ഉവൈസിയുടെ പാർട്ടിക്ക് സമ്പൂർണ തോൽവി
യു.പിയിൽ ഉവൈസിയുടെ പാർട്ടി മത്സരിച്ച 100 സീറ്റുകളിലും തോറ്റു, മുസ്‌ലിം വോട്ടുകൾ എസ്.പി നേടി
ലഖ്‌നൗ
ഉത്തർപ്രദേശിൽ 100 സീറ്റിൽ മത്സരിച്ച അസദുദ്ദീൻ ഉവൈസിയുടെ ആൾ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുൽ മുസ് ലിമീൻ (എ.ഐ.എം.ഐ.എം) ന് അക്കൗണ്ട് തുറക്കാനായില്ല. ഈ മേഖലകളിലെ മുസ് ലിം വോട്ടുകൾ സമാജ് വാദി പാർട്ടിയിലേക്കാണ് പോയത്.
ഭഗീഥരി പരിവർത്തൻ മോർച്ച എന്ന സഖ്യത്തിലാണ് മുസ് ലിം, ഒ.ബി.സി, ദലിത് വോട്ടുകൾ ലക്ഷ്യമാക്കി ഉവൈസിയുടെ പാർട്ടി മത്സരിച്ചത്.
തങ്ങൾ ജയിച്ചാൽ രണ്ട് മുഖ്യമന്ത്രിമാർ ഉണ്ടാകുമെന്നും ഒരാൾ മുസ് ലിമും ഒരാൾ ദലിതുമായിരിക്കുമെന്നും നേരത്തെ ഉവൈസി അവകാശപ്പെട്ടിരുന്നു. ബാബു സിങ് കുശ്‌വാഹയുടെ ജൻ അധികാരി പാർട്ടി, വാമൻ മേശ്‌റാമിന്റെ ഭാരത് മുക്തി മോർച്ച, അനിൽ സിങ് ചൗഹാന്റെ ജനതാ ക്രാന്തി പാർട്ടി, രാം പ്രസാദ് കശ്യപിന്റെ ഭാരതീയ വഞ്ചിത് സമാജ് പാർട്ടി എന്നിവരാണ് സഖ്യത്തിലെ മറ്റു പാർട്ടികൾ. നിരവധി വിഷയങ്ങൾ ഉവൈസി പ്രചാരണത്തിൽ ഉയർത്തിയെങ്കിലും മുസ് ലിംകളും ദലിതുകളും ബി.ജെ.പിക്കെതിരേ എസ്.പിയെ തുണച്ചുവെന്നാണ് തെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നത്.
ഫലത്തിനു തൊട്ടു മുൻപുള്ള ബി.ജെ.പിയുടെ ആഭ്യന്തര സർവേ റിപ്പോർട്ടിലും ഉവൈസിയുടെ സാന്നിധ്യം മുസ് ലിം വോട്ടുകളിൽ ഭിന്നിപ്പുണ്ടാക്കില്ലെന്നും അതിനാൽ ബി.ജെ.പിക്ക് ഭീഷണിയാകുമെന്നും വ്യക്തമാക്കിയിരുന്നു. ഫല പ്രഖ്യാപനം ഇതു ശരിവയ്ക്കുന്നതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."