അന്ന് ഗോള്‍വല കാത്തു; പിന്നെ സമുദായത്തെയും
ടി. മുംതാസ്
കോഴിക്കോട്: നേതാവായും ആത്മീയാചാര്യനായും മാനവിക മൂല്യത്തിന്റെ നേര്‍സാക്ഷ്യമായും സമുദായത്തിന്റെ അരുമയായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ എം.എം.എച്ചിന്റെയും അരുമ. കോഴിക്കോട്ടെ മദ്‌റസത്തുല്‍ മുഹമ്മദിയ്യ സ്‌കൂളിന് (എം.എം.എച്ച്) എന്നും പ്രിയപ്പെട്ട വിദ്യാര്‍ഥിയായിരുന്നു പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍. കേരളത്തിലെ ആത്മീയ രാഷ്ട്രീയ നേതൃത്വത്തിലേക്കുയര്‍ന്ന വിദ്യാര്‍ഥിയുടെ നേതൃപാടവത്തിന്റെ പക്വതയും സൗമ്യതയും അന്നുതന്നെ അനുഭവിച്ചറിഞ്ഞവരായിരുന്നു സഹപാഠികളും അധ്യാപകരും. എല്ലാവരോടും വളരെ അടുത്ത സൗഹൃദം കാത്തുസൂക്ഷിച്ചു. ആരെയും മുശിപ്പിക്കാതെ ശ്രദ്ധിക്കും. കളവ് പറയാതാതെ തികഞ്ഞ സത്യസന്ധത കാത്തുസൂക്ഷിക്കുന്നതിനാല്‍ സഹപാഠികള്‍ക്കും അധ്യാപകര്‍ക്കും ഏറെ വിശ്വസ്തനും പ്രയിങ്കരനുമായിരുന്നുവെന്നും സഹപാഠിയും സുപ്രഭാതം സൂപ്പര്‍വൈസറുമായ പി.വി അബ്ദുല്ലക്കോയ പറഞ്ഞു. 1965ലെ ബാച്ചിലാണ് തങ്ങള്‍ മദ്‌റസത്തുല്‍ മുഹമ്മദിയ്യയില്‍ നിന്ന് മികച്ച മാര്‍ക്കോടെ സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. മദ്‌റസത്തുല്‍ മുഹമ്മദിയ്യ സ്‌കൂളിനെയും സഹപാഠികളെയും കുറിച്ച് പറയാന്‍ തങ്ങള്‍ക്കും വലിയ ആവേശമായിരുന്നു.
പഠനത്തിലും സ്‌പോര്‍ട്‌സിലും താല്‍പര്യം
പഠനത്തില്‍ മികവുപുലര്‍ത്തിയ തങ്ങള്‍ സ്‌പോര്‍ട്‌സിലും വളരെ താല്‍പര്യം പുലര്‍ത്തി. എം.എം സ്‌കൂളിലെ മികച്ച ഫുട്‌ബോള്‍ താരം കൂടിയായിരുന്നു ഹൈദരലി തങ്ങള്‍. ഗോള്‍വല കാക്കുന്ന ഗോളിയാവാറായിരുന്നു പതിവ്. അന്ന് ഗോള്‍വല കാക്കുന്നതില്‍ അദ്ദേഹം കാണിച്ച മികവ് പിന്നീട് സമുദായത്തെ കാക്കുന്നതിലും അദ്ദേഹം പുലര്‍ത്തിയതായി സഹപാഠികള്‍ ഓര്‍ക്കുന്നു. വലിയ ബഹളങ്ങളൊന്നുമില്ലാതെ നിശബ്ദമായ പ്രകൃതമായിരുന്നു അന്നും അദ്ദേഹത്തിന്. പിതാവ് പി.എം.എസ്.എ പൂക്കോയ തങ്ങളുടെ അതേ രൂപസാദൃശ്യമുണ്ടായിരുന്ന ഹൈദരലി തങ്ങള്‍ പാണക്കാട് കുടുംബത്തിന്റെ നേതൃത്വത്തിന്റെ സ്വഭാവമഹിമയും നേതൃഗുണവും പ്രകടിപ്പിച്ചിരുന്നു. മുഖദാറിലെ എം.കെ റോഡില്‍ പിതൃസഹോദരീ ഭര്‍ത്താവിന്റെ വീടായ 'കോയ വീട്ടിലാ'യിരുന്നു തങ്ങള്‍ താമസിച്ചിരുന്നത്. പാണക്കാട്ടെ ദേവധാര്‍ സ്‌കൂളില്‍നിന്ന് പ്രാഥമിക സ്‌കൂള്‍ വിദ്യാഭ്യാസം നേടിയതിനു ശേഷം അഞ്ചാം ക്ലാസിലേക്കാണ് തങ്ങള്‍ എം.എം സ്‌കൂളില്‍ എത്തിയത്. പാലാട് അഹ്മദ് കോയ, കുഞ്ഞാലിക്കുട്ടി തിരുന്നാവായ എന്നിവര്‍ അധ്യാപകരായിരുന്നു.
