സീറ്റ് നഷ്ടമാകുമെന്ന ആശങ്കയിൽ എൽ.ജെ.ഡി സമ്മർദം ശക്തമാക്കും; ഇന്ന് കോഴിക്കോട്ട് നേതൃയോഗം
ഇ.പി മുഹമ്മദ്
കോഴിക്കോട്
പാർട്ടിയുടെ കൈവശമുള്ള രാജ്യസഭാ സീറ്റ് നഷ്ടമാകുമോയെന്ന ആശങ്കയിൽ ലോക് താന്ത്രിക് ജനതാദൾ (എൽ.ജെ.ഡി). പാർട്ടി സംസ്ഥാന പ്രസിഡന്റ് എം.വി ശ്രേയാംസ്‌കുമാറിന്റേത് ഉൾപ്പെടെ ഒഴിവുവരുന്ന മൂന്ന് സീറ്റുകളിൽ രണ്ട് സീറ്റിൽ എൽ.ഡി.എഫിനും ഒരു സീറ്റിൽ യു.ഡി.എഫിനും ജയം ഉറപ്പാണ്. എൽ.ഡി.എഫിന്റെ സീറ്റുകളിലൊന്നിനു വേണ്ടി എൽ.ജെ.ഡി അവകാശവാദം ഉന്നയിക്കുന്നുണ്ടെങ്കിലും സീറ്റ് സി.പി.എം ഏറ്റെടുക്കാനാണ് സാധ്യത. ഒരു സീറ്റിന് വേണ്ടി സി.പി.ഐയും ശക്തമായി രംഗത്തുണ്ട്.
പാർട്ടി സംസ്ഥാന പ്രസിഡന്റ് എം.വി ശ്രേയാംസ്‌കുമാറിനു വേണ്ടി സമ്മർദം ശക്തമാക്കാനുള്ള തയാറെടുപ്പിലാണ് എൽ.ജെ.ഡി. ഇന്ന് കോഴിക്കോട്ട് സംസ്ഥാന ഭാരവാഹികളുടെയും ജില്ലാ പ്രസിഡന്റുമാരുടെയും യോഗം ചേരും. ഒരു സീറ്റ് പാർട്ടിക്ക് അവകാശപ്പെട്ടതാണെന്നും ഇതു ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും സംസ്ഥാന ജനറൽ സെക്രട്ടറി സലീം മടവൂർ പറഞ്ഞു. ഇന്നത്തെ യോഗത്തിനു ശേഷം പാർട്ടി നേതാക്കൾ സി.പി.എം നേതാക്കളെ കണ്ട് സീറ്റിന് ആവശ്യം ഉന്നയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
എൽ.ജെ.ഡിക്ക് സീറ്റ് നൽകേണ്ടതില്ലെന്നാണ് സി.പി.എം നേതൃത്വത്തിൽ പൊതുവേയുള്ള ധാരണ. എം.എൽ.എ ഉണ്ടായിട്ടും മന്ത്രിസഭയിൽ ഇടംലഭിക്കാതെ പോയ എൽ.ജെ.ഡിക്ക് രാജ്യസഭാ സീറ്റ് കൂടി നഷ്ടമാകുന്നത് കനത്ത തിരിച്ചടിയാകും. ഒറ്റ എം.എൽ.എമാരുള്ള ചെറുകക്ഷികൾക്കെല്ലാം മന്ത്രിസ്ഥാനം നൽകിയപ്പോൾ എൽ.ജെ.ഡിയെ തഴയുകയായിരുന്നു. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിലും എൽ.ജെ.ഡിക്ക് സീറ്റ് നിഷേധിച്ചിരുന്നു.
ബോർഡ്, കോർപറേഷൻ ചെയർമാൻ പദവികൾ നൽകിയതിലും എൽ.ജെ.ഡിക്ക് അതൃപ്തിയുണ്ട്. രണ്ട് അപ്രധാന സ്ഥാപനങ്ങളുടെ ചെയർമാൻ പദവി മാത്രമാണ് എൽ.ജെ.ഡിക്ക് നൽകിയത്. ഇതിനിടെ കൈവശമുള്ള രാജ്യസഭാ സീറ്റ് കൂടി നഷ്ടപ്പെടുന്നത് പാർട്ടിയുടെ നിലനിൽപ്പിന് തന്നെ ഭീഷണിയാകുമെന്ന് എൽ.ജെ.ഡി ഭയപ്പെടുന്നു. രാജ്യസഭാ അംഗമായിരുന്ന എം.പി വീരേന്ദ്രകുമാറിന്റെ മരണശേഷം അദ്ദേഹത്തിന്റെ ഒഴിവിലാണ് ശ്രേയാംസ്‌കുമാറിന് സീറ്റ് നൽകിയത്.
ജെ.ഡി.എസുമായി ലയിക്കണമെന്ന നിർദേശം നടപ്പാലാകാത്തത് സി.പി.എമ്മിനെ ചൊടിപ്പിച്ചിരുന്നു. ഇതിനു പിന്നാലെയാണ് എൽ.ജെ.ഡിയിൽ പിളർപ്പുണ്ടായത്. ഷെയ്ഖ് പി. ഹാരിസിന്റെ നേതൃത്വത്തിൽ ഒരു വിഭാഗം സി.പി.എമ്മിൽ ചേർന്നതോടെ ഇരു പാർട്ടികളും കൂടുതൽ അകന്നതും രാജ്യസഭാ സീറ്റ് വിഭജന തീരുമാനത്തിൽ പ്രതിഫലിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."