ഉമർ ഖാലിദ്, ഷർജീൽ ഇമാം: ജാമ്യഹരജി 27ന് പരിഗണിക്കും
ന്യൂഡൽഹി: സി.എ.എ പ്രക്ഷോഭകരെ ലക്ഷ്യംവച്ച് 2020ൽ ഡൽഹിയിൽ പൊട്ടിപ്പുറപ്പെട്ട വംശീയകലാപവുമായി ബന്ധപ്പെടുത്തി ഗൂഢാലോചനാ കുറ്റം ചുമത്തി അറസ്റ്റ്‌ചെയ്ത ഉമർ ഖാലിദ് ഉൾപ്പെടെയുള്ള ആക്ടിവിസ്റ്റുകളുടെ ജാമ്യാപേക്ഷ സുപ്രിംകോടതി ഈ മാസം 27ന് പരിഗണിക്കും.
കേസിൽ അറസ്റ്റിലായ ഷർജീൽ ഇമാം, ഗുൽഫിഷ ഫാത്തിമ, മീരാൻ ഹൈദർ, ഷിഫാഉർറഹ്മാൻ, മുഹമ്മദ് സലീം ഖാൻ എന്നിവരും ഹരജി നൽകിയിട്ടുണ്ട്. ജസ്റ്റിസ് അരവിന്ദ് കുമാർ, ജസ്റ്റിസ് എൻ.വി അൻജാരിയ എന്നിവരടങ്ങിയ രണ്ടംഗ ബെഞ്ചാകും കേസ് കേൾക്കുക.
ഇവരുടെ ജാമ്യഹരജികൾ തള്ളിയ ഡൽഹി ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ചിന്റെ നടപടി ചോദ്യം ചെയ്തുള്ള ഹരജിയാണ് സുപ്രിംകോടതിയിലുള്ളത്. ജാമ്യം നിഷേധിച്ച വിചാരണക്കോടതി വിധി ചോദ്യം ചെയ്ത് സമർപ്പിച്ച ഹരജിയാണ് ഡൽഹി ഹൈക്കോടതി തള്ളിയിരുന്നത്. ഗൂഢാലോചനയുടെ ഭാഗമായി മുൻകൂട്ടി ആസൂത്രണം ചെയ്തതാണ് കലാപമെന്ന പ്രോസിക്യൂഷന്റെ വാദം അംഗീകരിച്ച ഹൈക്കോടതി, അഞ്ച് വർഷത്തോളമായി വിചാരണയില്ലാതെ ജയിലിൽ കഴിയുകയാണ് ഹരജിക്കാരെന്ന വാദം പോലും മുഖവിലക്കെടുക്കാതെയാണ് ജാമ്യം നിഷേധിച്ചത്.
കലാപത്തിൽ ഗൂഢാലോചന നടത്തിയെന്ന് ആരോപിച്ച് യു.എ.പി.എ നിയമപ്രകാരം ഷർജീൽ ഇമാം ആണ് ആദ്യം അറസ്റ്റിലായത്. 2020 ജനുവരി 28നാണ് അദ്ദേഹത്തെ ഡൽഹി പൊലിസിലെ പ്രത്യേക സംഘം അറസ്റ്റ് ചെയ്തത്. സെപ്റ്റംബർ വരെയുള്ള ഒമ്പത് മാസത്തെ കാലയളവിലാണ് മറ്റുള്ള എട്ടുപേരും അറസ്റ്റിലായത്. ക്രിമിനൽ ഗൂഢാലോചന, കലാപം, നിയമവിരുദ്ധമായി സംഘം ചേരൽ, യു.എ.പി.എ തുടങ്ങിയ വിവിധ വകുപ്പുകളാണ് ഇവർക്കെതിരേ ചുമത്തിയിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."