തല്ക്കാലം പ്രകോപനം വേണ്ടെന്ന് സി.പി.എം; ഗവര്‍ണറുടേത് വിലപേശല്‍ രാഷ്ട്രീയമെന്നും വിലയിരുത്തല്‍
തിരുവനന്തപുരം: തുടര്‍ച്ചയായി സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കുന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ അനുനയിപ്പിക്കാന്‍ സി.പി.എം. ഗവര്‍ണര്‍ രാഷ്ട്രീയം കളിക്കുകയാണെന്ന് സംസ്ഥാന സെക്രട്ടേറിയറ്റ് വിലയിരുത്തി. തല്ക്കാലം സംയമനം പാലിക്കാനും പിന്നീട് ഗവര്‍ണര്‍ക്ക് ഉചിതമായ മറുപടി നല്‍കാനുമാണ് തീരുമാനം. സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്നും തുടരും.
കഴിഞ്ഞ ദിവസം നയപ്രഖ്യാപനത്തില്‍ ഒപ്പിടാന്‍ ഗവര്‍ണര്‍ സര്‍ക്കാരിന് മുന്നില്‍ ഉപാധികള്‍ വെച്ചിരുന്നു. ഇതിന് പിന്നാലെ പൊതുഭരണ സെക്രട്ടറി ജ്യോതി ലാലിനെ സ്ഥാനത്ത് നിന്ന് മാറ്റിയതിന് പിന്നാലെയാണ് ഗവര്‍ണര്‍ നയപ്രഖ്യാപനത്തില്‍ ഒപ്പിട്ടത്.
സമാനമായ സാഹചര്യങ്ങള്‍ ഇനിയും ആവര്‍ത്തിക്കാമെന്നും ഭരണം സുഖകരമാകില്ലെന്നും സി.പി.എം കണക്കുകൂട്ടുന്നു. തല്ക്കാലം നയപ്രഖ്യാപന പ്രസംഗത്തെ ബാധിക്കുന്ന പരസ്യനിലപാടിലേക്ക് സര്‍ക്കാര്‍ നീങ്ങരുതെന്ന് നേതാക്കള്‍ ധാരണയിലെത്തി.
ഗവര്‍ണറെ കൂടുതല്‍ പ്രകോപിപ്പിച്ചാല്‍ ബജറ്റ് സമ്മേളനം കലങ്ങുമെന്ന് ഇവര്‍ വിലയിരുത്തുന്നു. ഇത് പ്രതിപക്ഷത്തിനുള്ള വടിയുമാകും. എന്നാല്‍ നയപ്രഖ്യാപന പ്രസംഗത്തിന്റെ നന്ദിപ്രമേയ ചര്‍ച്ചയില്‍ തന്നെ ഗവര്‍ണര്‍ക്ക് മറുപടി നല്‍കിയേക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."