മ്യാന്മര്‍: പ്രക്ഷോഭത്തെ ചോരയില്‍ മുക്കരുത്
അധികാരക്കൊതിക്കുവേണ്ടി നിരപരാധികളായ മനുഷ്യരെ കൊന്നൊടുക്കുന്ന മ്യാന്മര്‍ സൈന്യത്തിന്റെ ക്രൂരത ലോക മനസ്സാക്ഷിയെ ഞെട്ടിച്ചിരിക്കുകയാണ്. ആധുനിക കാലഘട്ടത്തില്‍ ജനാധിപത്യപ്രതിഷേധം നടത്തുന്നവരെ നിഷ്‌ക്കരുണം വെടിവച്ചുകൊല്ലുന്ന മ്യാന്മര്‍ സൈനിക ഭരണകൂടത്തിനെതിരേ ലോകരാജ്യങ്ങള്‍ ശക്തമായി പ്രതിഷേധിക്കുന്നില്ല. റോഹിംഗ്യര്‍ക്കെതിരേ നടന്ന ക്രൂരതകളാല്‍ കുപ്രസിദ്ധി നേടിയ ഭരണകൂടമാണ് മ്യാന്മറിലേത്. അക്രമങ്ങള്‍ അഴിച്ചുവിട്ടത് അവിടത്തെ സൈനികരായിരുന്നു. കഴിഞ്ഞ ദിവസം മ്യാന്മറിലെ കാചിന്‍ സംസ്ഥാനത്തെ മായിറ്റ്കിനായില്‍ പ്രക്ഷോഭകര്‍ക്കു നേരെ വെടിവയ്ക്കരുതെന്ന് മുട്ടികുത്തിനിന്ന് യാചിക്കുന്ന കന്യാസ്ത്രീയുടെ ചിത്രം വൈറലായിരുന്നു. ഇവരെ അനുനയിപ്പിച്ച് പറഞ്ഞയച്ച ശേഷമാണ് മ്യാന്മര്‍ സൈന്യം വെടിവയ്പ് നടത്തിയത്. വെടിവയ്പില്‍ കുഞ്ഞ് ഉള്‍പ്പെടെയുള്ളവര്‍ മരിക്കുകയും ചെയ്തു. സിസ്റ്റര്‍ ആന്‍ റോസ് നു താങ് എന്ന കന്യാസ്ത്രീയുടെ മുന്നില്‍ നിലയുറപ്പിച്ചത് സായുധരായ ഒരു കൂട്ടം സൈനികരായിരുന്നു. ആ കുഞ്ഞുങ്ങള്‍ക്ക് പകരം എനിക്കു നേരെ വെടിവയ്ക്കൂ എന്നായിരുന്നു അവരുടെ ആവശ്യം. പക്ഷേ ക്രൂരന്മാരായ സൈനികര്‍ ഒന്നും ചെവിക്കൊണ്ടില്ല.
മ്യാന്മര്‍ എന്ന കൊച്ചു രാജ്യത്ത് സമാധാനം പുനഃസ്ഥാപിക്കാന്‍ ലോകരാജ്യങ്ങള്‍ക്ക് ഉത്തരവാദിത്വമുണ്ട്. പ്രസിഡന്റിന്റെ അനുമതിയോടെ ഭരണം നടത്താന്‍ ആ രാജ്യത്ത് സൈന്യത്തിന് അവരുടെ ഭരണഘടന അനുമതി നല്‍കുന്നുണ്ട്. എന്നാല്‍ ഇപ്പോഴുണ്ടായത് പ്രസിഡന്റിനെ തടവിലാക്കിയുള്ള ഭരണ അട്ടിമറിയായിരുന്നു. തികച്ചും ഭരണഘടനാ വിരുദ്ധമായ അധികാരം പിടിച്ചെടുക്കല്‍. ഈ സാഹചര്യത്തില്‍ ലോക രാജ്യങ്ങള്‍ക്ക് മ്യാന്മറില്‍ ഇടപെടാവുന്നതാണ്. ഇടപെടേണ്ടതുമാണ്. ശ്രീബുദ്ധന്റെ അനുയായികള്‍ ഭൂരിപക്ഷമുള്ള രാജ്യത്ത് നടക്കുന്നത് ബുദ്ധന്‍ മുന്നോട്ടുവച്ച ആശയത്തിന് വിരുദ്ധമായ കാര്യങ്ങളാണ്.
