സംവരണവും സുപ്രിംകോടതിയുടെ ഇടപെടലും
നമ്മുടെ ഭരണഘടന നിലവില്‍വന്ന കാലം മുതല്‍ പിന്നോക്ക സംവരണത്തിനെതിരായി ശക്തമായ നിലപാട് ചില കേന്ദ്രങ്ങള്‍ പ്രകടിപ്പിച്ചിരുന്നു. ഇവര്‍ക്ക് മറുപടിയെന്നോണം ഭരണഘടനാ ശില്‍പിയായ ഡോ. അംബേദ്കര്‍ ഇപ്രകാരം പ്രസ്താവിച്ചിട്ടുണ്ട്: 'ന്യൂനപക്ഷ സമുദായക്കാര്‍ക്കും സാമൂഹ്യമായും വിദ്യാഭ്യാസപരമായും പിന്നോക്കം നില്‍ക്കുന്ന ചില സമുദായങ്ങള്‍ക്കും പ്രത്യേക സംരക്ഷണങ്ങള്‍ നല്‍കപ്പെട്ടത് സംബന്ധിച്ച് ചിലര്‍ ഭരണഘടനയെ വിമര്‍ശിച്ചിട്ടുണ്ട്. എന്നെ സംബന്ധിച്ചെടുത്തോളം പറയുകയാണെങ്കില്‍ പിന്നോക്ക-ന്യൂനപക്ഷ സമുദായക്കാര്‍ക്ക് ഇങ്ങനെ ചില സംരക്ഷണങ്ങള്‍ ഭരണഘടന നിര്‍മാണസഭ വ്യവസ്ഥ ചെയ്തിട്ടുള്ളത് തികച്ചും ബുദ്ധിപൂര്‍വമാണെന്ന കാര്യത്തില്‍ അശേഷം സംശയമില്ല'. പിന്നോക്ക സംവരണവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഇന്ത്യന്‍ ഭരണഘടനയുടെ 16-ാം വകുപ്പിലാണ് വ്യക്തമാക്കിയിട്ടുള്ളത്. ഈ വകുപ്പിന്റെ ഒന്നാം ഭാഗത്ത് സ്റ്റേറ്റിന്റെ കീഴിലുള്ള തൊഴിലിനെ സംബന്ധിച്ച കാര്യങ്ങളില്‍ എല്ലാ പൗരന്മാര്‍ക്കും അവര്‍ എവിടെ താമസിക്കുന്നവരായാലും ശരി തുല്യ അവസരം നല്‍കേണ്ടതാണെന്ന് പറയുന്നു. ഈ വകുപ്പിലെ രണ്ടാം ഭാഗത്തില്‍ ഏതെങ്കിലും പിന്നോക്ക വര്‍ഗ്ഗത്തിലെ പൗരന്മാര്‍ക്ക് പൊതുതൊഴിലുകളില്‍ സ്ഥാനങ്ങള്‍ സംവരണം ചെയ്യുന്നതിന് അനുകൂലമായിട്ടുള്ളതാണ്. മൂന്ന്, തൊഴിലുകളില്‍ ഇതേവരെയായി വളരെ കുറച്ചുമാത്രം പങ്കുലഭിച്ചിട്ടുള്ള സാമൂഹ്യമായും വിദ്യാഭ്യാസപരമായും പിന്നിലായ ജനസമൂഹത്തെ സഹായിക്കാന്‍ വേണ്ടിയുള്ളതാണ്.
