HOME
DETAILS
MAL
സന്തുഷ്ട രാജ്യപ്പട്ടിക ഇന്ത്യക്ക് 149ല്‍ 139ാം സ്ഥാനം
backup
March 20 2021 | 04:03 AM
കൊവിഡിനെ നേരിട്ട രീതിയും മഹാമാരിയുടെ ഫലവുമാണ് ഇത്തവണ പരിഗണിച്ചത്
ന്യൂയോര്‍ക്ക്: ലോകത്തെ സന്തുഷ്ട രാജ്യങ്ങളുടെ പട്ടികയില്‍ ഇത്തവണയും ഇന്ത്യ ഏറെ പിന്നില്‍. 149 രാജ്യങ്ങളുടെ പട്ടികയില്‍ 139ാം സ്ഥാനമാണ് ഇന്ത്യക്ക്. കഴിഞ്ഞവര്‍ഷം ഇന്ത്യ 144ാം സ്ഥാനത്തെത്തിയപ്പോള്‍ പാകിസ്താന്‍ 66ാം റാങ്കിലെത്തിയിരുന്നു.
2017ല്‍ 122ാം സ്ഥാനത്തായിരുന്ന ഇന്ത്യ 2018ല്‍ 133ാം റാങ്കിലെത്തി. പിന്നീട് ഓരോ വര്‍ഷവും പട്ടികയില്‍ പിന്നോട്ടുപോവുകയായിരുന്നു. ഫിന്‍ലാന്‍ഡാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. തുടര്‍ച്ചയായി നാലാം തവണയാണ് അവര്‍ ഈ പദവി സ്വന്തമാക്കുന്നത്.
പ്രതിശീര്‍ഷ ജി.ഡി.പി, ആയുര്‍ദൈര്‍ഘ്യം, സ്വാതന്ത്ര്യം, അഴിമതിമുക്ത ഭരണം എന്നിവ വിലയിരുത്തിയാണ് ഓരോ വര്‍ഷവും യു.എന്‍ നേതൃത്വത്തില്‍ ലോകത്തെ സന്തുഷ്ട രാജ്യങ്ങളുടെ പട്ടിക തയാറാക്കുന്നത്. എന്നാല്‍ ഇത്തവണ കൊവിഡ് ഓരോ രാജ്യത്തെയും ജനജീവിതത്തെ ഏതു രീതിയില്‍ ബാധിച്ചു എന്നതാണ് പ്രധാനമായും പരിഗണിച്ചത്.
അതോടൊപ്പം സര്‍ക്കാരുകള്‍ എങ്ങനെ മഹാമാരിയെ നേരിട്ടുവെന്നതും.
കൊവിഡിനെ പ്രതിരോധിക്കുന്നതിലെ പാളിച്ചയും ലോക്ഡൗണ്‍ ജനജീവിതത്തെ ബാധിക്കാതെ നോക്കുന്നതില്‍ പരാജയപ്പെട്ടതുമാണ് ഇന്ത്യയെ പട്ടികയില്‍ പിന്നിലാക്കിയത്. അതോടൊപ്പം മുന്‍ വര്‍ഷങ്ങളിലെ പോലെ ന്യൂനപക്ഷവിഭാഗങ്ങളോടുള്ള അസഹിഷ്ണുത, ജനാധിപത്യത്തിന്റെ അപചയം എന്നിവയും സ്വാധീനിച്ചു. രാജ്യത്ത് മഹാമാരിയുടെ രണ്ടാം വരവ് ശക്തിയാര്‍ജിക്കുന്നതിനിടെയാണ് റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്.
കൊവിഡ് സാരമായി ബാധിച്ച രാജ്യങ്ങളില്‍ ജനങ്ങള്‍ക്ക് സന്തോഷം കുറവാണെന്ന് വേള്‍ഡ് ഹാപ്പിനസ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. യു.എന്നിന്റെ സുസ്ഥിര വികസന പരിഹാര ശൃംഖലയുടെ കീഴിലുള്ള പ്രസിദ്ധീകരണമാണിത്. ഗാലപ് വേള്‍ഡ് പോളിലെ വിവരങ്ങളാണ് പട്ടിക തയാറാക്കാനായി ഉപയോഗിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."