കമ്പനിയുടെ അനാസ്ഥയിൽ മൂന്നുമാസമായി ആശുപത്രിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം കെഎംസിസി ഇടപെട്ട് നാട്ടിലെത്തിച്ചു
റിയാദ്: കമ്പനിയുടെ അനാസ്ഥയിൽ മൂന്നുമാസമായി ലൈലാ അഫ്‌ലാജ് ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം കെഎംസിസി ഇടപെട്ട് നാട്ടിലെത്തിച്ചു. കഴിഞ്ഞ ഡിസംബർ മാസം ആറിന് ലൈലാ അഫ്‌ലാജിൽ മരണപ്പെട്ട ഉത്തർപ്രദേശിലെ ലക്‌നൗ സ്വദേശി റാം ജി റാം ചൗധരിയുടെ മൃതദേഹമാണ് അദ്ദേഹം ജോലി ചെയ്തിരുന്ന കമ്പനിയുടെ അനാസ്ഥ കാരണം കഴിഞ്ഞ മൂന്നു മാസമായി മോർച്ചറിയിൽ അനാഥമായി കിടന്നിരുന്നത്. നിയമപരമായ നടപടിക്രമങ്ങൾ പൂർത്തീകരിക്കാൻ ആരുമില്ലാതിരുന്നത് കാരണം മൃതദേഹം നാട്ടിൽ എത്തിക്കുവാനോ ഇവിടെ മറവ് ചെയ്യുവാനോ സാധിച്ചില്ല. ഒരാഴ്ച മുൻപാണ് ഈ വിഷയം ഇന്ത്യൻ എംബസി അധികൃതർ റിയാദ് മലപ്പുറം ജില്ലാ കെഎംസിസി വെൽഫെയർ വിങ് ചെയർമാൻ റഫീഖ് മഞ്ചേരിയെ അറിയിക്കുന്നത്. തൊട്ടടുത്ത ദിവസം റഫീഖ് മഞ്ചേരി കമ്പനി അധികൃതരുമായി സംസാരിച്ചുവെങ്കിലും പലവിധ കാരണങ്ങൾ പറഞ്ഞു വീണ്ടും വൈകിപ്പിക്കുകയാണുണ്ടായത്.
തുടർന്ന് എംബസിയിൽ നിന്നും തുടർ നടപടികൾക്കായി രേഖകൾ ശരിയാക്കി റഫീഖ് മഞ്ചേരിയും കൺവീണർ ഷറഫു പുളിക്കലും ഇസ്ഹാഖ് താനൂരും ലൈലാ അഫ്‌ലാജിൽ പോകുകയും അവിടെ പോലീസ് മേധാവിയെ നേരിൽ കണ്ട് കാരൃങ്ങൾ ധരിപ്പിക്കുകയും കമ്പനി അധികൃതരെ പോലീസിൽ വിളിച്ചുവരുത്തി കാരൃങ്ങൾ സംസാരിച്ച് ഒരു ദിവസം കൊണ്ട് എല്ലാ പേപ്പർ വർക്കുകളും തീർത്ത് മൃതദേഹം റിയാദിലേക്ക് കൊണ്ടുവരുകയും ചെയ്തു. ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ടതും മറ്റു വകുപ്പുകളുമായി ബന്ധപ്പെട്ടതുമായ രേഖകൾ കേവലം രണ്ടു ദിവസം കൊണ്ട് തയ്യാറാക്കി, ഭാര്യയുടെയും കുട്ടികളുടെയും അഭ്യർത്ഥന മാനിച്ച് അദ്ദേഹത്തിന്റെ മൃതദേഹം എയർ ഇന്ത്യ വിമാനത്തിൽ ജന്മ നാട്ടിലേക്ക് കൊണ്ടുപോയി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."