സ്ത്രീകളുടെ വിവാഹപ്രായം ഉയർത്താനുള്ള കേന്ദ്ര നീക്കം; വിയോജിപ്പുമായി ആർ.എസ്.എസ്
ന്യൂഡൽഹി
സ്ത്രീകളുടെ വിവാഹപ്രായം 18ൽ നിന്ന് 21 ആക്കി ഉയർത്താനുള്ള കേന്ദ്ര സർക്കാർ നീക്കത്തിൽ വിയോജിപ്പുമായി ആർ.എസ്.എസ്. വിവാഹപ്രായം സംബന്ധിച്ച് സർക്കാർ നിർദേശിച്ച നിയമ ഭേദഗതിയിൽ തങ്ങൾക്ക് അഭിപ്രായവ്യത്യാസമുണ്ടെന്നും അത്തരം പ്രശ്‌നങ്ങൾ സമൂഹത്തിന് വിട്ടുകൊടുക്കണമെന്നാണ് തങ്ങൾ വിശ്വസിക്കുന്നതെന്നും മുതിർന്ന ആർ.എസ്.എസ് നേതാവ് വ്യക്തമാക്കി. അടുത്തമാസം 11 മുതൽ 13 വരെ അഹമ്മദാബാദിൽ ആർ.എസ്.എസിന്റെ അഖില ഭാരതീയ പ്രതിനിധി സഭ ചേരാനിരിക്കെയാണ് വിവാഹപ്രായത്തിൽ ആർ.എസ്.എസ് നിലപാട് അറിയിച്ചിരിക്കുന്നത്.
വിവാഹപ്രായം സംബന്ധിച്ച വിഷയത്തിൽ ചർച്ച പുരോഗമിക്കുകയാണെന്നും ഇത് സംബന്ധിച്ച പല അഭിപ്രായങ്ങളും ഉയർന്നുവരുന്നുണ്ടെന്നും ആർ.എസ്.എസ് നേതാവ് പറഞ്ഞു. ഗ്രാമങ്ങളിലും ആദിവാസി മേഖലകളിലും വിവാഹങ്ങൾ നേരത്തെ നടക്കുന്നു. നേരത്തെയുള്ള വിവാഹം പെൺകുട്ടികളുടെ വിദ്യാഭ്യാസം തടസ്സപ്പെടുത്തുന്നുവെന്നും നേരത്തെ ഗർഭം ധരിക്കേണ്ടി വരുന്നുവെന്നുമാണ് സർക്കാർ വാദം. എന്നാൽ, ഇത്തരം കാര്യങ്ങളിൽ സർക്കാർ എത്രമാത്രം ഇടപെടണം എന്നതാണ് വിഷയം. എല്ലാം സർക്കാർ തീരുമാനിക്കേണ്ടതല്ല. ചില കാര്യങ്ങൾ സമൂഹത്തിന് വിട്ടുകൊടുക്കണമെന്നും ആർ.എസ്.എസ് നേതാവ് പറഞ്ഞു.
ഹിജാബ് വിവാദം പ്രാദേശിക തലത്തിൽ തന്നെ തീർക്കേണ്ട വിഷയമായിരുന്നു. ഇത് ദേശീയ തലത്തിലേക്ക് ഉയർത്തിക്കൊണ്ടു വന്നത് ശരിയായില്ല. ഇത് സംബന്ധിച്ച് അഖില ഭാരതീയ പ്രതിനിധി സഭ ചർച്ച ചെയ്യുമെന്നും ആർ.എസ്.എസ് നേതാവ് വ്യക്തമാക്കി. കഴിഞ്ഞ വർഷം ഡിസംബറിലാണ് സ്ത്രീകളുടെ വിവാഹപ്രായം 18ൽ നിന്ന് 21 ആക്കി ഉയർത്തുന്ന ബിൽ സർക്കാർ കൊണ്ടുവന്നത്. പ്രതിപക്ഷത്തിന്റെ വിമർശനത്തെ തുടർന്ന് ബിൽ കൂടുതൽ ചർച്ചക്കായി പാർലമെന്ററി സ്റ്റാന്റിങ് കമ്മിറ്റിക്ക് വിട്ടിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."