ജനാധിപത്യപ്രക്ഷോഭങ്ങളെ ഏതുവിധേനയും അടിച്ചമര്‍ത്തുക എന്ന നയമാണ് മ്യാന്മര്‍ സൈന്യം സ്വീകരിക്കുന്നത്. ഇവിടെ ഏതുരീതിയിലുള്ള മനുഷ്യാവകാശ-പൗരാവകാശ പ്രശ്‌നങ്ങളുണ്ടായാലും ആരും പ്രതികരിക്കില്ലെന്ന ബോധ്യം അവര്‍ക്ക് റോംഹിംഗ്യന്‍ വംശഹത്യാ കാലത്ത് ലഭിച്ചതാണ്. ആ നയങ്ങള്‍ പിന്നീട് സൂചി അധികാരത്തിലെത്തിയ ശേഷവും ബുദ്ധ തീവ്രവാദികളും സൈന്യവും തുടര്‍ന്നു. സമാധാന നൊബേല്‍ ജേതാവായിരുന്ന സൂചിക്ക് ഇതിനെതിരേ ചെറുവിരലനക്കാനായില്ല. ഒടുവില്‍ അവരെയും സൈന്യം അട്ടിമറിച്ച് തടവിലാക്കി.
മ്യാന്മറില്‍നിന്ന് ജനങ്ങള്‍ പ്രാണരക്ഷാര്‍ഥം അയല്‍രാജ്യങ്ങളിലേക്ക് പലായനം ചെയ്യുകയാണ്. ഈയിടെ ഇന്ത്യയിലെത്തിയ 100 അംഗസംഘം സൈനിക അതിക്രമങ്ങളെ കുറിച്ച് വിവരിക്കുന്നത് കരളലിയിക്കുന്ന കാര്യങ്ങളാണ്. ഇന്ത്യയിലെത്തിയവരില്‍ കൂടുതലും പൊലിസുകാരും അവരുടെ കുടുംബങ്ങളുമാണ്. ഫെബ്രുവരി 27 മുതലാണ് പ്രക്ഷോഭകരെ വെടിവച്ചു കൊല്ലാന്‍ സൈനിക ഓഫിസര്‍മാര്‍ ഉത്തരവിട്ടത്. പ്രക്ഷോഭകരെ വെടിവച്ചു കൊല്ലാന്‍ തങ്ങളെ നിര്‍ബന്ധിച്ചുവെന്നും അതു ചെയ്തില്ലെങ്കില്‍ കൊല്ലുമെന്ന് അവര്‍ ഭീഷണിപ്പെടുത്തിയെന്നുമാണ് ഇന്ത്യയിലെത്തിയ മുന്‍ മ്യാന്മര്‍ ഓഫിസര്‍മാര്‍ പറയുന്നത്. തുടര്‍ന്നാണ് അവര്‍ രാജിവച്ച് നാടുവിട്ടത്. മിസോറമിലെ അതിര്‍ത്തി കടന്നാണ് അവര്‍ ഇന്ത്യയിലെത്തിയത്. പ്രക്ഷോഭകര്‍ മരിക്കുന്നതുവരെ വെടിവയ്ക്കുകയാണ് സൈന്യത്തിന്റെ രീതിയെന്നാണ് ഇവര്‍ പറയുന്നത്.
മ്യാന്മറില്‍ സൈന്യത്തിന്റെ സാമൂഹികമാധ്യമ അക്കൗണ്ടുകള്‍ക്കെതിരേ സാമൂഹികമാധ്യമങ്ങളുടെ കമ്പനികള്‍ നടപടി സ്വീകരിച്ചു തുടങ്ങിയിട്ടുണ്ട്. സൈന്യവുമായി ബന്ധപ്പെട്ട അക്കൗണ്ടുകള്‍ക്കെതിരേ നടപടി സ്വീകരിക്കുമെന്ന് ഗൂഗിളും സൂചന നല്‍കിയിട്ടുണ്ട്. സൈന്യത്തെ പിന്തുണയ്ക്കുന്ന ടെലികോം കമ്പനി സൈന്യത്തിനുവേണ്ടി തയാറാക്കിയ പരസ്യം ഗൂഗിള്‍ വിലക്കിയിട്ടുണ്ട്. യു.എസിലെ മനുഷ്യാവകാശ സംഘടനകളുടെ പരാതിയിലാണ് ഗൂഗിള്‍ ഇത്തരം നടപടി സ്വീകരിക്കുന്നത്. മ്യാന്മര്‍ സൈന്യത്തിന്റെ വിഡിയോകള്‍ യുട്യൂബും നീക്കം ചെയ്യുമെന്ന് ഗൂഗിള്‍ വക്താവ് അറിയിച്ചു. സൈന്യത്തിന്റെയും മ്യാന്മര്‍ സര്‍ക്കാരിന്റെയും ഔദ്യോഗിക ചാനലുകളും മറ്റും ഇതിനകം നീക്കിയിട്ടുണ്ട്.
