വര്‍ണക്കള്ളക്കടത്തും ഡോളര്‍ കടത്തും അന്വേഷിക്കാന്‍ തുടങ്ങിയത്. അന്വേഷണം കിഫ്ബിയിലേക്കും ലൈഫ് മിഷന്‍ ഭവനപദ്ധതിയിലേക്കുംവരെ നീണ്ടു. ഈ അവസരത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെഴുതിയ കത്ത് പ്രസക്തമാകുന്നത്. കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ ഭരണം അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്നും അന്വേഷണം സംസ്ഥാന പദ്ധതികള്‍ മുടക്കാന്‍ വേണ്ടിയുള്ളതാണെന്നും കത്തില്‍ കുറ്റപ്പെടുത്തിയിരുന്നു. കത്ത് പ്രധാനമന്ത്രിയുടെ ഓഫിസില്‍നിന്നു കേന്ദ്ര ധനകാര്യ മന്ത്രിയുടെ ഓഫിസിനു കൈമാറി. രണ്ട് അന്വേഷണ ഏജന്‍സികളും കേന്ദ്ര ധനകാര്യ വകുപ്പിന്റെ കീഴിലാണ്. പ്രധാനമന്ത്രിയുടെ ഓഫിസില്‍നിന്നു മുഖ്യമന്ത്രിയുടെ കത്ത് ധനകാര്യ വകുപ്പിലേക്ക് കൈമാറിയതിനെ തുടര്‍ന്നാണ് സ്പീക്കര്‍ക്കെതിരേയുള്ള അന്വേഷണവും സ്വര്‍ണ, ഡോളര്‍ കടത്ത് കേസന്വേഷണങ്ങളും നിലച്ചത്.
ഏതായാലും ഈ കളിയില്‍ നേട്ടം കൊയ്യാന്‍ ആയുധം മൂര്‍ച്ചകൂട്ടിയിരിക്കുന്നത് ബി.ജെ.പിയാണ്. കേരളവും ബംഗാളും തമിഴ്‌നാടുമൊക്കെ പിടിച്ചെടുക്കാന്‍ കേന്ദ്രബജറ്റില്‍ പ്രഖ്യാപനങ്ങള്‍ വാരിക്കോരി നല്‍കിയ കേന്ദ്രം ഏതായാലും നല്ല മനസ്സോടെയല്ല കരുനീക്കം നടത്തുന്നതെന്നു വ്യക്തം. കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ മൗനം പോലും കേന്ദ്രത്തിന്റെ ചൂണ്ടക്കൊളുത്തായി കരുതിയാല്‍ തെറ്റല്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."