വേട്ടയാടപ്പെടാന്‍ ഗണേഷ് കുമാറിന് രാഷ്ട്രീയജീവിതം പിന്നെയും ബാക്കി
കൊല്ലം: കേരളാ കോണ്‍ഗ്രസ് ബി കീഴൂട്ട് രാമന്‍പിള്ള ബാലകൃഷ്ണപിള്ളയുടെ കുടുംബ സ്വത്താണെന്ന് പറഞ്ഞാല്‍ അതില്‍ അതിശയോക്തിയില്ല. പിള്ളയുടെ കല്‍പനകള്‍ അനുസരിക്കുന്നവര്‍ക്കാണ് പാര്‍ട്ടിയില്‍ അംഗത്വം. പിള്ളയുടെ വാക്കുകളുടേയും രാഷ്ട്രീയ നീക്കങ്ങളുടേയും ചൂടും ചൂരുമറിഞ്ഞവരില്‍ മകന്‍ ഗണേഷ് കുമാറും ഉള്‍പ്പെടും. ശാരീരിക അവശതകളെ തുടര്‍ന്ന് പിള്ള വിശ്രമത്തിലായതോടെ പാര്‍ട്ടിയുടെ ചെങ്കോലും കിരീടവുമൊക്കെ ഇപ്പോള്‍ ഗണേഷ്‌കുമാറിന് സ്വന്തമാണ്. കേരള രാഷ്ട്രീയത്തിലെ പിതാ-പുത്ര അധികാര യുദ്ധങ്ങളില്‍ കീഴൂട്ട് തറവാടും ഭാഗഭാക്കാണ്. 2001 മുതല്‍ പത്തനാപുരത്ത് നിന്നുള്ള എം.എല്‍.എയായ ഗണേഷ് കുമാര്‍ രണ്ട് തവണ മന്ത്രിയായപ്പോഴും താഴെയിറക്കാന്‍ പോരിന് ഇറങ്ങിയവരില്‍ മുന്നില്‍ നിന്നതും സാക്ഷാല്‍ പിള്ള തന്നെ. 2011 ലെ തെരഞ്ഞെടുപ്പ് സമയത്ത് അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ ആയിരുന്നതിനാല്‍ കൊട്ടാരക്കരയില്‍ മകളെ സ്ഥാനാര്‍ഥിയാക്കാനുള്ള പിള്ളയുടെ നീക്കത്തിന് തടയിട്ടത് ഗണേഷ്‌കുമാറായിരുന്നു. അതും കീഴൂട്ട് ലഹളയുടെ ഭാഗമാണ്.
വിവാദങ്ങളെന്നും ഗണേഷ്‌കുമാറിന്റെ കൂടെപ്പിറപ്പായിരുന്നു. പക്ഷെ, കഴിഞ്ഞ തവണ സിനിമാക്കാരെ മത്സരത്തിനിറക്കി എതിരാളികള്‍ പത്തനാപുരത്ത് താരപ്രഭയൊരുക്കിയപ്പോഴും താരത്തിളക്കം ഗണേഷ് കുമാറായിരുന്നു.
യു.ഡി.എഫിലെ അവഗണനയില്‍ മനംനൊന്ത് ഇടതുമുന്നണിയിലെത്തിയ ഗണേഷ്‌കുമാറിന് ലഭിച്ചതും വേദനകളായിരുന്നു. ദൈവവിശ്വാസിയാണെങ്കിലും മത വിശ്വാസിയല്ലാത്ത ഗണേഷ്‌കുമാറിന് മന്ത്രി പദവിക്ക് അര്‍ഹതയുണ്ടായിട്ടും മാറ്റി നിര്‍ത്തിയത് ഇടതുമുന്നണിയാണ്. ഒടുവില്‍ നടിയെ ആക്രമിച്ച കേസില്‍ സാക്ഷിയെ ഭീഷണിപ്പെടുത്തിയ ഓഫിസ് സെക്രട്ടറിയെ പിടികൂടാന്‍ സ്വന്തം വീട്ടില്‍ പിണറായിയുടെ പൊലിസ് എത്തിയപ്പോഴും ഗണേഷ് കുമാറിന് കണ്ടു നില്‍ക്കേണ്ടി വന്നു.
തന്നെ വേട്ടയാടുന്നവര്‍ക്ക് മുന്നണി വ്യത്യാസമില്ലാത്തത് ഗണേഷ് കുമാറിന്റെ സ്വകാര്യദു:ഖമാണ്. ഇത്തവണ കേരളത്തില്‍ സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ച തുടങ്ങും മുന്‍പേ ചുമരെഴുതിയത് പത്തനാപുരത്ത് ഗണേഷിനായിരുന്നു. ബന്ധുവായ ശരണ്യ മനോജ് ഇത്തവണ പത്തനാപുരത്ത് അങ്കത്തിനെത്തിയാലും മത്സരത്തെ കാണുക സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റിലായിരിക്കും. അതാണ് ഗണേഷിന്റെ രീതി രാഷ്ട്രീയത്തിലും ജീവിതത്തിലും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."