ബെംഗളൂരു- ഹൈദരാബാദ് ദേശീയപാതയിൽ ബസിന് തീപിടിച്ച് അപകടം; 25 ലേറെ പേർക്ക് ദാരുണാന്ത്യം
ഹൈദരാബാദ്: ബെംഗളൂരു- ഹൈദരാബാദ് ഹൈവേയിൽ ബസിന് തീപിടിച്ച് നിരവധി മരണം. ഹൈദരാബാദിന് സമീപം കർണൂലിലാണ് അപകടം ഉണ്ടായത്. 25 ലേറെ പേർ മരണപ്പെട്ടെന്നാണ് പ്രാഥമിക വിവരം. 15 പേരെ രക്ഷപ്പെടുത്തിയതായും റിപ്പോർട്ടുകളുണ്ട്. പരിക്കേറ്റവരെ കർണൂൽ ഗവണ്മെന്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബസിന്റെ ഡ്രൈവറും ക്ലീനറും ഓടി രക്ഷപ്പെട്ടെന്ന് റിപ്പോർട്ട്.
ഇന്ന് പുലർച്ചെ 3.30 ഓടെയാണ് കർണൂൽ പട്ടണത്തിൽ നിന്ന് 20 കിലോ മീറ്റർ അകലെയുള്ള ഉലിന്ദകൊണ്ട ക്രോസിന് സമീപമാണ് അപകടം ഉണ്ടായത്. ബെംഗളൂരു - ഹൈദരാബാദ് റൂട്ടിൽ പോകുന്ന സ്വകാര്യ വോൾവോ ബസിനാണ് കത്തിപിടിച്ചത്. തീപിടിത്തത്തിൽ ബസ് പൂർണമായി കത്തി നശിച്ചു.
കാവേരി ട്രാവൽസ് എന്ന വോൾവോ ബസാണ് അപകടത്തിൽപ്പെട്ടത്. അപകടം ഉണ്ടായി മിനിറ്റുകൾക്കകം ബസ് പൂർണമായും കത്തിനശിച്ചു. ബസിൽ ആകെ 42 യാത്രക്കാർ ഉണ്ടായിരുന്നു എന്നാണ് റിപ്പോർട്ട്. തീ പടർന്നതോടെ 12 പേർ ജനാലകൾ തകർത്ത് ചാടി രക്ഷപ്പെട്ടു. അപകടമറിഞ്ഞെത്തിയ നാട്ടുകാരാണ് ആദ്യം രക്ഷാപ്രവർത്തനം നടത്താൻ തുടങ്ങിയത്. അഗ്‌നിശമന സേന സ്ഥലത്തെത്തിയപ്പോഴേക്കും ബസ് പൂർണ്ണമായും കത്തിനശിച്ചു.
കർണൂൽ നഗരത്തിന്റെ പ്രാന്തപ്രദേശത്തുള്ള ഉലിന്ദകൊണ്ടയ്ക്ക് സമീപം എത്തിയപ്പോൾ പിന്നിൽ നിന്ന് വന്ന ഒരു ഇരുചക്രവാഹനം ബസിൽ ഇടിച്ചാണ് അപകടം ഉണ്ടായതെന്നാണ് കരുതുന്നത്. ബൈക്ക് ബസിനടിയിലേക്ക് ഇടിച്ചുകയറി ഇന്ധന ടാങ്കിൽ ഇടിച്ചതോടെ തീ പടർന്നു. യാത്രക്കാർ ഉറക്കത്തിലായിരുന്നതാണ് അപകടത്തിന്റെ തീവ്രത വർധിപ്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."