ആഗോളതലത്തില്‍ മ്യാന്മറിലെ മനുഷ്യക്കുരുതിക്കെതിരേ പ്രതിഷേധം ഉയര്‍ന്നുതുടങ്ങിയിട്ടുണ്ട്. സൈന്യം അധികാരം പിടിച്ചെടുത്തതിനുശേഷം 60 പ്രതിഷേധക്കാരെ സൈന്യം വധിച്ചു. 1,900 പേര്‍ അറസ്റ്റിലുമായി. മ്യാന്മറിലെ രാഷ്ട്രീയപ്രതിസന്ധിക്ക് ആരു പരിഹാരം കാണുമെന്നതാണ് ഉയരുന്ന ചോദ്യം. സ്വന്തം പൗരന്മാരെ കൊന്നൊടുക്കി അധികാരം നിലനിര്‍ത്താമെന്ന സൈന്യത്തിന്റെ മോഹം എക്കാലത്തും വിജയം കാണില്ല. പടിഞ്ഞാറന്‍ രാജ്യങ്ങള്‍ മ്യാന്മറിനെ കൈവിട്ട സ്ഥിതിയിലാണ്. മ്യാന്മറിനുമേല്‍ സമ്മര്‍ദം ചെലുത്താനാകുക അയല്‍ രാജ്യങ്ങളായ ഇന്ത്യയ്ക്കും ചൈനയ്ക്കുമാണ്. ഇന്ത്യയെക്കാള്‍ മ്യാന്മറുമായി വാണിജ്യ ബന്ധമുള്ളത് ചൈനയ്ക്കാണ്. 1950 മുതല്‍ ഇരുരാജ്യങ്ങള്‍ക്കിടയിലും ശക്തമായ ബന്ധം നിലനില്‍ക്കുന്നുണ്ട്. ബര്‍മയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ ചൈന പിന്തുണയ്ക്കുന്നുമുണ്ട്. മ്യാന്മറിലെ രാഷ്ട്രീയപ്രശ്‌നങ്ങള്‍ ചൈനയെയും ബാധിക്കുമെന്നതിനാല്‍ ചൈന പ്രശ്‌നപരിഹാരത്തിന് ശ്രമിക്കുമെന്നാണ് പ്രത്യാശ. ഒറ്റപ്പെടുന്ന മ്യാന്മറില്‍ ചൈനയുടെ ഫ്‌ളാഗ്ഷിപ്പ് പദ്ധതി, റോഡ് പദ്ധതി എന്നിവയെല്ലാം പ്രതിസന്ധിയിലാകും.
മ്യാന്മറിലെ അട്ടിമറിക്കെതിരേ യു.എന്‍ രക്ഷാ കൗണ്‍സില്‍ നടത്തിയ രൂക്ഷ വിമര്‍ശനങ്ങളെ ചൈനയും റഷ്യയും എതിര്‍ത്തിരുന്നു. ഫെബ്രുവരി രണ്ടിനുള്ള ഈ നിലപാട് നാലിന് ചൈന മയപ്പെടുത്തുകയും ചെയ്തു. മ്യാന്മറിലെ ജനതയുടെ തെരുവ് പ്രതിഷേധം തുടരുന്ന സാഹചര്യത്തില്‍ മൂന്നാംകക്ഷിയുടെ ഇടപെടല്‍ എത്രയും വേഗം ഉണ്ടാകുമെന്നാണ് പ്രത്യാശ. ഏതായാലും ജനാധിപത്യ പ്രക്ഷോഭത്തെ ചോരയില്‍ മുക്കരുത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."