പിന്നോക്ക സമുദായങ്ങള്‍ക്ക് സര്‍ക്കാര്‍ സര്‍വിസുകളില്‍ അര്‍ഹമായ പ്രാതിനിധ്യം ഉറപ്പാക്കേണ്ടതിന്റെ വിവിധ ഭാഗങ്ങള്‍ സമഗ്രമായി പ്രതിപാദിക്കേണ്ട സുപ്രധാന രേഖയാണ് മണ്ടല്‍ കമ്മിഷന്‍ റിപ്പോര്‍ട്ട്. ഈ റിപ്പോര്‍ട്ടിലെ ശുപാര്‍ശകളെ പ്രായോഗികമാക്കുവാന്‍ വേണ്ടി 1990ല്‍ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ച നടപടികളില്‍ വ്യാപകമായ പ്രതിഷേധത്തിനും അക്രമത്തിനും കളമൊരുങ്ങിയ സാഹചര്യത്തിലാണ് സുപ്രിംകോടതിയുടെ ഇന്ദ്രാസാഹ്‌നി കേസിലെ വിധി. ഒന്‍പത് ജഡ്ജിമാര്‍ അടങ്ങിയ കോടതിയുടെ ഭരണഘടനാ ബെഞ്ചാണ് ഈ കേസില്‍ ദീര്‍ഘവും ആധികാരികവുമായി വിധിയെഴുതിയത്. ഈ കേസിലെ വിധിക്കെതിരായ നടപടികള്‍ നമ്മുടെ രാജ്യത്ത് പലപ്പോഴും ഉണ്ടായെന്നുള്ളതാണ് വസ്തുത. സംവരണത്തിന്റെ പരിധി പല സംസ്ഥാനങ്ങളിലും 50 ശതമാനം കഴിഞ്ഞിരിക്കുന്നു. ഇത് ചില സംസ്ഥാനങ്ങളില്‍ 70 ശതമാനം വരെയായിട്ടുമുണ്ട്. ഏറ്റവും ഒടുവില്‍ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന സാമ്പത്തിക സംവരണം നിലവിലുള്ള സംവരണത്തിന്റെ പരിധി 10 ശതമാനം വര്‍ധിപ്പിക്കുകയാണ് ചെയ്തിരിക്കുന്നത്.
സാമൂഹികമായും സാമ്പത്തികമായും പിന്നോക്കം നില്‍ക്കുന്ന വിഭാഗങ്ങള്‍ക്ക് സര്‍ക്കാര്‍ ജോലികളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഏര്‍പ്പെടുത്തിയ സംവരണത്തിന്റെ പരിധി 50 ശതമാനമായി നിശ്ചയിച്ച 1992 ലെ ഇന്ദ്രാസാഹിനി കേസിലെ വിധി പുനഃപരിശോധിക്കാവുന്നതാണെന്ന് രാജ്യത്തെ പരമോന്നത കോടതി കഴിഞ്ഞ ദിവസം വിധി പുറപ്പെടുവിച്ചിരിക്കുകയാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സര്‍ക്കാര്‍ ജോലികളിലും മറാത്താ വിഭാഗത്തിനു സംവരണം അനുവദിച്ച് മഹാരാഷ്ട്ര നിയമസഭ പാസാക്കിയ നിയമം ചോദ്യംചെയ്തുകൊണ്ടുള്ള ഹരജികളിലാണ് അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റെ ഉത്തരവുകള്‍ വന്നിരിക്കുന്നത്. ഒരു പ്രത്യേക വിഭാഗത്തെ സാമൂഹികമായും സാമ്പത്തികമായും പിന്നോക്കമാണെന്ന് കണ്ടെത്തി അവര്‍ക്ക് സംവരണം നല്‍കാന്‍ നിയമനിര്‍മാണ സഭയ്ക്ക് അധികാരമുണ്ടോയെന്ന വിഷയത്തില്‍ അഭിപ്രായം അറിയിക്കാന്‍ എല്ലാ സംസ്ഥാന സര്‍ക്കാരുകള്‍ക്കും ജസ്റ്റിസ് അശോക് ഭൂഷന്‍ അധ്യക്ഷനായ ബെഞ്ച് നോട്ടിസ് നല്‍കി. അഭിപ്രായം അറിഞ്ഞശേഷം ഈ മാസം 15ന് കേസില്‍ വിശദമായ വാദം കേള്‍ക്കും. സംവരണപരിധി 50 ശതമാനമായി നിജപ്പെടുത്തണോ, 1992-ലെ വിധി മറാത്താ സംവരണ പരിധിയിലുള്ളതാണോ, 102-ാം ഭരണഘടനാ ഭേദഗതിയിലൂടെ പിന്നോക്ക വിഭാഗ കമ്മിഷന് കേന്ദ്രം ഭരണഘടനാ പദവി നല്‍കിയത് ഫെഡറല്‍ വ്യവസ്ഥക്ക് എതിരാണോ തുടങ്ങിയ വിഷയങ്ങളാണ് വാദത്തിന്റെ ഭാഗമാവുക. അതിനുശേഷം വിശാല ഭരണഘടനാ ബെഞ്ച് രൂപീകരിക്കുന്നതും തുടര്‍ച്ചയായി വാദം കേള്‍ക്കുന്നതും ആലോചിക്കും.
