ഡോക്ടര്‍മാര്‍ വീണ്ടും സമരത്തിലേക്ക്; ഇന്ന് മുതല്‍ ഡ്യൂട്ടി ബഹിഷ്കരിക്കും
തിരുവനന്തപുരം: ശമ്പള കുടിശ്ശികയും അലവന്‍സും നല്‍കാത്തതില്‍ പ്രതിഷേധിച്ച് സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലെ ഡോക്ടര്‍മാര്‍ വീണ്ടും സമരത്തിലേക്ക്. ഇന്നു മുതല്‍ അനിശ്ചിതകാല ചട്ടപ്പടി സമരം ആരംഭിക്കുമെന്ന് കേരള ഗവ. മെഡിക്കല്‍ കോളജ് ടീച്ചേഴ്സ് അസോസിയേഷന് (കെ.ജി.എം.സി.ടി.എ) അറിയിച്ചു. വി.ഐ.പി ഡ്യൂട്ടി, പേ വാര്‍ഡ് ഡ്യൂട്ടി, നോണ്‍ കൊവിഡ്, നോണ്‍ എമര്‍ജന്‍സി മീറ്റിങ്ങുകള്‍ എന്നിവയും അധികജോലികളും ബഹിഷ്കരിക്കും. ഇന്ന് സംസ്ഥാന തലത്തില്‍ ഡോക്ടര്‍മാര്‍ വഞ്ചനാ ദിനവും തുടര്‍ന്നുളള ദിവസങ്ങളില്‍ കരിദിനവും ആചരിക്കും.
രോഗികള്‍ക്കും ജനങ്ങള്‍ക്കും വിശദീകരണ കുറിപ്പും നല്‍കും. ഇന്ന് എല്ലാ മെഡിക്കല്‍ കോളജിലെയും പ്രിന്‍സിപ്പല്‍ ഓഫിസിനു മുന്നിലും തിരുവനന്തപുരത്ത് ഡി.എം.ഇ ഓഫിസിനു മുന്നിലും പ്രതിഷേധ ജാഥയും ധര്‍ണയും നടത്തും. സമരത്തില്‍ തീരുമാനമായില്ലെങ്കില്‍ 10ന് സെക്രട്ടേറിയറ്റിനു മുന്നില്‍ ഡോക്ടര്‍മാര്‍ മെഴുകുതിരി കത്തിച്ച് പ്രതിഷേധിക്കും. 17ന് 24 മണിക്കൂര്‍ ഒ.പിയും ഇലെക്റ്റീവ് ശസ്ത്രക്രിയകളും അധ്യാപനവും ബഹിഷ്കരിക്കുമെന്നും അസോസിയേഷന് അറിയിച്ചു.
2016 മുതലുള്ള ശമ്പള കുടിശ്ശികയും അലവന്‍സും മെഡിക്കല്‍ കോളജ് ഡോക്ടര്‍മാര്‍ക്ക് ലഭിക്കാനുണ്ട്. രണ്ടാഴ്ച മുന്‍പ് ആരോഗ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയില്‍ 2017 മുതലുള്ള ശമ്പള കുടിശ്ശികയും അലവന്‍സും നല്കാന് തീരുമാനമായിരുന്നു. എന്നാല്‍ 2020 മുതലുള്ള കുടിശ്ശിക നല്‍കാമെന്നാണ് ഉത്തരവിറക്കിയത്. ഇതില്‍ പ്രതിഷേധിച്ചാണ് ഡോക്ടര്‍മാര്‍ വീണ്ടും സമരത്തിലേക്ക് കടക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."