റഷ്യൻ പട തൊട്ടടുത്ത് ; ഉക്രൈനിലേക്ക് 20 കി.മീ മാത്രം
മോസ്കോ
യുദ്ധം ഏതുനിമിഷവും ഉണ്ടാകുമെന്ന ആശങ്കകൾ സൃഷ്ടിച്ച് റഷ്യൻ സേന ഉക്രൈന് 20 കി.മീ അടുത്തെത്തി. ഉക്രൈൻ അതിർത്തിയിൽ റഷ്യ സൈനികവിന്യാസം നടത്തുന്ന ഉപഗ്രഹ ചിത്രങ്ങൾ പുറത്തുവന്നു. റഷ്യയും ഉക്രൈനും നയതന്ത്രബന്ധം അവസാനിപ്പിക്കാനൊരുങ്ങുകയാണ്. ഉക്രൈനിലെ എംബസി ഉദ്യോഗസ്ഥരെ റഷ്യ ഒഴിപ്പിക്കാനാരംഭിച്ചു. തങ്ങളുടെ പൗരന്മാരോട് എത്രയും പെട്ടെന്ന് റഷ്യ വിടാൻ ഉക്രൈൻ നിർദേശം നൽകി.
ബെൽഗൊരോദിലെ സൈനിക പാളയത്തിൽ റഷ്യപുതിയൊരു ഫീൽഡ് ആശുപത്രി സജ്ജമാക്കിയിട്ടുണ്ട്. ഇത് യുദ്ധത്തിനുള്ള ഒരുക്കമായാണ് വിലയിരുത്തപ്പെടുന്നത്. ഉക്രൈൻ അതിർത്തിയിൽ നിന്ന് 20 കി.മീ മാത്രം അകലെയുള്ള ബെൽഗൊരോദിൽ കൂടുതൽ സൈനികരെയും യുദ്ധോപകരണങ്ങളും റഷ്യ വിന്യസിച്ചതായും കൊളറാഡോയിലെ ബഹിരാകാശ സാങ്കേതിക കമ്പനിയുടെ ഉപഗ്രഹ ചിത്രങ്ങളിലുണ്ട്.
ചിത്രങ്ങളിൽ തെക്കൻ ബെലാറസിലും ഉക്രൈൻ അതിർത്തിക്കു സമീപം പടിഞ്ഞാറൻ റഷ്യയിലും കൂടുതൽ സൈനികരെ വിന്യസിച്ചിരിക്കുന്നതും ടാങ്കുകളും മറ്റും എത്തിച്ചതും കാണാം. തെക്കൻ ബെലാറസിനു സമീപം മോസറിലുള്ള ചെറിയ വ്യോമത്താവളത്തിൽ നൂറിലേറെ സൈനിക വാഹനങ്ങളും സൈനിക ടെന്റുകളും ചിത്രങ്ങളിൽ വ്യക്തമാണ്. ഇത് ഉക്രൈൻ അതിർത്തിയിൽ നിന്ന് 40 കി.മീ മാത്രം അകലെയാണ്. ടാങ്കുകൾ പോലുള്ള യുദ്ധോപകരണങ്ങൾ കൊണ്ടുപോകാനുപയോഗിക്കുന്ന എച്ച്.ഇ.ടി വാഹനങ്ങൾ ഉക്രൈന്റെ കിഴക്കൻ അതിർത്തിയുടെ 40 കി.മീ അകലെ നിലയുറപ്പിച്ചിട്ടുമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."