കുറഞ്ഞത് അഞ്ചു വിഷയങ്ങളെങ്കിലും വിശദമായ ചര്‍ച്ചയ്ക്ക് ഭരണഘടനാ ബെഞ്ച് വിധേയമാക്കണമെന്നാണ് കോടതി ചൂണ്ടിക്കാട്ടുന്നത്.
1. ഇന്ദ്രാസാഹ്‌നി കേസിലെ സുപ്രിംകോടതി വിധി ഭരണഘടനാ ഭേദഗതികളുടെയും കോടതി ഉത്തരവുകളുടെയും മാറിയ സാമൂഹ്യപശ്ചാത്തലത്തിന്റെയും അടിസ്ഥാനത്തില്‍ പുനഃപരിശോധിക്കേണ്ടതുണ്ടോ?
2. സാമൂഹ്യമായും സാമ്പത്തികമായും പിന്നോക്കം നില്‍ക്കുന്ന വിഭാഗങ്ങള്‍ ഏതൊക്കെയാണെന്ന് തീരുമാനിച്ച് ഉത്തരവ് ഇറക്കാനുള്ള നിയമസഭയുടെ അധികാരം ഭരണഘടനയുടെ 102-ാം ഭേദഗതി ഇല്ലാതാക്കിയിട്ടുണ്ടോ?
3. സാമൂഹ്യമായും സാമ്പത്തികമായും പിന്നോക്കം നില്‍ക്കുന്ന ഏത് പിന്നോക്ക വിഭാഗത്തിനും സംവരണം അനുവദിക്കാന്‍ ഭരണഘടന നിയമസഭകള്‍ക്ക് നല്‍കിയിട്ടുള്ള അധികാരത്തിന് ഭരണഘടനയെ തന്നെ 342(എ), 366(26 സി) അനുഛേദങ്ങള്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടോ?
4. പിന്നോക്ക വിഭാഗക്കാരെ തീരുമാനിക്കാന്‍ സംസ്ഥാനങ്ങള്‍ക്കുള്ള അവകാശത്തെ 342(എ) അനുഛേദം റദ്ദാക്കുന്നുണ്ടോ. അങ്ങനെ റദ്ദാക്കുന്നുണ്ടെങ്കില്‍ അത് ഫെഡറല്‍ തത്വങ്ങളുടെ ലംഘനം ആകുമോ?
5. 50 ശതമാനം സംവരണ പരിധി കഴിഞ്ഞതിനാല്‍ മഹാരാഷ്ട്രയില്‍ മറാത്ത വിഭാഗത്തിന് സംവരണം നല്‍കാന്‍ കൊണ്ടുവന്ന നിയമം നിലനില്‍ക്കുമോ?
