'പിണറായിയുടെ പ്രസംഗം സി.പി.എം ബി.ജെ.പി കൂട്ടുകെട്ടിന്റെ പരസ്യസമ്മതം'- ആഞ്ഞടിച്ച് കോണ്‍ഗ്രസ്
കോഴിക്കോട്: സ്വര്‍ണക്കടത്ത് കേസില്‍ ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞ ദുരൂഹ മരണം സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസംഗം സി.പി.എം ബി.ജെ.പി കൂട്ടുകെട്ടിന്റെ പരസ്യസമ്മതമാണെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍.
സ്വര്‍ണക്കടത്ത് കേസില്‍ ദുരൂഹമരണം ഉണ്ടായിട്ടുണ്ടെങ്കില്‍ തുറന്ന് പറയാനുള്ള തന്റേടമാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കാണിക്കേണ്ടത്. ബി.ജെ.പിയും സി.പി.എമ്മും തമ്മിലുള്ള രഹസ്യ ബന്ധത്തിന്റെ പേരില്‍ അത് ഒളിച്ചുവെക്കുന്നത് കേരളത്തിലെ ജനങ്ങളെ വഞ്ചിക്കുന്നതാണെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും സംയുക്തമായി നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.
'കള്ളക്കടത്ത് കേസിലെ പ്രതിയുമായി മുഖ്യമന്ത്രി യാത്ര ചെയ്തു. എന്നാല്‍ മുഖ്യമന്ത്രിയെ ഈ നിമിഷം വരെയും ഒരു അന്വേഷണം ഏജന്‍സിയും ചോദ്യം ചെയ്തിട്ടില്ല. മുഖ്യമന്ത്രിയുടെ ഓഫിസുമായി ബന്ധപ്പെട്ടാണ് കള്ളക്കടത്ത് നടത്തിയതെന്നത് പകല്‍വെളിച്ചം പോലെ പരമാര്‍ഥമാണ്.'- അദ്ദേഹം പറഞ്ഞു.
എന്തുകൊണ്ടാണ് മുഖ്യമന്ത്രിയിലേക്ക് അന്വേഷണം നീളാത്തത്? അതാണ് ജനങ്ങള്‍ക്ക് അറിയേണ്ടതെന്നും മുല്ലപ്പള്ളി പറഞ്ഞു. സ്വര്‍ണക്കടത്തില്‍ ദുരൂഹ മരണം ഉണ്ടെങ്കില്‍ മറച്ചു വെക്കുന്നതെന്തിനാണ്. 1980ല്‍ പിണറായി വിജയന്‍ ജയിച്ചത് ബി.ജെ.പിയുടെ പൂര്‍വ്വരൂപമായ അന്നത്തെ ജനസംഘവുമായി കൂട്ടുപിടിച്ചാണ്. തദ്ദേശ തെരഞ്ഞെടുപ്പില്‍ തില്ലങ്കേരി മോഡല്‍ നടന്നോയെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സെക്രട്ടേറിയറ്റ് തീ പിടുത്തത്തില്‍ അന്വേഷണ ഏജന്‍സികള്‍ എന്തു ചെയ്‌തെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് ഡല്‍ഹിയില്‍ ചേര്‍ന്ന ചര്‍ച്ചക്ക് ശേഷം നേതാക്കള്‍ സംയുക്തമായി നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."