ജിദ്ദ - മലപ്പുറം ജില്ല കെ എം സി സി കുടുംബ സുരക്ഷാ പദ്ധതിക്ക് തുടക്കമായി
ജിദ്ദ: മലപ്പുറം ജില്ല കെ എം സി സി യുടെ 2022 -2023 വർഷത്തേക്കുള്ള കുടുംബ സുരക്ഷാ പദ്ധതിയുടെ അംഗത്വ കാമ്പയിന് തുടക്കമായി. ഷറഫിയ ഇമ്പാല ഗാർഡൻ വില്ല ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ചടങ്ങ് ജിദ്ദ കെ എം സി സി സെൻട്രൽ കമ്മറ്റി ജനറൽ സെക്രട്ടറി അബൂബക്കർ അരിമ്പ്ര ഉദ്ഘാടനം ചെയ്തു. പ്രവാസ വിരാമ പദ്ധതി അടക്കം വിവിധ ആനുകൂല്യങ്ങൾ ജില്ല കെ എം സി സി യുടെ കുടുംബ സുരക്ഷാ പദ്ധതിയിൽ ഉൾപെടുത്തിയതാണ് കഴിഞ്ഞ വർഷം മലപ്പുറം ജില്ല കെ എം സി സി യുടെ കുടുംബ സുരക്ഷാ പദ്ധതി വൻ വിജയമാകാൻ കാരണമെന്ന് അരിമ്പ്ര അബൂബക്കർ പറഞ്ഞു.
കെഎംസിസി സെൻട്രൽ കമ്മറ്റി വൈസ് പ്രസിഡന്റ് റസാക്ക് മാസ്റ്റർ കുടുംബ സുരക്ഷാ പദ്ധതിയുടെ അപേക്ഷ ഫോറം കൊണ്ടോട്ടി മണ്ഡലം കെ എം സി സി ആക്ടിങ് പ്രസിഡന്റ് അബൂബക്കർ മാസ്റ്റർക്ക് കൈമാറി പദ്ധതിക്ക് തുടക്കം കുറിച്ചു. പരിപാടിയിൽ ജിദ്ദയിലെ പ്രമുഖ കോർപ്പറേറ്റ് ട്രെയ്നറും കൺസൾട്ടന്റു മായ എം.എം ഇർഷാദ് മോട്ടിവേഷൻ ക്ലാസ് എടുത്തു. സഊദിയിൽ ഇപ്പോൾ നടന്ന് കൊണ്ടരിക്കുന്ന പരിവർത്തനങ്ങൾ ഉൾക്കൊണ്ട് അതിന് അനുസരിച്ച് സ്വയം നവീകരിക്കുവാൻ നാം തയ്യാറാവണമെന്നും പല കമ്പനികളും ജോലിക്കാരെ കുറച്ച് കൊണ്ട് വരുമ്പോൾ കമ്പനിക്ക് ആവശ്യമുള്ള അറിവ് കരസ്ഥമാക്കിയ അപ്ഡേറ്റ് ആയ നന്നായി ജോലി ചെയ്യുന്ന ജോലിക്കാരെ മാത്രമേ കമ്പനികൾ ഒഴിവാക്കാതെ നിർത്തുകയുള്ളു എന്നും അത് കൊണ്ട് കൂടുതൽ സമയം യൂട്യൂബും മറ്റും ഉപയോഗപെടുത്തി പഠനത്തിന് സമയം കണ്ടെത്തണമെന്നും ഇർഷാദ് പറഞ്ഞു. സഊദിയിൽ ചേരി പ്രദേശങ്ങൾ ഇല്ലാതാക്കുന്നതിന്റെ ഭാഗമായി നടക്കുന്ന മാറ്റങ്ങൾ ജോലി നഷ്ടപ്പെടുക മാത്രമല്ല പല പുതിയ സാധ്യതകളും തുറന്നിടുകയുമാണ് എന്ന് നാം മനസിലാക്കണമെന്നും ഇർഷാദ് പറഞ്ഞു.
ജിദ്ദ മലപ്പുറം ജില്ല കെ എം സി സി ജനറൽ സെക്രട്ടറി ഹബീബ് കല്ലൻ പരിപാടിയിൽ സുരക്ഷ പദ്ധതിയെപ്പറ്റി വിശദീകരിച്ചു. കഴിഞ്ഞ വർഷത്തെ പോലെ ഇപ്രാവശ്യവും ജിദ്ദ - മലപ്പുറം ജില്ലാ കെ എം സി സി യുടെ കുടുംബ സുരക്ഷാ പദ്ധതിയിൽ ചേർന്ന് പ്രവാസ വിരാമ പദ്ധതി പ്രകാരം നാട്ടിൽ പോകുന്ന പ്രവാസിക്ക് 25,000 രൂപ വരെ നൽകുന്ന പദ്ധതിയും ജീവിച്ചിരിക്കെ തന്നെ ജോലി ചെയ്യാൻ സാധിക്കാത്ത രൂപത്തിൽ അപകടത്തിൽ പെടുന്നവർക്ക് ഒരു ലക്ഷം നൽകുന്ന പദ്ധതിയും തുടരുമെന്നും ഹബീബ് പറഞ്ഞു. കഴിഞ്ഞ കാലയളവിൽ മാത്രം 34 ആളുകൾ പ്രവാസ വിരാമ പദ്ധതി ഉപോയാഗപ്പെടുത്തിയതായും ജിദ്ദയിൽ വെച്ച് മരിച്ച എട്ടോളം പേർക്ക് മരണാനാന്തര സഹായവും ഇരുപത്തഞ്ചോളം പേർക്ക് ചികിൽസാ ആനുകൂല്യങ്ങങ്ങളും നൽകിയതായി പരിപാടിയിൽ അദ്ധ്യക്ഷത വഹിച്ച കുടുംബ സുരക്ഷാ പദ്ധതി ചെയർമാൻ ഇല്യാസ് കല്ലിങ്ങൽ പറഞ്ഞു.
നാസർ കാടാമ്പുഴ ഖിറാആത്ത് നടത്തി. സബീൽ മമ്പാട് സ്വാഗതം പറഞ്ഞു. മലപ്പുറം ജില്ല കമ്മറ്റി ഭാരവാഹികളായ ജലാൽ തേഞ്ഞിപ്പലം, അശ്റഫ് വി.വി, അബ്ബാസ് വേങ്ങൂർ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. സുൽഫീക്കർ ഒതായി നന്ദി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."