സുഹൃത്തുക്കളെ നെഞ്ചോട് ചേര്‍ത്തയാള്‍
അന്ന് തങ്ങളുടെ ഏറ്റവും അടുത്ത സുഹൃത്തായിരുന്നു അബ്ദുല്ലക്കോയ. ആ സൗഹൃദം പിന്നീടും തങ്ങള്‍ കാത്തുസൂക്ഷിച്ചു. എപ്പോള്‍ കണ്ടാലും സഹപാഠികളുടെ ക്ഷേമം തിരക്കും. സഹപാഠികളില്‍ ആര്‍ക്കെങ്കിലും സുഖമില്ലെന്ന് അറിഞ്ഞാല്‍ അവരെ വീട്ടില്‍പോയി സന്ദര്‍ശിക്കും.
പല സഹപാഠികളുടെയും പേരെടുത്ത് ചോദിച്ച് പ്രത്യേകം അന്വേഷിക്കുമായിരുന്നു. എം.എം.എം സ്‌കൂളിലെ ശതാബ്ദി ആഘോഷത്തിനാണ് തങ്ങള്‍ അവസാനമായി തന്റെ പ്രിയപ്പെട്ട വിദ്യാലയത്തിലെത്തിയത്. കുട്ടിക്കാലത്തേക്ക് തിരിച്ചുപോയ ആവേശത്തോടെയായിരുന്നു അന്ന് തങ്ങള്‍ സഹപാഠികളെ എതിരേറ്റത്. അത്രയും സന്തോഷവാനായി മറ്റു പരിപാടികളിലൊന്നും അദ്ദേഹത്തെ കണ്ടിരുന്നില്ലെന്ന് സ്‌കൂള്‍ അധികൃതരും അനുസ്മരിച്ചു. പിന്നീട് കൊവിഡ് മഹാമാരി പടര്‍ന്നുപിടിക്കുന്നതിന് തൊട്ടുമുമ്പ് സഹപാഠികളെയെല്ലാം പണക്കാട്ടെ വീട്ടിലേക്ക് ക്ഷണിച്ചു. 40ഓളം പേരാണ് അന്ന് പാണക്കാട്ടേക്കു പോയത്.
സഹപാഠികളെ സ്വീകരിക്കാന്‍ തങ്ങളുടെ കുടുംബാംഗങ്ങളും പി.കെ കുഞ്ഞാലിക്കുട്ടി അടക്കമുള്ള നേതാക്കളും അവിടെ ഉണ്ടായിരുന്നു. കോഴിക്കോട്ട് സിയെസ്‌കോയുടെ നേതൃത്വത്തിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് ഓട്ടോ മോബൈല്‍ കോഴ്‌സ് തുടങ്ങാന്‍ കഴിഞ്ഞതിലും തങ്ങളുടെ പ്രത്യേക താല്‍പ്പര്യം ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ ജീവചരിത്ര പുസ്തകത്തിലും അദ്ദേഹം അബ്ദുല്ലക്കോയ. ഡോ. മുസ്തഫ, ബി.എം ഹംസക്കോയ അടക്കമുള്ള സഹപാഠികളെ ഓര്‍ക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."