രണ്ടുവർഷത്തെ നീണ്ട ഇടവേള ; സ്കൂളുകൾ സാധാരണ നിലയിൽ
ഭൂരിഭാഗം വിദ്യാർഥികളും ഇന്നലെ സ്കൂളുകളിലെത്തി
സ്വന്തം ലേഖകൻ
തിരുവനന്തപുരം
നീണ്ട രണ്ടുവർഷത്തെ ഇടവേളക്കുശേഷം കളിചിരികളും ആരവങ്ങളുമായി അവർ വീണ്ടും സ്കൂളുകളിലെത്തി. ലക്ഷക്കണക്കിന് കുട്ടികളാണ് ഇന്നലെ തങ്ങളുടെ പ്രിയ കൂട്ടുകാർക്ക് അരികിലേക്ക് വീണ്ടുമെത്തിയത്. കൊവിഡ് വ്യാപന സമയത്ത് 2020 മാർച്ചിലാണ് സംസ്ഥാനത്തെ സ്‌കൂളുകൾക്ക് പൂട്ടുവീഴുന്നത്. സംസ്ഥാനത്തെ സ്‌കൂളിലെ ക്ലാസുകൾക്ക് പൂർണമായോ ഭാഗികമായോ അവധി നൽകിയിട്ട് എഴുന്നൂറു ദിനങ്ങൾ പിന്നിട്ടതിനു ശേഷമാണ് ഇന്നലെ എൽ.കെ.ജി ക്ലാസുകളിലേതുൾപ്പെടെയുള്ള വിദ്യാർഥികൾ സ്‌കൂളിലേക്ക് എത്തിയത്. 2020 മാർച്ചിൽ എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകൾ നടത്തുന്നതിനിടെ കൊവിഡ് വ്യാപനം അതിരൂക്ഷമായതോടെ പരീക്ഷ ഭാഗികമായി നിർത്തി സ്‌കൂളുകൾ അടച്ചത്. തുടർന്ന് മെയ് മാസത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു വിഭാഗങ്ങളിലെ ബാക്കിയുണ്ടായിരുന്ന പരീക്ഷകൾ പൂർത്തിയാക്കി.
കൊവിഡ് വ്യാപനം തീവ്രതയിൽ തുടർന്നതോടെ 20-21 അധ്യയനവർഷം ക്ലാസുകൾ ഓൺലൈനായി നടത്തി. പിന്നീട് 2021 ജനുവരി മുതൽ മാർച്ച് വരെ മൂന്നുമാസക്കാലയളവിൽ പത്താംക്ലാസിലേയും പ്ലസ്ടു വിദ്യാർഥികളേയും വ്യത്യസ്ത ബാച്ചുകളാക്കി സ്‌കൂളിൽ എത്തിച്ചു. എന്നാൽ ഈ സമയത്തും ഒൻപതാം ക്ലാസ് വരെയുള്ളവർ പൂർണമായും ഓൺലൈനിലൊതുങ്ങി. 2021 ജൂണിലും പുതിയ അധ്യയന വർഷം ക്ലാസുകൾ ഓൺലൈനായാണ് ആരംഭിച്ചത്. എന്നാൽ കൊവിഡ് ഭീതി അൽപം മാറിയതോടെ 2021 നവംബർ മുതൽ ബാച്ചുകളായി ഒന്നുമുതൽ ഒൻപതു വരെയുള്ള ക്ലാസിലെ കുട്ടികളെ സ്‌കൂളിലെത്തിച്ചു. രണ്ടു മാസം മാത്രമാണ് അത്തരത്തിൽ ക്ലാസുകൾ നടത്താൻ കഴിഞ്ഞത്. മൂന്നാം തരംഗം രൂക്ഷമായതോടെ കഴിഞ്ഞ ജനുവരിയിൽ സ്‌കൂളുകൾ അടയ്ക്കുകയും പൂർണമായും ഓൺലൈൻ ക്ലാസുകൾ ആരംഭിക്കുകയുമായിരുന്നു.
രണ്ടാഴ്ച്ചത്തേക്കാണ് മൂന്നാം തരംഗത്തിന്റെ ആദ്യഘട്ടത്തിൽ സ്‌കൂൾ അടച്ചതെങ്കിലും കൊവിഡ് രൂക്ഷമായതോടെ അത് നീട്ടുകയായിരുന്നു. പിന്നീട് കൊവിഡ് വ്യാപനം കുറഞ്ഞതോടെയാണ് ഇന്നലെ മുതൽ സംസ്ഥാനത്തെ സ്‌കൂളുകളിലെ എല്ലാ ക്ലാസുകളും ആരംഭിച്ചത്. വിദ്യാഭ്യാസ വകുപ്പിന്റെ കണക്കുപ്രകാരം 47 ലക്ഷത്തോളം വിദ്യാർഥികളാണ് സ്‌കൂളിലേക്ക് എത്തേണ്ടത്.
ഒന്ന് മുതൽ പത്ത് വരെ 38 ലക്ഷവും ഹയർസെക്കൻഡറിയിൽ ഏഴര ലക്ഷത്തോളം വിദ്യാർഥികളും വൊക്കേഷണൽ ഹയർസെക്കൻഡറി വിഭാഗത്തിൽ 66,000 വിദ്യാർഥികളുമാണുള്ളത്. കൂടാതെ പ്രീ പ്രൈമറി വിഭാഗത്തിൽ തിങ്കൾ മുതൽ വെള്ളി വരെ ദിവസങ്ങളിൽ ഓരോ ദിവസവും 50 ശതമാനം കുട്ടികളെ ഉൾപ്പെടുത്തി ഉച്ചവരെ ക്ലാസുകൾ ഉണ്ടാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."