വിനോദിനി ഉപയോഗിക്കുന്ന ഐഫോണ്‍ പണം കൊടുത്ത് വാങ്ങിയത്; സ്വപ്നയോ സന്തോഷ് ഈപ്പനോ കൊടുത്തതല്ലെന്ന് കോടിയേരി
തിരുവനന്തപുരം: ഭാര്യ വിനോദിനി ഉപയോഗിക്കുന്ന ഐഫോണ്‍ അവര്‍ സ്വയം പണം കൊടുത്തു വാങ്ങിയതാണെന്നും സന്തോഷ് ഈപ്പനോ കോണ്‍സുലേറ്റ് ജനറലോ ആയി തങ്ങള്‍ക്ക് ബന്ധമില്ലെന്നും കോടിയേരി ബാലകൃഷ്ണന്‍. സ്വപ്ന സുരേഷിനെ ഒരുകാലത്തും കണ്ടിട്ടില്ലെന്നും വിവാദങ്ങള്‍ കെട്ടുകഥയാണെന്നും അദ്ദേഹം പറഞ്ഞു. ഭാര്യ വിനോദിനിയും, യുണീടാക് എം.ഡി സന്തോഷ് ഈപ്പനും ഉള്‍പ്പെട്ട ഐഫോണ്‍ വിവാദവുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു കോടിയേരി.
ഭാര്യ ഉപയോഗിക്കുന്നത് ഐ ഫോണ്‍ തന്നെയാണെന്ന് കോടിയേരി ബാലകൃഷ്ണന്‍ സ്ഥിരീകരിച്ചു. എന്നാല്‍ ഇത് സന്തോഷ് ഈപ്പനോ സ്വപ്ന സുരേഷോ നല്‍കിയതല്ലെന്നാണ് അദ്ദേഹം വിശദീകരിക്കുന്നത്. സന്തോഷ് ഈപ്പനുമായി ഒരുതരത്തിലും പരിചയപ്പെടേണ്ടി വന്നിട്ടില്ല. കോണ്‍സുലേറ്റ് ജനറലുമായും ബന്ധമില്ലാത്ത സാഹചര്യത്തില്‍ എങ്ങനെയാണ് ആ ഫോണ്‍ കിട്ടുകയെന്ന് കോടിയേരി ബാലകൃഷ്മന്‍ ചോദിച്ചു.
സ്വപ്ന സുരേഷാണ് ഐഫോണ്‍ നല്‍കിയതെന്ന ആരോപണത്തെപ്പറ്റി ചോദിച്ചപ്പോള്‍ സ്വപ്ന സുരേഷിനെ ഒരു കാലത്തും കണ്ടിട്ടില്ലെന്നായിരുന്നു കോടിയേരിയുടെ മറുപടി. ഇത്തരക്കാരുമായി ബന്ധമുണ്ടാകുന്നത് ഭരണരംഗത്തു ഇടപെടുമ്പോഴാണ്. എന്നാല്‍ തനിക്കോ വിനോദിനിയ്‌ക്കോ അങ്ങനെ ഉണ്ടായിട്ടില്ല. സന്തോഷ് ഈപ്പന്‍, സ്വപ്ന സുരേഷ്, യു.എ.ഇ കോണ്‍സുലേറ്റ് ജനറല്‍ എന്നീ മൂന്ന് പേരെയും തങ്ങള്‍ കണ്ടിട്ടില്ലെന്നും കോടിയേരി വ്യക്തമാക്കി. ഇഡിയെ ഉപയോഗിച്ചുള്ള രാഷ്ട്രീയ സമ്മര്‍ദത്തിന് വഴങ്ങില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
മുഖ്യമന്ത്രിയ്ക്കും സ്പീക്കര്‍ക്കും എതിരെ നീങ്ങിയതിനു പുറമെയാണ് പാര്‍ട്ടി നേതൃത്വത്തിന്റെ ഭാഗമായവര്‍ക്കെതിരെയും കേന്ദ്ര ഏജന്‍സികള്‍ നീങ്ങുന്നതെന്നും നിയമസഭാ തെരഞ്ഞെടുപ്പ് കഴിയുന്നതു വരെ ഇതു തുടരുമെന്നും കോടിയേരി പറഞ്ഞു. കസ്റ്റംസിന്റെ നോട്ടിസ് ഇതുവരെ ലഭിച്ചിട്ടില്ലെന്നും നോട്ടിസ് ലഭിച്ച ശേഷം അതേപ്പറ്റി ആലോചിക്കാമെന്നും കോടിയേരി വ്യക്തമാക്കി.
സാധാരണ ഭരണരംഗത്ത് പ്രവര്‍ത്തിക്കുമ്പോഴാണ് ഇത്തരത്തിലുള്ളവരുമായി ബന്ധമുണ്ടാവേണ്ടത്. തനിക്കോ ഭാര്യക്കോ ഇത്തരത്തില്‍ ബന്ധം ഉണ്ടായിട്ടില്ല .കേരളത്തില്‍ ആരും ഇതൊന്നും കണ്ട് ഭയപ്പെടില്ല, തന്റെ കുടുംബം തകരാനും പോകുന്നില്ലെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.
കാന്‍സര്‍ ചികിത്സയിലായതിനാല്‍ സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്തേയ്ക്ക് മടങ്ങിയെത്തില്ലെന്ന് കോടിയേരി വ്യക്തമാക്കി. നിലവില്‍ കീമോതെറാപ്പി ചെയ്തുകൊണ്ടിരിക്കുകയാണ്. ഇതിനിടയിലാണ് ഇത്തരം പ്രശ്‌നങ്ങളും. സെക്രട്ടറിസ്ഥാനത്തിരുന്നു മാത്രമല്ല പാര്‍ട്ടിയ്ക്കായി പ്രവര്‍ത്തിക്കാന്‍ സാധിക്കുന്നതെന്നും ജീവനുള്ളിടത്തോളം കാലം സിപിഎമ്മിനു വേണ്ടി പ്രവര്‍ത്തിക്കുമെന്നും കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."