ഹാരി കെയ്ൻ @ 176 ; ടോട്ടനത്തിന് വമ്പൻ ജയം
ലണ്ടൻ
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ എവർട്ടണിന് എതിരെ ടോട്ടനം ഹോട്സ്പറിന് വമ്പൻ ജയം. ടോട്ടനം 5-0 ന് എവർട്ടണെ വീഴ്ത്തി. ഹാരി കെയിൻ ഇരട്ടഗോളുകൾ നേടിയ പോരാട്ടത്തിൽ തരം താഴ്ത്തൽ ഒഴിവാക്കാൻ പൊരുതുന്ന എവർട്ടണ് പിടിച്ചുനിൽക്കാനായില്ല. ഇരട്ട ഗോളുകളുമായി കെയ്ൻ പ്രീമിയർ ലീഗിൽ 176 ഗോളുകൾ നേടി ആഴ്സണൽ ഇതിഹാസം തിയറി ഒൻറിയുടെ ഗോൾവേട്ട റെക്കോഡ് തകർത്തു. നിലവിൽ അഞ്ചു താരങ്ങൾ മാത്രമാണ് ഗോൾ വേട്ടയിൽ കെയ്നിനു മുന്നിലുള്ളത്. മത്സരത്തിൽ ദയനീയ പ്രകടനമാണ് എവർട്ടൺ നടത്തിയത്. ആദ്യപകുതിയിൽ 14ാം മിനുട്ടിൽ സെസനിയോന്റെ ക്രോസ് മൈക്കിൾ കീനിന്റെ ദേഹത്ത് തട്ടി ലഭിച്ച സെൽഫ് ഗോളുമായി ടോട്ടനം മുന്നിലെത്തി. മികച്ചൊരു നീക്കത്തിനൊടുവിൽ 17ാം മിനുട്ടിൽ ഗോൾ കണ്ടത്തിയ സൺ ഹെംഗ്്മിൻ ടോട്ടനത്തെ 2-0 മുന്നിലെത്തിച്ചു. 37ാം മിനുട്ടിൽ ഇടൻകാലൻ ഷോട്ടിലൂടെ സ്കോർ ചെയ്ത കെയ്ൻ ഗോൾ വേട്ടയിൽ തിയറി ഒൻറിക്ക് ഒപ്പമെത്തി. രണ്ടാം പകുതിയുടെ ആദ്യനിമിഷത്തിൽ തന്നെ സെർജിയോ റെഗ്യുലിയോൻ എവർട്ടണിന്റെ പരാജയം ഉറപ്പിച്ചു. സ്കോർ: ടോട്ടനം 4-0 എവർട്ടൺ. രണ്ടാം പകുതിയിൽ 55ാം മിനുട്ടിൽ കെയ്ൻ വീണ്ടും എവർട്ടൺ വലയിലേക്ക് നിറയൊഴിച്ചു. മാറ്റ് ഡോഹർത്തിയുടെ പാസിൽ നിന്നുമാണ് ഹാരി കെയ്ൻ തന്റെ ചരിത്ര ഗോൾ കുറിച്ചത്. പ്രീമിയർ ലീഗ് ഗോൾ വേട്ടയിൽ എക്കാലത്തെയും ആറാമത്തെ ഗോൾ വേട്ടക്കാരനായി ഇതോടെ കെയ്ൻ മാറി. ജയത്തോടെ ടോട്ടനം ലീഗിൽ ഏഴാം സ്ഥാനത്ത് എത്തി. തരം താഴ്ത്തൽ ഭീഷണി നേരിടുന്ന എവർട്ടൺ 17ാം സ്ഥാനത്ത് ആണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."