സി.പി.എം സംസ്ഥാന സമ്മേളനം വിമർശനങ്ങൾ ദുർബലം; എതിർസ്വരമുയർത്താൻ മടിച്ച് പ്രതിനിധികൾ പൊട്ടലും ചീറ്റലുമില്ലാതെ കൊടിയിറക്കം
വി. അബ്ദുൽ മജീദ്
കൊച്ചി
സി.പി.എമ്മിന്റെ 23ാം പാർട്ടി കോൺഗ്രസിനു മുന്നോടിയായി നടന്ന സംസ്ഥാന സമ്മേളനത്തിന് ഇന്നലെ കൊടിയിറങ്ങിയത് കാര്യമായ പൊട്ടലും ചീറ്റലുമില്ലാതെ. വിഭാഗീയതയുടെ പതിറ്റാണ്ടുകൾക്കു ശേഷം തീർത്തും ശാന്തമായ അന്തരീക്ഷത്തിൽ നടന്ന ഈ സമ്മേളനം പാർട്ടിയിൽ അച്ചടക്കത്തിന്റെ പുതുയുഗപ്പുലരി എന്ന നിലയിലായിരിക്കും കേരള രാഷ്ട്രീയ ചരിത്രത്തിൽ അടയാളപ്പെടുന്നത്.
37 വർഷം മുമ്പ് 12ാം പാർട്ടി കോൺഗ്രസിനു മുന്നോടിയായി എറണാകുളത്തു തന്നെ നടന്ന സംസ്ഥാന സമ്മേളനത്തിൽ അന്നത്തെ വിമത വിഭാഗത്തിനു വേണ്ടി എം.വി രാഘവൻ അവതരിപ്പിച്ച ബദൽ രേഖയോടെ തുടക്കമിട്ട കടുത്ത വിഭാഗീയപ്പോരാട്ടം പിന്നീട് വിവിധ രൂപഭാവങ്ങളിൽ പാർട്ടിയെ വിടാതെ പിന്തുടരുകയായിരുന്നു. എം.വി രാഘവനും കൂട്ടരും പാർട്ടിയിൽനിന്ന് പുറത്താക്കപ്പെട്ടതോടെ ആ ചേരിക്ക് അന്ത്യമായെങ്കിലും തൊട്ടുപിറകെ സി.ഐ.ടി.യു പക്ഷമായും വി.എസ് അച്യുതാനന്ദന്റെ നേതൃത്വത്തിലുള്ള പക്ഷമായും രണ്ടു പ്രബല ചേരികൾ പാർട്ടിയിൽ രൂപംകൊണ്ടു. പുതിയ നൂറ്റാണ്ടിനോടടുത്തപ്പോൾ വി.എസിന്റെയും പിണറായി വിജയന്റെയും നേതൃത്വത്തിലുള്ള രണ്ടു ചേരികളായി വിഭാഗീയത രൂപാന്തരം പ്രാപിച്ചു.
സി.പി.എമ്മിലെ വിഭാഗീയത കേരള രാഷ്ട്രീയത്തിന്റെ കേന്ദ്രബിന്ദുവായി മാറിയ ഈ നീണ്ട കാലയളവിൽ പാർട്ടി സമ്മേളനങ്ങൾ കടുത്ത ചേരിപ്പോരുകളുടെയും വെട്ടിനിരത്തലിന്റെയും വേദികളായി.
ഒടുവിൽ പ്രായാധിക്യത്തിന്റെ അവശതകൾ മൂലം ക്രമേണ പാർട്ടിയിലെ സജീവ ഇടപെടലുകളിൽനിന്ന് വി.എസ് പിന്മാറിത്തുടങ്ങി. അതോടെ വി.എസ് പക്ഷം ക്ഷയിക്കാനും തുടങ്ങി. വളരെ ചെറിയ തോതിലുള്ള ഭിന്നതകൾ മാത്രമുയർന്ന 2018ലെ തൃശൂർ സമ്മേളനം വി.എസ് പക്ഷത്തിന്റെ അസ്തമയത്തിന്റെ അടയാളങ്ങളോടെയാണ് സമാപിച്ചത്.
ഇത്തവണ സമ്മേളനത്തിലെത്തിയപ്പോൾ വി.എസ് പക്ഷത്തിന്റെ ചെറിയൊരു അവശിഷ്ടം പോലുമില്ല പാർട്ടിയിൽ. ഏരിയാ കമ്മിറ്റികളിലും മറ്റുമായി അതതു പ്രദേശങ്ങളിലെ വിഷയങ്ങളുമായി ബന്ധപ്പെട്ടുള്ള പ്രാദേശിക വിഭാഗീയതകൾ മാത്രമാണ് അവശേഷിക്കുന്നത്.
സമ്മേളനത്തിൽ റിപ്പോർട്ടിൻമേലും വികസന നയരേഖയിലും നടന്ന ചർച്ചകൾ ചൂടുപിടിച്ചില്ല. പൊലിസ് നയമടക്കമുള്ള ചില വിഷയങ്ങളിൽ വിയോജിപ്പുകളുയർന്നെങ്കിലും അതൊന്നും ശക്തമായിരുന്നില്ല. പാർട്ടിയുടെ രാഷ്ട്രീയ സമീപനങ്ങളിൽ ആർക്കുമുണ്ടായിരുന്നില്ല എതിർപ്പ്. നേതൃത്വത്തിനെതിരേ, പ്രത്യേകിച്ച് മുഖ്യമന്ത്രി പിണറായി വിജയനെതിരേ ശബ്ദമുയർത്താൻ പ്രതിനിധികളെല്ലാം മടിക്കുന്ന അവസ്ഥയായിരുന്നു സമ്മേളനത്തിലുടനീളം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."