ആരു കൊടികെട്ടിയാലും നടപടി: ഹൈക്കോടതി
സിയാദ് താഴത്ത്
കൊച്ചി
നിയമവിരുദ്ധമായി കൊടികൾ സ്ഥാപിച്ചത് ആരാണെന്നത് വിഷയമല്ലെന്നും ഇത്തരത്തിൽ ആരു കൊടിതോരണങ്ങൾ സ്ഥാപിച്ചാലും നടപടി സ്വീകരിക്കുമെന്നും ഹൈക്കോടതി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ. ഇക്കാര്യത്തിൽ ഹൈക്കോടതിക്ക് പ്രത്യേക താൽപര്യങ്ങളില്ല. കോർപറേഷൻ അനുമതി നൽകാതെ എങ്ങനെയാണ് നടപ്പാതയിൽ കൊടിതോരണങ്ങൾ സ്ഥാപിച്ചതെന്നും കോടതി ചോദിച്ചു.
ഇതുമായി ബന്ധപ്പെട്ട ഹരജി പരിഗണിക്കവേയാണ് സി.പി.എം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി കൊച്ചി നഗരത്തിൽ കൊടിതോരണങ്ങൾ കെട്ടിയ നടപടിയെ കോടതി രൂക്ഷമായി വിമർശിച്ചത്. സി.പി.എം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി കൊച്ചി നഗരത്തിൽ മുഴുവനും കൊടിതോരണങ്ങൾ സ്ഥാപിച്ച നടപടിക്കെതിരേ കഴിഞ്ഞയാഴ്ച ഹൈക്കോടതി രൂക്ഷവിമർശനം നടത്തിയിരുന്നു. ഇതിനെതിരേ പരോക്ഷ വിമർശനവുമായി സംസ്ഥാന സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തെത്തുകയും ചെയ്തിരുന്നു.
കോടതി ഉത്തരവുകളെ വെല്ലുവിളിക്കുകയാണ്, ഇതാണോ നവകേരളമെന്നും കോടതി ചോദിച്ചു. റോഡ് സുരക്ഷാ നിയമം ലംഘിച്ച് എത്ര ബോർഡുകൾ വച്ചിരുന്നുവെന്ന് വ്യക്തമാക്കി കോർപറേഷൻ റിപ്പോർട്ട് സമർപ്പിക്കണം. അല്ലെങ്കിൽ കോടതിയലക്ഷ്യ നടപടിയെടുക്കുമെന്നും കോടതി മുന്നറിയിപ്പ് നൽകി. നിയമലംഘനങ്ങളുടെ നേരെ കോർപറേഷൻ കണ്ണടച്ചത് എങ്ങനെയാണെന്ന് മനസിലാകുന്നില്ല. നടപടിയെടുക്കാൻ പേടിയാണെങ്കിൽ കോർപറേഷൻ സെക്രട്ടറി തുറന്നു പറയണം. പേടിയില്ലാത്ത ഉദ്യോഗസ്ഥർ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഓർമിപ്പിച്ചു. ഇതിൽ നടപടിയെടുത്തില്ലെങ്കിൽ നാളെ ഇതുതന്നെ മറ്റുള്ളവരും ആവർത്തിക്കില്ലേയെന്നും കോടതി ചോദിച്ചു.
സി.പി.എം സമ്മേളനത്തിലെ കൊടികൾ എന്തു ചെയ്‌തെന്ന ചോദ്യത്തിന് അതു പാർട്ടിക്കാർ തന്നെ കൊണ്ടുപോയെന്ന് കോർപറേഷൻ മറുപടി നൽകി. അതിൽ സന്തോഷമെന്ന് കോടതി പറഞ്ഞു. നഗരം മോടിപിടിപ്പിച്ച ശേഷം വലിയ ബാനറുകൾ സ്ഥാപിക്കും. പിന്നീട് അവ മാറ്റുമ്പോൾ അവശിഷ്ടം പൂർണമായും മാറ്റില്ല.
മരങ്ങളിൽ ആണിയിടിച്ച് പലപ്പോഴും ഫളക്‌സുകൾ സ്ഥാപിക്കും. അപകടകരമായ രീതിയിൽ ബാനറുകൾ സ്ഥാപിച്ച് വഴിയാത്രക്കാരുടെ യാത്ര മുടക്കും. വലിയ അപകടങ്ങളും ക്ഷണിച്ചു വരുത്തുക പതിവാണ്. ഇത്തരത്തിൽ ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന നടപടിക്ക് കൂട്ടുനിൽക്കില്ലെന്നും കോടതി വ്യക്തമാക്കി. ഈ മാസം 22ന് ഹരജി വീണ്ടും പരിഗണിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."