ഇന്ന് ലോക വൃക്ക ദിനം; കരുതിയിരിക്കാം വൃക്കരോഗങ്ങളെ
വൃക്കകളുടെ പ്രാധാന്യത്തെക്കുറിച്ച് അവബോധം വളര്‍ത്തുകയെന്ന ലക്ഷ്യത്തോടെയാണ് ആഗോളതലത്തില്‍ 2006 മുതല്‍ ലോക വൃക്ക ദിനം ആചരിച്ചുവരുന്നത്. അതോടൊപ്പം, വൃക്ക രോഗങ്ങളുടെയും അതുമായി ബന്ധപ്പെട്ട മറ്റു ആരോഗ്യപ്രശ്‌നങ്ങളുടെയും ആവൃത്തിയും ആഘാതവും കുറയ്ക്കുക എന്നതിനും ലോക വൃക്ക ദിനം പ്രാധാന്യം നല്‍കുന്നു. വൃക്ക ആരോഗ്യം എല്ലാവര്‍ക്കും എല്ലായിടത്തും; വൃക്ക രോഗത്തോടൊപ്പം ആരോഗ്യജീവിതം (Kidney Health for Everyone Everywhere - Living Well with Kidney Disease) എന്നതാണ് ഈ വര്‍ഷത്തെ ലോക വൃക്കദിനത്തിന്റെ പ്രമേയം. ഫലപ്രദമായ രോഗലക്ഷണ നിര്‍വഹണത്തെക്കുറിച്ചും രോഗിശാക്തീകരണത്തെക്കുറിച്ചും അവബോധം സൃഷ്ടിക്കാനുള്ള ബോധവല്‍കരണ പരിപാടികളാണ് ഇതിന്റെ ഭാഗമായി സംഘടിപ്പിക്കുന്നത്.
ശരീരത്തിന്റെ ആന്തരികമായ സംതുലനത്തില്‍ വൃക്കകള്‍ വഹിക്കുന്ന പങ്ക് ചെറുതൊന്നുമല്ല. ശരീരത്തിലെ മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതു മാത്രമല്ല, രക്തം ശുദ്ധീകരിക്കുന്നതിലും ശരീരത്തിലെ ജലാംശം, രക്തസമ്മര്‍ദം എന്നിവയുടെ നിയന്ത്രണത്തിലും എല്ലുകളുടെ ആരോഗ്യത്തിലും അരുണ രക്താണുക്കളെ സൃഷ്ടിക്കുന്നതിലും വൃക്കകള്‍ക്ക് പങ്കുണ്ട്.
കൂടുന്ന വൃക്കരോഗികള്‍
• ലോക ജനസംഖ്യയുടെ 10 ശതമാനത്തെ ബാധിക്കുന്ന വൃക്കരോഗമാണ് വൃക്ക സ്തംഭനം അഥവാ ക്രോണിക് കിഡ്‌നി ഡിസീസ്
• മുതിര്‍ന്നവരില്‍ ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും പ്രമേഹവുമാണ് വൃക്കസ്തംഭനം സംഭവിക്കാനുള്ള കാരണങ്ങള്‍
• വൃക്കരോഗങ്ങള്‍ക്ക് പ്രായഭേദവും വംശഭേദവുമില്ല.
• വൃക്കരോഗികളില്‍ 10ല്‍ ഒരാള്‍ക്ക് വൃക്കസ്തംഭനം ബാധിക്കുന്നു
• 75 വയസോ അതില്‍ കൂടുതലോ പ്രായമുള്ളവരില്‍ പകുതി പേര്‍ക്കും ചെറിയ തോതിലെങ്കിലും വൃക്കസ്തംഭനതിന്റെ ലക്ഷണങ്ങള്‍ ഉണ്ടാകും.
• 65 നും 74 നും ഇടയില്‍ പ്രായമുള്ള 5 പുരുഷന്മാരില്‍ ഒരാള്‍ക്കും 4 സ്ത്രീകളില്‍ ഒരാള്‍ക്കും വൃക്കസ്തംഭനം ഉണ്ടാകാറുണ്ടെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു.
വൃക്കരോഗങ്ങള്‍ നിശബ്ദ കൊലയാളികളാണ്, ഇത് നമ്മുടെ ജീവിത നിലവാരത്തെ വലിയ തോതില്‍ ബാധിക്കും. അതിനാല്‍തന്നെ വൃക്കരോഗങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കുന്നതിനായി ഏതാനും കാര്യങ്ങള്‍ പാലിക്കേണ്ടതുണ്ട്. അതില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ്, പ്രമേഹം, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം എന്നിവ ഉണ്ടാകാനുള്ള സാധ്യത ഒഴിവാക്കുക എന്നത്. കൂടാതെ, പുകവലി ഉപേക്ഷിച്ചും, മിതമായ വ്യായാമം ചെയ്തും, ആഹാര രീതിയില്‍ മാറ്റങ്ങള്‍ വരുത്തിയും, ആരോഗ്യകരമായ ജീവിതചര്യകള്‍ പാലിച്ചും വൃക്കരോഗം വരുന്നത് തടയാനാവും. ചില ഹൈ റിസ്‌ക് ഘടകങ്ങളായ അമിതവണ്ണം, രക്താതിസമ്മര്‍ദ്ദം ഉള്ളവരും കുടുംബത്തില്‍ വൃക്കരോഗികള്‍ ഉള്ളവരും ഇടയ്ക്കിടെ വൃക്കയുടെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട പരിശോധനകള്‍ നടത്തുന്നത് ഉചിതമായിരിക്കും.
വൃക്കരോഗവും അതിന്റെ വര്‍ധനവും തടയുന്നതിനുള്ള ഫലപ്രദമായ നടപടികള്‍ പ്രധാനമാണെങ്കിലും, വൃക്കരോഗികള്‍ക്കും (ഡയാലിസിസിനെയും ട്രാന്‍സ്പ്ലാന്റേഷനെയും ആശ്രയിക്കുന്നവര്‍ ഉള്‍പ്പെടെ) അവരുടെ പരിചരണ പങ്കാളികള്‍ക്കും പിന്തുണ നല്‍കുന്ന നടപടികളാണ് ആവശ്യം.
(കോഴിക്കോട് മേയ്ത്ര ഹോസ്പിറ്റല്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് നെഫ്രോളജി കണ്‍സള്‍ട്ടന്‍റാണ് ലേഖകന്‍)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."