മുസ്ലിം ലീഗ് സ്ഥാനാര്‍ഥി പ്രഖ്യാപനം ഒരാഴ്ചയ്ക്കകം
മലപ്പുറം: നിയമസഭാ തെരഞ്ഞെടുപ്പിലും മലപ്പുറം ലോക്സഭാ ഉപതെരഞ്ഞെടുപ്പിലും മത്സരിക്കുന്ന മുസ്ലിം ലീഗ് സ്ഥാനാര്‍ഥികളെ അഞ്ചുദിവസത്തിനകം പ്രഖ്യാപിക്കും. സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുന്നതിനു മുന്നോടിയായി നാളെ മലപ്പുറത്ത് ജില്ലാ ഭാരവാഹികളുടേയും പാര്‍ട്ടി മത്സരിക്കുന്ന മണ്ഡലങ്ങളിലെ ഭാരവാഹികളുടേയും യോഗം ചേരും.
ഒന്‍പതിനോ തൊട്ടടുത്ത ദിവസമോ ആയിരിക്കും പാര്‍ലമെന്റ് പാര്‍ട്ടി യോഗം ചേര്‍ന്നു സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്തുക. സീറ്റ് വിഭജനം സംബന്ധിച്ച് യു.ഡി.എഫില്‍ നടത്തിയ ചര്‍ച്ചകള്‍ ഇന്നലെ ചേര്‍ന്ന ഉന്നതാധികാര സമിതിയില്‍ വിലയിരുത്തി.
ഇതിന്റെ അടിസ്ഥാനത്തില്‍ മുന്നണിയില്‍ ഒരു ചര്‍ച്ച കൂടി നടത്താന്‍ തീരുമാനിച്ചതായി ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. അഭിപ്രായ വ്യത്യാസങ്ങള്‍ ഇക്കാര്യത്തിലില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇന്നലെ മലപ്പുറത്ത് ചേര്‍ന്ന മുസ്ലിം ലീഗ് ഉന്നതാധികാര സമിതി യോഗത്തില്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ അധ്യക്ഷനായി. ഉന്നതാധികാര സമിതി അംഗം സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, ദേശീയ സീനിയര്‍ വൈസ് പ്രസിഡന്റ് അബ്ദുസമദ് സമദാനി, ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി, ഓര്‍ഗനൈസിങ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, ട്രഷറര്‍ പി.വി അബ്ദുല്‍ വഹാബ്, സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്, നിയമസഭാ പ്രതിപക്ഷ ഉപനേതാവ് ഡോ.എം.കെ മുനീര്‍ എന്നിവരും, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് എന്നിവരും യോഗത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."