പാലക്കാട് ബി.ജെ.പിയിൽ ഭിന്നത രൂക്ഷം; കൃഷ്ണകുമാറിനെതിരേ പരാതി നൽകി നഗരസഭാ അധ്യക്ഷ
പാലക്കാട്: തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പാലക്കാട് ബി.ജെ.പിയിൽ തമ്മിലടി രൂക്ഷം. വിഭാഗീയതയുടെ ഭാഗമായി നഗരസഭാ അധ്യക്ഷ, വൈസ് ചെയർമാൻ ഉൾപ്പടെയുള്ളവരെ ബി.ജെ.പി സംസ്ഥാന ഉപാധ്യക്ഷൻ സി. കൃഷ്ണകുമാറിന്റെ നേതൃത്വത്തിൽ പരിപാടികളിൽനിന്ന് മാറ്റിനിർത്തുന്നുവെന്നാണ് പരാതി. കൃഷ്ണകുമാർ മനഃപൂർവം മാറ്റിനിർത്തുകയാണെന്ന് ചൂണ്ടിക്കാട്ടി നഗരസഭാ അധ്യക്ഷ പ്രമീള ശശിധരൻ ബി.ജെ.പി സംസ്ഥാന നേതൃത്വത്തിന് പരാതി നൽകി.
ചെയർപേഴ്‌സനെയും വൈസ് ചെയർമാനെയും അറിയിക്കാതെ നഗരസഭാ പദ്ധതികളുടെ ഉദ്ഘാടനം സി. കൃഷ്ണകുമാറിന്റെ നേതൃത്വത്തിൽ കഴിഞ്ഞദിവസം നടത്തിയിരുന്നു. പാലക്കാട് നഗരസഭാ പരിധിയിൽ പി.ടി ഉഷ എം.പിയെ പങ്കെടുപ്പിച്ച് രണ്ട് ഉദ്ഘാടന ചടങ്ങാണ് നടത്തിയത്. നഗരസഭയുടെ ഫണ്ട് ഉപയോഗിച്ച് നിർമിച്ച അങ്കണവാടിയുടെയും കൊപ്പത്തെ ബയോ മെഡിക്കൽ കെട്ടിടത്തിന്റെയും നിർമാണ ഉദ്ഘാടനമാണ് നടന്നത്.
ഈ ചടങ്ങിൽ സി. കൃഷ്ണകുമാർ, ഭാര്യയും നരഗസഭാ അംഗവുമായ മിനി കൃഷ്ണകുമാർ, ബി.ജെ.പി ജില്ലാ അധ്യക്ഷൻ പ്രശാന്ത് ശിവൻ അടക്കം ഏതാനും ചില നേതാക്കൾ മാത്രമാണ് പങ്കെടുത്തത്. നഗരസഭാ അധ്യക്ഷ പ്രമീള ശശിധരൻ, ഉപാധ്യക്ഷൻ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഉൾപ്പെടെയുള്ള ബി.ജെ.പി നേതാക്കളെ പരിപാടിയിലേക്ക് ക്ഷണിച്ചില്ല.
നഗരസഭയിലെ പ്രതിപക്ഷ അംഗങ്ങൾപോലും വാർഡുകളിലെ പരിപാടികളിലേക്ക് ക്ഷണിക്കാറുണ്ടെന്നും കൃഷ്ണകുമാർ തെരഞ്ഞെടുപ്പിന് മുന്നോടിയായി മനഃപൂർവം തഴയുകയാണെന്നും പ്രമീള ശശിധരൻ ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിനെ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."