രാജ്യസഭ: എം.എം ഹസന് സാധ്യത; കെ.സി ജോസഫ് കണ്‍വീനറായേക്കും
യു.എച്ച് സിദ്ദീഖ്
കോഴിക്കോട്
എം.എം ഹസനെ രാജ്യസഭയിലേക്ക് എത്തിച്ചു കെ.സി ജോസഫിനെ യു.ഡി.എഫ് കണ്‍വീനറാക്കാന്‍ കോണ്‍ഗ്രസില്‍ പുതിയ നീക്കം. എം. ലിജു, ഷാനിമോള്‍ ഉസ്മാന്‍, ഷമ മുഹമ്മദ്, ജ്യോതി വിജയകുമാര്‍, ഹൈക്കമാന്‍ഡ് നോമിനിയായി എ.ഐ.സി.സി സെക്രട്ടറി ശ്രീനിവാസന്‍ കൃഷ്ണന്‍ എന്നിവരുടെ പേരുകള്‍ പരിഗണിക്കുന്നതിനിടെയാണ് മുതിര്‍ന്ന നേതാവ് എം.എം ഹസനെ രാജ്യസഭയില്‍ എത്തിച്ചു മുസ്്‌ലിം പ്രാതിനിധ്യം ഉറപ്പാക്കാന്‍ കോണ്‍ഗ്രസിലെ ഒരു വിഭാഗം നീക്കം നടത്തുന്നത്.
എം.എം ഹസന്‍ രാജ്യസഭയിലേക്ക് എത്തുമ്പോള്‍ പകരം കെ.സി ജോസഫിനെ യു.ഡി.എഫ് കണ്‍വീനറാക്കുന്നതിലൂടെ സാമുദായിക സമവാക്യം ഉറപ്പാക്കാനും ലക്ഷ്യമിടുന്നു. നിലവില്‍ കെ.പി.സി.സി അധ്യക്ഷനും പ്രതിപക്ഷ നേതാവും ഭൂരുപക്ഷ സമുദായങ്ങളില്‍ നിന്നുള്ളവരായതോടെ കോണ്‍ഗ്രസിലെ സാമുദായിക സമവാക്യങ്ങളില്‍ മാറ്റം വന്നിരുന്നു. ഇതിനുള്ള പരിഹാരം കൂടിയാണ് ഹസനെ രാജ്യസഭാഗംവും കെ.സി ജോസഫിനെ യു.ഡി.എഫ് കണ്‍വീനറായും നിയോഗിക്കുന്നതിലൂടെ ലക്ഷ്യമിടുന്നത്. എം. ലിജുവിനെ രാജ്യസഭാ സ്ഥാനാര്‍ഥിയാക്കാനാണ് കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരനും മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ശ്രമിക്കുന്നത്.
രാജ്യസഭയിലേക്ക് ഒരു മുസ്‌ലിം നേതാവിനെ കേരളത്തില്‍ നിന്നും കോണ്‍ഗ്രസ് പരിഗണിച്ചിട്ട് 43 വര്‍ഷമായി. ഏറ്റവും ഒടുവില്‍ തലേക്കുന്നില്‍ ബഷീറാണ് രാജ്യസഭാഗംമായത്. 1984 ല്‍ തലേക്കുന്നിലിന്റെ കാലാവധി കഴിഞ്ഞ ശേഷം മുസ്്‌ലിം സമുദായത്തില്‍ നിന്നും ഒരു നേതാവിനെ പോലും കോണ്‍ഗ്രസ് പരിഗണിച്ചിട്ടില്ല. അന്തരിച്ച ഐ.എന്‍.ടി.യു.സി നേതാവ് വി.പി മരയ്ക്കാര്‍, ഷാനിമോള്‍ ഉസ്മാന്‍ എന്നിവരുടെ പേരുകള്‍ പലഘട്ടങ്ങളില്‍ ഉയര്‍ന്നെങ്കിലും തഴയപ്പെട്ടു.
രാജ്യസഭയിലേക്ക് ഒഴിവു വരുമ്പോഴെല്ലാം മുസ്്‌ലിം ലീഗിന്റെ പ്രാതിനിധ്യം ഉയര്‍ത്തിയാണ് കോണ്‍ഗ്രസിലെ മുസ്്‌ലിം നേതാക്കളെ ഒഴിവാക്കിയിരുന്നത്. ഇത്തവണ മുസ്്‌ലിം നേതാക്കളെ കോണ്‍ഗ്രസ് പരിഗണിക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. മുതിര്‍ന്ന നേതാക്കളായ എ.കെ ആന്റണി, പി.ജെ കുര്യന്‍, വയലാര്‍ രവി തുടങ്ങിയവരെ മുന്‍നിര്‍ത്തിയാണ് മുന്‍കാലത്ത് മുസ്്‌ലിം നേതാക്കള്‍ രാജ്യസഭയിലേക്ക് എത്തുന്നതിന് കോണ്‍ഗ്രസ് തടയിട്ടത്. ഇതിനിടെ സി.പി.എം നടത്തുന്ന രാഷ്ട്രീയനീക്കവും കോണ്‍ഗ്രസ് തിരിച്ചറിയുന്നില്ല. എളമരം കരീം എം.പിയായി തുടരവെ തന്നെ തെക്ക് നിന്നും എ.എ റഹീമിനെ കൂടി രാജ്യസഭയിലേക്ക് എത്തിക്കുന്നത് ന്യൂനപക്ഷ വിഭാഗത്തെ കൂടുതല്‍ അടുപ്പിച്ചു നിര്‍ത്താന്‍ ലക്ഷ്യമിട്ടുള്ള സി.പി.എമ്മിന്റെ രാഷ്ട്രീയനീക്കം കൂടിയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."