മൂന്നു വയസുകാരിക്ക് മർദനമേറ്റ സംഭവം അമ്മയും അമ്മൂമ്മയും ആത്മഹത്യക്ക് ശ്രമിച്ചു
കൊച്ചി
തൃക്കാക്കരയിൽ മർദനമേറ്റ മൂന്നു വയസുകാരിയുടെ അമ്മയും അമ്മൂമ്മയും ആത്മഹത്യക്ക് ശ്രമിച്ചു. ഇന്നലെ പുലർച്ചെ ഒന്നോടെ കോലഞ്ചേരിയിലെ ആശുപത്രിയിലായിരുന്നു സംഭവം. അമ്മ കൈഞരമ്പ് മുറിച്ചും അമ്മൂമ്മ കൈഞരമ്പും കഴുത്തും മുറിച്ചാണ് ആത്മഹത്യക്ക് ശ്രമിച്ചത്. ഇരുവരുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
കുട്ടി കിടക്കുന്ന ഐ.സി.യുവിനു സമീപത്തെ ശുചിമുറിയിൽ വച്ചാണ് അമ്മ കൈഞരമ്പ് മുറിച്ചത്. ശുചിമുറിയിൽ കയറിയ അമ്മ ഏറെനേരം കഴിഞ്ഞിട്ടും പുറത്തിറങ്ങാതിരുന്നതോടെ സെക്യൂരിറ്റി കതകിൽ മുട്ടുകയായിരുന്നു. തുടർന്ന് വാതിൽ തുറന്ന് പുറത്തിറങ്ങിയ അമ്മ ബോധംകെട്ട് തറയിൽവീണു. ഈസമയം കൈത്തണ്ടയിൽനിന്ന് രക്തം വാർന്നുകൊണ്ടിരിക്കുകയായിരുന്നു. ഉടൻ അത്യാഹിത വിഭാഗത്തിലേക്ക് മാറ്റി.
ശേഷം വിവരം അറിയിക്കാനായി അമ്മൂമ്മയുടെ അടുത്തെത്തിയപ്പോഴാണ് അവർ കൈത്തണ്ടയും കഴുത്തും മുറിച്ചനിലയിൽ കാണപ്പെട്ടത്. ഉടൻ അമ്മൂമ്മയേയും അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചു. നിലവിൽ ഇരുവരും ഐ.സി.യുവിലാണ്. സാമ്പത്തിക ബാധ്യതയാകാം ആത്മഹത്യയ്ക്ക് കാരണമെന്നാണ് സൂചന. കഴിഞ്ഞദിവസം ആശുപത്രി ബിൽ അടയ്ക്കുന്നതിനു സാമ്പത്തിക ബുദ്ധിമുട്ടുള്ള കാര്യം അമ്മൂമ്മ പലരോടും പറഞ്ഞിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."