സ്വപ്‌ന വിഷയം സഭയിൽ വേണ്ടെന്ന് സ്പീക്കർ; പ്രതിഷേധം ഡയസിനു മുന്നിൽ ബാനർ; സ്പീക്കർ ഇറങ്ങിപ്പോയി സഭ പിരിഞ്ഞു, ഇനി മാർച്ച് 11ന്
സ്വന്തം ലേഖകൻ
തിരുവനന്തപുരം
നയതന്ത്ര സ്വർണക്കടത്തു കേസ് പ്രതി സ്വപ്‌ന സുരേഷിന്റെ പുതിയ വെളിപ്പെടുത്തൽ സഭയിൽ കൊണ്ടു വരാനുള്ള പ്രതിപക്ഷ നീക്കം തടഞ്ഞ് സ്പീക്കർ. ശൂന്യവേളയിൽ സ്വപ്‌നയുടെ വെളിപ്പെടുത്തലിൽ ചർച്ച ആവശ്യപ്പെട്ട് പ്രതിപക്ഷത്തുനിന്ന് ഷാഫി പറമ്പിലാണ് അടിയന്തരപ്രമേയ നോട്ടിസിന് അനുമതി തേടിയത്.
സാധാരണ നോട്ടിസ് അനുവദിക്കാറുണ്ടെങ്കിലും കേസുമായി ബന്ധപ്പെട്ട നടപടികൾ കോടതിയുടെ പരിഗണനയിലായതിനാലും അടിയന്തര പ്രാധാന്യമുള്ള വിഷയമല്ലാത്തതിനാലും ഈ വിഷയം അനുവദിക്കാനാകില്ലെന്ന് സ്പീക്കർ എം.ബി രാജേഷ് നിലപാടെടുത്തു. ഇതോടെ പ്രതിപക്ഷം ബഹളം തുടങ്ങി. ഇതിനിടെ സ്പീക്കർ ശ്രദ്ധക്ഷണിക്കലിലേക്ക് കടന്നു. മുദ്രാവാക്യം വിളിയുമായി പ്രതിപക്ഷം സ്പീക്കറുടെ ഡയസിനടുത്തെത്തി പ്രതിഷേധിച്ചു. പ്രതിപക്ഷ നേതാവിന് സമയം നൽകാമെന്ന് പറഞ്ഞ് സ്പീക്കർ പ്രതിഷേധം തണുപ്പിച്ചു. സമാന സാഹചര്യങ്ങളിൽ മുമ്പും പലതവണ പ്രമേയം അനുവദിച്ചിട്ടുണ്ടെന്ന് വി.ഡി സതീശൻ ചൂണ്ടിക്കാട്ടിയെങ്കിലും അനുവദിക്കേണ്ടെന്ന നിലപാടിൽ സ്പീക്കർ ഉറച്ചുനിന്നു.
പിന്നാലെ പുതിയ ചട്ടങ്ങൾ സൃഷ്ടിക്കുകയാണെന്ന് കുറ്റപ്പെടുത്തി പ്രതിപക്ഷം ബഹളം ആരംഭിച്ചു. ഇതിനിടെ ഭരണകക്ഷിയിലെ അംഗങ്ങൾ സ്പീക്കർക്ക് പിന്തുണയുമായി എഴുന്നേറ്റു. പരസ്പരം പോർവിളി തുടങ്ങി. പ്രതിപക്ഷാംഗങ്ങൾ നടുത്തളത്തിലിറങ്ങി സ്പീക്കറുടെ ഡയസിന് മുന്നിലെത്തിയതോടെ ഭരണപക്ഷവുംപ്രതിരോധവുമായി അണിനിരന്നു.
പ്രതിപക്ഷാംഗങ്ങൾ സ്പീക്കറുടെ ഡയസിനു മുകളിലേക്ക് ബാനർ ഉയർത്തിയതോടെ ഇത്തരം പ്രതിഷേധം ചട്ടലംഘനമാണെന്നും ബാനർ മാറ്റണമെന്നും ആവശ്യപ്പെട്ട് സ്പീക്കർ കസേരയിൽനിന്ന് എഴുന്നേറ്റു. പ്രതിപക്ഷം പ്രതിഷേധം തുടർന്നതോടെ ക്ഷുഭിതനായ സ്പീക്കർ ഇറങ്ങിപ്പോയി.
സാധാരണ സഭ നിർത്തിവയ്ക്കുന്നുവെന്ന് റൂൾ ചെയ്തതിനു ശേഷമാണ് സ്പീക്കർ ചെയർ വിടുക. എന്നാൽ സ്പീക്കർ ഒന്നും മിണ്ടാതെ ഇറങ്ങി പോയതോടെ അനിശ്ചിതാവസ്ഥയായി. പിന്നീട് കക്ഷി നേതാക്കളുമായി അരമണിക്കൂറോളം നടത്തിയ ചർച്ചയ്ക്കു ശേഷം സഭ വീണ്ടും ചേർന്നെങ്കിലും പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു.
ഇതിനിടെ സ്പീക്കർ മറ്റു നടപടികളിലേക്ക് കടന്നു. നന്ദി പ്രമേയ ചർച്ച അവസാനിപ്പിച്ച് മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും മറുപടിയും കഴിഞ്ഞ് ചർച്ച പൂർത്തിയാക്കി സഭ പിരിഞ്ഞു. ഇനി മാർച്ച് 11ന് ബജറ്റോടെ സഭ പുനരാരംഭിക്കും. മാർച്ച് 18 വരെയായിരിക്കും സഭ കൂടുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."