ചെന്നിത്തല ഹൈക്കോടതിയില്‍ 'ഒന്നിലധികം വോട്ടുള്ളവരുടെ അധികവോട്ടുകള്‍ മരവിപ്പിക്കണം'
കൊച്ചി: വോട്ടര്‍പ്പട്ടികയില്‍ ഒന്നില്‍ കൂടുതല്‍ തവണ പേരുവന്നിട്ടുള്ളവരുടെ വോട്ടുകള്‍ മരവിപ്പിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഹൈക്കോടതിയില്‍ ഹരജി സമര്‍പ്പിച്ചു.
തെരഞ്ഞെടുപ്പു സംവിധാനത്തിന്റെ സൂക്ഷ്മതയ്ക്ക് ഭീഷണിയാണെന്നും ഇതു തടയണമെന്നും ഹരജിയില്‍ ആവശ്യപ്പെടുന്നു. വോട്ടര്‍പ്പട്ടികയില്‍ ഒന്നിലധികം തവണ പേരുചേര്‍ത്ത ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്നും അഡ്വ. ടി ആസഫലി മുഖേന സമര്‍പ്പിച്ച ഹരജിയില്‍ ആവശ്യപ്പെട്ടു.
അധികമായി വന്നിട്ടുള്ള വോട്ടുകള്‍ മരവിപ്പിക്കണം. ഇതേ ആവശ്യമുന്നയിച്ച് അഞ്ചു തവണ തെരഞ്ഞെടുപ്പു കമ്മിഷനു നിവേദനം നല്‍കിയിട്ടും നടപടി സ്വീകരിച്ചില്ല. സംസ്ഥാനത്തെ 131 നിയമസഭാ മണ്ഡലങ്ങളില്‍ ഇരട്ടവോട്ടുകള്‍ വ്യാപകമായുണ്ടെന്നു ഹരജിയില്‍ ആരോപിക്കുന്നു. ഹരജിക്കാരന്റെ ആവശ്യം ശരിയും കഴമ്പുള്ളതുമാണെന്ന് സംസ്ഥാന തെരഞ്ഞെടുപ്പു മേധാവി വ്യക്തമാക്കിയിട്ടുണ്ടെന്നും ഹരജിയില്‍ പറയുന്നു.
ഒന്നിലധികം വോട്ടു രേഖപ്പെടുത്തുന്ന സാഹചര്യമുണ്ടായാല്‍ അവര്‍ക്കെതിരേ നിയമപരമായി ശിക്ഷിക്കുന്നതിനു നടപടി സ്വീകരിക്കണം. അല്ലാത്ത പക്ഷം തെരഞ്ഞെടുപ്പു സംവിധാനം തകരാറിലാകും. കഴിഞ്ഞ ജനുവരി 20 നുശേഷം തന്റെ ഓഫിസില്‍ ഇരട്ടവോട്ടുമായി ബന്ധപ്പെട്ട് ആയിരക്കണക്കിനു പരാതികളാണ് ലഭിച്ചിട്ടുള്ളത്. പരാതികളുടെ അടിസ്ഥാനത്തില്‍ വാര്‍ഡുതല അന്വേഷണത്തില്‍ തനിക്കു ലഭിച്ച പരാതികള്‍ വസ്തുതാപരമാണെന്നും ഇതിനു പരിഹാരം കാണണമെന്നും തെരഞ്ഞെടുപ്പു കമ്മിഷനോട് ആവശ്യപ്പെട്ടിരുന്നു.
സോഫ്റ്റ്‌വെയര്‍ വിദഗ്ധരടക്കമുള്ള സമിതി സംസ്ഥാനത്തൊട്ടാകെ വാര്‍ഡുതല അന്വേഷണം നടത്തിയാണ് ഒന്നിലധികം വോട്ടുള്ളവരെ കണ്ടെത്തിയത്. ഈ സമിതി കേരളത്തിലെ ജനങ്ങളെ നേരിട്ടു കാണുകയും വസ്തുതകള്‍ നേരിട്ടു മനസിലാക്കുകയും ചെയ്തിട്ടുണ്ട്. ഇരട്ടവോട്ടുകളെയും വ്യാജവോട്ടുകളെയും സംബന്ധിച്ച സമിതിയുടെ കണ്ടെത്തലുകള്‍ ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ടും സി.ഡിയുമാണ് തനിക്കു സമര്‍പ്പിച്ചിച്ചത്.
324441 ഇരട്ടവോട്ടുകളും 1,090,601 വ്യാജവോട്ടുകളും 2021 ജനുവരി 20നു പ്രസിദ്ധീകരിച്ച വോട്ടര്‍പ്പട്ടികയില്‍ ചേര്‍ത്തതായി കണ്ടെത്തിയിട്ടുണ്ടെന്നു ഹരജിയില്‍ പറയുന്നു. സംസ്ഥാനത്ത് പ്രസിദ്ധീകരിച്ച അന്തിമ വോട്ടര്‍പ്പട്ടികയില്‍ 4,34,042 വോട്ടുകള്‍ ഇത്തരത്തില്‍ ഇരട്ടയായും വ്യാജമായും ചേര്‍ത്തിട്ടുണ്ട്. ഇതു സംബന്ധിച്ച പട്ടികയും സി.ഡിയും നിയമസഭാ മണ്ഡലങ്ങളുടെ പേരുള്‍പ്പെടെ ഹരജിക്കൊപ്പം കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്.
വൈക്കം നിയോജക മണ്ഡലത്തില്‍ 1606 ഇരട്ടവോട്ടുകള്‍ ഉണ്ടെന്ന പരാതിയില്‍ 540 എണ്ണവും ഇടുക്കിയില്‍ 1168 എണ്ണമുണ്ടെന്നതില്‍ 434ഉം ശരിയാണെന്ന് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ചാലക്കുടിയില്‍ 570, പാലക്കാട് 800, കാസര്‍കോട് 640 എണ്ണം വീതവും തവനൂരില്‍ 4395 എണ്ണത്തില്‍ 70 ശതമാനവും കോഴിക്കോട് 3767ല്‍ 50 ശതമാനവും ഇരട്ട വോട്ടുകളാണെന്ന് കണ്ടെത്തിയിട്ടുണ്ടെന്ന് ടിക്കാറാം മീണ അറിയിച്ചെന്നു ചെന്നിത്തല വ്യക്തമാക്കി.
അന്തിമ വോട്ടര്‍പ്പട്ടിക പ്രസിദ്ധീകരിച്ച സാഹചര്യത്തില്‍ ഇരട്ടവോട്ടുള്ളവരെ കണ്ടെത്തുന്നത് എളുപ്പമല്ലെന്നാണ് തെരഞ്ഞെടുപ്പ് കമ്മിഷന്റെ നിലപാട്. ഈ സാഹചര്യത്തിലാണ് പ്രതിപക്ഷ നേതാവ് വോട്ട് മരവിപ്പിക്കണമെന്ന ആവശ്യവുമായി ഹൈക്കോടതിയെ സമീപിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."