ഭരണഘടനയിലെ സംവരണത്തിന്റെ അടിത്തറ സാമൂഹ്യമായും വിദ്യാഭ്യാസപരമായും ഉള്ള പിന്നോക്കാവസ്ഥയാണ്. ഇത് വ്യക്തമായും ഇന്ദ്രാസാഹ്‌നി കേസില്‍ എടുത്തുപറഞ്ഞിട്ടുള്ളതുമാണ്. എന്നാല്‍ പല ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളും മറ്റും രാഷ്ട്രീയസ്വാധീനത്തിന്റെ അടിസ്ഥാനത്തില്‍ സാമൂഹ്യമായും വിദ്യാഭ്യാസപരമായും പിന്നോക്കമല്ലാത്ത വിഭാഗങ്ങളെ കൂടി പിന്നോക്ക വിഭാഗത്തില്‍ ഉള്‍പ്പെടുത്തുകയും സംവരണം അനുവദിക്കുകയും ചെയ്തിട്ടുണ്ട്. സംവരണത്തിന്റെ പരിധി 50ല്‍ നിന്ന് ഉയരാന്‍ ഇതാണ് കാരണം. ഈ നിലയില്‍ സംവരണ തീരുമാനം സ്വീകരിച്ച ചില രാഷ്ട്രീയനേതൃത്വങ്ങള്‍ക്ക് നിലവിലുള്ള സംവരണം നിലനിന്നുകാണാന്‍ യാതൊരു താല്‍പര്യവും ഇല്ലെന്നുള്ളതാണ് യാഥാര്‍ഥ്യം. 10 ശതമാനം സാമ്പത്തിക സംവരണം കൂടി നടപ്പിലാക്കിയതോടുകൂടി 50 ശതമാനം സംവരണം എന്ന ഇന്ദ്രാസാഹ്‌നി കേസിലെ വിധി അപ്പാടെ തകിടം മറിഞ്ഞിരിക്കുകയാണ്. അതുകൊണ്ടുതന്നെ പരമോന്നത കോടതി ഈ വിഷയത്തില്‍ തീരുമാനമെടുക്കേണ്ട സമയം അതിക്രമിച്ചിരിക്കുകയുമാണ്.
സുപ്രിംകോടതി ഈ വിഷയം ദീര്‍ഘമായ വിചാരണയ്ക്ക് വിധേയമാക്കുമെന്നുള്ള കാര്യത്തില്‍ യാതൊരു സംശയവുമില്ല. സംവരണം നിലനിന്നേ മതിയാവൂ. നിര്‍ഭാഗ്യവശാല്‍ സംവരണത്തിന്റെ ശതമാനം ഗണ്യമായി വര്‍ധിപ്പിച്ചുകൊണ്ട് ഇതിന്റെ കടയ്ക്കല്‍ കത്തിവയ്ക്കാന്‍ നമ്മുടെ രാജ്യത്ത് ചിലര്‍ ഇറങ്ങിത്തിരിച്ചിട്ടുണ്ട്. അതിനാല്‍ രാജ്യത്തെ വിദ്യാഭ്യാസപരമായും സാംസ്‌കാരികമായും പിന്നോക്കം നില്‍ക്കുന്ന ബഹുഭൂരിപക്ഷം വരുന്ന ജനത ഈ വിഷയത്തില്‍ വളരെ ജാഗരൂകരാകേണ്ടിയിരിക്കുന്നു. ബന്ധപ്പെട്ട കക്ഷികള്‍ സുപ്രിംകോടതിയിലെ ഈ കേസില്‍ കക്ഷിചേരാനും സംവരണ വിഭാഗത്തിന്റെ വികാരം കോടതിയെ ബോധ്യപ്പെടുത്താനും കഴിയേണ്ടതായിട്ടുണ്ട്. നമ്മുടെ രാജ്യത്തെ സംബന്ധിച്ചെടുത്തോളം ബഹുഭൂരിപക്ഷം വരുന്ന സമൂഹത്തിലെ താഴേയ്ക്കിടയിലുള്ള ജനവിഭാഗത്തെ ബാധിക്കുന്ന ഈ സംവരണ പ്രശ്‌നം കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ വളരെ ഗൗരവമായി കാണേണ്ടതുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."