പ്രവാസികളോടുള്ള ക്രൂരത അവസാനിപ്പിക്കുക: റിയാദ് മലപ്പുറം ജില്ല കെഎംസിസി വെൽഫെയർ വിങ്
റിയാദ്: കൊവിഡ് പ്രതിസന്ധിയിൽ പ്രയാസപ്പെട്ട് നാടണയുന്ന പ്രവാസികളോട് കേന്ദ്ര-കേരള സർക്കാരുകൾ തുടരുന്ന ക്രൂരതാ മനോഭാവം അവസാനിപ്പിക്കണമെന്ന് റിയാദ് മലപ്പുറം ജില്ലാ കെഎംസിസി വെൽഫെയർ വിങ് കമ്മിറ്റി ആവശ്യപ്പെട്ടു. കൊവിഡ് കാലത്ത് ഏറ്റവും കൂടുതൽ പ്രതിസന്ധികൾ അനുഭവിച്ച വിഭാഗം പ്രവാസികൾ ആയിരുന്നു. രോഗബാധയുടെ തുടക്കം മുതൽ ജോലി സംബന്ധമായും ആരോഗ്യപരമായും മറ്റും കടുത്ത വെല്ലുവിളികൾ പ്രവാസികൾ നേരിട്ട സമയത്തൊന്നും പ്രവാസിപക്ഷ നിലപാട് സ്വീകരിക്കാൻ അധികാരികൾ തയ്യാറായില്ല.
ഇപ്പോൾ കേന്ദ്ര സർക്കാരിന്റെ പുതുക്കിയ കൊവിഡ് പ്രതിരോധ മാർഗ്ഗരേഖ പ്രകാരം നാട്ടിലേക്ക് മടങ്ങുന്ന ഓരോ പ്രവാസിയും യാത്രയുടെ 72 മണിക്കൂറിനകം എടുത്ത് ആർടിപിസിആർ ടെസ്റ്റിന്റെ റിസൾട്ട് കയ്യിൽ കരുത്തേണ്ടതുണ്ട്. വലിയ തുക മുടക്കി ടെസ്റ്റ് ചെയ്ത് രോഗമില്ലെന്ന സാക്ഷ്യപത്രവുമായി നാട്ടിലെത്തുമ്പോൾ നാട്ടിലെ എയർപോർട്ടിൽ നിന്ന് പുറത്തിറങ്ങണമെങ്കിൽ സംസ്ഥാന സർക്കാർ നിർദ്ദേശിച്ച കൊവിഡ് പരിശോധന നടത്തണം.
ഇതുകഴിഞ്ഞു ക്വാറന്റൈൻ കഴിയുന്ന മുറക്ക് വീണ്ടും ടെസ്റ്റ് നടത്തേണ്ടി വരുന്നു. തനിച്ചും കുടുംബ സമേതവും നാട്ടിലേക്ക് പോകുന്ന പ്രവാസികൾക്ക് ഇത് വലിയ സാമ്പത്തിക ബാധ്യതയാണ് വരുത്തി വെക്കുന്നത്. നാട്ടിൽ രാഷ്ട്രീയവും മറ്റുമായ മുഴുവൻ പരിപാടികളും സകല കൊവിഡ് പ്രതിരോധ മുൻകരുതലുകളും ലംഘിച്ച് യഥേഷ്ടം നടക്കുമ്പോഴും കൊവിഡ് പ്രതിരോധമെന്ന പേരിൽ പ്രവാസികളെ മാത്രം സർക്കാരുകൾ ചൂഷണം ചെയ്യുകയാണ്. അകാരണമായുള്ള ഈ നിബന്ധനകൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് ജില്ലാ വെൽഫെയർ വിങ് കേരളാ മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, ആരോഗ്യ മന്ത്രി, വിവിധ മന്ത്രിമാർ, എം.എൽ.എ മാർ, എംപിമാർ, നോർക്ക റൂട്ട്‌സ് തുടങ്ങിയവർക്ക് നിവേദനം സമർപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."