ഹൈദരലി ശിഹാബ് തങ്ങളുടെ വിയോഗം: അനുശോചിച്ച് നേതാക്കള്‍
എറണാകുളം: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ വൈസ് പ്രസിഡന്റും മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷനുമായ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ വിയോഗത്തില്‍ അനുശോചിച്ച് നേതാക്കള്‍.
മുഖ്യമന്ത്രി പിണറായി വിജയന്‍
മതസൗഹാര്‍ദ്ദം നിലനിര്‍ത്തുന്നതില്‍ ഊന്നിയ സമീപനമായിരുന്നു ഹൈദരലി ശിഹാബ് തങ്ങളുടേത്. രാഷ്ട്രീയമായി വ്യത്യസ്ത ധ്രുവങ്ങളില്‍ നില്‍ക്കുമ്പോഴും വ്യക്തിപരമായ സൗഹൃദം കാത്തുസൂക്ഷിക്കുന്നതില്‍ എന്നും ശ്രദ്ധിച്ചിരുന്നു.രാഷ്ട്രീയ പ്രവര്‍ത്തനത്തിന് പുറമേ മറ്റു നിരവധി സംഘടനകളുടെ നേതൃത്വത്തിലും അദ്ദേഹം ദീര്‍ഘകാലം പ്രവര്‍ത്തിച്ചു. അനാഥ മന്ദിരങ്ങളുടെയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും നേതൃത്വത്തിലും അദ്ദേഹം ഉണ്ടായിരുന്നു. മത നേതാവ് എന്ന നിലയിലും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ ഉന്നത നേതാവ് എന്ന നിലയിലും അദ്ദേഹത്തിന്റെ പ്രവര്‍ത്തനം ശ്രദ്ധേയമായിരുന്നു. ശ്രീ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ കുടുംബത്തെയും സഹപ്രവര്‍ത്തകരെയും അദ്ദേഹത്തിന്റെ വിയോഗത്തില്‍ ദുഃഖിക്കുന്ന എല്ലാവരെയും അനുശോചനം അറിയിക്കുന്നതായി അദ്ദേഹം കുറിച്ചു.
മന്ത്രി പി.രാജീവ്
ഹൈദരലി ശിഹാബ് തങ്ങളുടെ മരണം വേദനാജനകമാണ്. സമൂഹമാകെ ബഹുമാനിക്കുന്ന വ്യക്തിത്വത്തിനുടമയായിരുന്നു അദ്ദേഹം. എക്കാലവും മതേതര നിലപാടുകള്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് മുന്നോട്ടുപോകാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നു.
പിതാവ് പൂക്കോയ തങ്ങളുടെയും സഹോദന്‍ ശിഹാബ് തങ്ങളുടെയും പാരമ്പര്യം ഉയര്‍ത്തി പിടിക്കാന്‍ അദ്ദേഹം ശ്രമിച്ചു. ശിഹാബ് തങ്ങളുടെ മരണ ശേഷം മുസ്ലീം ലീഗിന്റെ നേതൃസ്ഥാനത്തേക്ക് വന്ന അദ്ദേഹം കഴിഞ്ഞ 13 വര്‍ഷത്തോളം കാലം കേരള രാഷ്ട്രീയത്തിലെ പ്രധാനപ്പെട്ട രാഷ്ട്രീയ പാര്‍ടിയായി തന്നെ ഹൈദരലി തങ്ങള്‍ മുസ്ലീം ലീഗിനെ നയിച്ചു. അദ്ദേഹത്തിന്റെ വിയോഗത്തില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നതായി പി.രാജീവ് പറഞ്ഞു.
ബെന്നി ബഹനാന്‍ എം.പി
മതേതര മൂല്യത്തിന്റെ പ്രതീകമാണ് പാണക്കാട് ഹൈദരലി തങ്ങളുടെ വേര്‍പാടിലൂടെ നഷ്ടമായത്. മതസൗഹാര്‍ദവും മതേതരത്വവും കാത്തു സൂക്ഷിക്കുന്നതില്‍ അദ്ദേഹം പ്രത്യേക ശ്രദ്ധ പുലര്‍ത്തിയിരുന്നു. വര്‍ഗീയതയും വിഭാഗീയതയും തീവ്രവാദവും വളര്‍ന്ന് വരുന്ന വര്‍ത്തമാനകാലഘട്ടത്തില്‍ ഹൈദരലി തങ്ങളുടെ വിട്ടുവീഴ്ചയില്ലാത്ത നിലപാട് ഇത്തരം ശക്തികളുടെ വളര്‍ച്ചയ്ക്ക് തടയിടുന്നതായിരുന്നു. പാണക്കാട് ഹൈദരലി തങ്ങളുടെ വിയോഗം മതേതര സമൂഹത്തിന് കനത്ത നഷ്ടമാണ്.
കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാര്‍
സൗമ്യഭാവത്തോടെ സമുദായത്തിന്റെ പുരോഗതിക്ക് വേണ്ടി സജീവമായി പ്രവര്‍ത്തിച്ചവരായിരുന്നു തങ്ങള്‍. കാണുമ്പോഴെല്ലാം സൗഹൃദം പങ്കിടുകയും സമുദായവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ സംസാരിക്കുകയും ചെയ്യാറുണ്ടായിരുന്നു. അല്ലാഹു അദ്ദേഹത്തിന്റെ പരലോക ജീവിതം സന്തോഷകരമാക്കി കൊടുക്കട്ടെ. എല്ലാവരുടെയും വേദനയായ ഈ വേര്‍പാടില്‍ കുടുംബത്തിന്റെയും സമുദായത്തിന്റെയും ദുഃഖത്തില്‍ പങ്ക് ചേരുന്നു.
വി.ഡി സതീശന്‍
ആത്മീയ രാഷ്ട്രീയ നേതൃത്വത്തിന് അപ്പുറം ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ തങ്ങള്‍ ശ്രദ്ധ വച്ചു. പാവപ്പെട്ടവന്റെ ദു:ഖം സ്വന്തം ദു:ഖമായി കണ്ടു. ഉദാത്തമായ മതനിരപേക്ഷ നിലപാട് തങ്ങള്‍ ഉയര്‍ത്തി പിടിച്ചു. മൃദുഭാഷി ആയിരുന്നുവെങ്കിലും കാര്‍ക്കശ്യം നിറഞ്ഞ നിലപാടുകളായിരുന്നു ഹൈദരലി തങ്ങളുടേത്.
എം.കെ മുനീര്‍
സ്വന്തം ഇഷ്ടങ്ങളേക്കാള്‍ മറ്റുള്ളവരുടെ ഇഷ്ടങ്ങള്‍ക്ക് പ്രാധാന്യം കൊടുത്തിരുന്ന ആളായിരുന്നു ഹൈദരലി ശിഹാബ് തങ്ങള്‍. അദ്ദേഹത്തിന്റെ മരണം സമസ്തക്കും സമുദായത്തിനും സംഘടനയ്ക്കും കേരളത്തിനും വലിയ നഷ്ടമാണ്. ഏതൊരു പുതിയ വിഷയവും മുന്നിലെത്തിയാല്‍ അതിനെ കുറിച്ച് പഠിച്ച് മനസിലാക്കിയ ശേഷം മാത്രമേ അദ്ദേഹം പ്രതികരിക്കാറുള്ളൂ. അദ്ദേഹത്തിന്റെ വീട്ടുമുറ്റം കണ്ടാല്‍തന്നെ അറിയാം അദ്ദേഹം ഏതൊക്കെ പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുന്നു എന്നത്. അവിടെ സമുദായമില്ല, ജാതിയില്ല രാഷ്ട്രീയമില്ല. എല്ലാവരെയും ഒരുപോലെ പരിഗണിക്കാന്‍ അദ്ദേഹത്തിന് സാധിച്ചെന്നും എം.കെ.മുനീര്‍ ഓര്‍മിച്ചു.
എ.കെ ആന്റണി
അതികായനായ എല്ലാവരും ബഹുമാനിച്ചിരുന്ന ജ്യേഷ്ഠ സഹോദന്‍ പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളുടെ വേര്‍പാടിന് ശേഷം അദ്ദേഹം വഹിച്ചിരുന്ന ചുമതലയാണ് ഹൈദരലി തങ്ങള്‍ ഏറ്റെടുത്തത്. മുഹമ്മദലി ശിഹാബ് തങ്ങള്‍ വഹിച്ച പദവി എത്രമാത്രം വിജയകരമായി ഇദ്ദേഹത്തിനു കൊണ്ടുപോകാന്‍ കഴിയുമെന്ന് ചിലരൊക്കെ സംശയമുന്നയിച്ചിരുന്നു. എന്നാല്‍ ആ സംശയങ്ങളൊക്കെ അസ്ഥാനത്താണെന്ന് തെളിയിച്ചുകൊണ്ട് കഴിഞ്ഞ 12 വര്‍ഷമായി ഹൈദരലി തങ്ങള്‍ കാറ്റിലും കോളിലുമെല്ലാം മുസ്‌ലിം ലീഗിനെ നയിച്ചു. യുഡിഎഫിനും ഹൈദരലി തങ്ങള്‍ കരുത്തായിരുന്നു. മുസ്‌ലിം സമുദായത്തില്‍ തന്നെയുള്ള മറ്റ് സംഘടനകളും ഹൈദരലി തങ്ങളുടെ വാക്കുകള്‍ക്ക് വില കല്‍പ്പിച്ചു. മുസ്‌ലിം സമുദായത്തിന്റെ പിന്നാക്കാവസ്ഥയ്ക്ക് പരിഹാരമുണ്ടാക്കാന്‍ ശ്രമിക്കുന്നതിനൊപ്പം കുടുംബ പാരമ്പര്യം നിലനിര്‍ത്തിക്കൊണ്ട് ഇതര സമുദായങ്ങളെക്കൂടി പരിഗണിച്ച് സമുദായ സൗഹാര്‍ദത്തിനായി പരിശ്രമിച്ച വ്യക്തിയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."