മമതയ്ക്ക് കഴിയുന്നത് മറ്റുള്ളവര്‍ക്ക് കഴിയാത്തത്
കോണ്‍ഗ്രസ് മുക്ത ഭാരതം എന്നത് ബി.ജെ.പിയെ സംബന്ധിച്ചിടത്തോളം വെറുമൊരു മുദ്രാവാക്യം മാത്രമാണോ? അതോ കൃത്യമായ മുന്നൊരുക്കത്തോടെ ഉറപ്പിച്ചുവച്ച ആശയമോ? തീര്‍ച്ചയായും രണ്ടാമത്തേത് തന്നെ. ബി.ജെ.പിയുടെ ഹിന്ദുത്വരാഷ്ട്രീയത്തിന്റെ ലക്ഷ്യ പൂര്‍ത്തീകരണത്തിന് തടയിടാന്‍ കോണ്‍ഗ്രസ് പോലെ മറ്റൊരു രാഷ്ട്രീയപ്രസ്ഥാനവും ഇന്ത്യയില്‍ ഇല്ലെന്ന് ഏറ്റവും നന്നായി അറിയാവുന്നത് ബി.ജെ.പിക്കാര്‍ക്കു തന്നെയാണ്. കോണ്‍ഗ്രസ് ഉയര്‍ത്തിപ്പിടിക്കുന്ന മതേതര മൂല്യങ്ങളുടെ ഇപ്പോഴത്തെ പ്രതീക രൂപങ്ങളാണ് നെഹ്‌റു കുടുംബത്തിന്റെ പിന്തുടര്‍ച്ചക്കാരായ സോണിയാ ഗാന്ധിയും രാഹുല്‍- പ്രിയങ്കമാരുമെന്നും അവര്‍ക്കറിയാം. നെഹ്‌റു കുടുംബത്തിനെ തഞ്ചം കിട്ടുമ്പോഴൊക്കെ അവഹേളിക്കുകയെന്നത് മോദി, അമിത് ഷാ മുതല്‍ കേരളത്തിലെ ഛോട്ടാ നേതാക്കള്‍ വരെയുള്ളവര്‍ പതിവാക്കിയിരിക്കുന്നു. പക്ഷേ ബി.ജെ.പിക്ക് തങ്ങളുടെ ശത്രുനിരയില്‍ ഏറ്റവുമധികം പേടിയുള്ളത് ഇവരെയാരെയുമല്ല, മമതാ ബാനര്‍ജിയെയാണ്. അതിനു കാരണം ബി.ജെ.പിയെ എല്ലാ അര്‍ഥത്തിലും നേരിടാന്‍ കെല്‍പ്പുള്ള നേതാവാണ് അവര്‍ എന്നതു മാത്രമല്ല. അവരുടെ മസില്‍ പവറും മണി പവറും മമതയുടെ മുന്നില്‍ വിലപ്പോവുന്നില്ലെന്നതുമല്ല. ഹിന്ദുത്വരാഷ്ട്രീയം മുന്നോട്ടുവയ്ക്കുന്ന ആശയസംഹിതകളുടെ വരേണ്യതയെ അടിസ്ഥാനവര്‍ഗത്തിന്റെ പിന്‍ബലത്തോടെ നേരിടാന്‍ അടുത്ത കാലത്തായി മമത ഫലപ്രദമായി ശ്രമിക്കുന്നു എന്നതാവണം. ഹിന്ദുത്വം എന്ന മതദര്‍ശനത്തെ പരോക്ഷമായി അവര്‍ നിരാകരിക്കുന്നു. ബി.ജെ.പി ഉയര്‍ത്തിപ്പിടിക്കുന്ന ഭാഷാ ബോധത്തിനു ബദല്‍ കണ്ടെത്താന്‍ ശ്രമിക്കുന്നു. ബി.ജെ.പി ആദര്‍ശവല്‍ക്കരിക്കുന്ന ദേശീയതയ്ക്ക് പകരം ബംഗാളി സ്വത്വത്തില്‍ അധിഷ്ഠിതമായ പുതിയൊരു ദേശീയതാബോധത്തിന് അവര്‍ ഊന്നല്‍ നല്‍കുന്നു. സൂക്ഷ്മ വിശകലനത്തില്‍ ഒരു ബദല്‍ മതത്തെയും ബദല്‍ ദേശീയതയേയും ബദല്‍ ജീവിത ദര്‍ശനത്തെയും ഉള്‍ക്കൊള്ളുന്ന പുതിയ ഒരു സ്വത്വബോധ നിര്‍മിതിയുടെ ലക്ഷണങ്ങള്‍ അടുത്ത കാലത്തായി അറിഞ്ഞോ അറിയാതെയോ മമതയുടെ രാഷ്ട്രീയ നീക്കങ്ങള്‍ക്ക് പിന്നിലുണ്ട്. ബി.ജെ.പി പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയത്തിന് അത് പൊറുപ്പിക്കാനാവുകയില്ല. മമതയുടെ രാഷ്ട്രീയത്തില്‍നിന്നു കൂടി അവര്‍ക്ക് രാജ്യത്തെ വിമുക്തമാക്കണം.
എന്നാല്‍, മമതാ ബാനര്‍ജിയുടെ രാഷ്ട്രീയത്തിന് ഈ അര്‍ഥത്തിലുള്ള പ്രത്യയശാസ്ത്ര അടിത്തറയുണ്ടോ എന്ന് സംശയിക്കുന്നവരുണ്ടാവാം. മഹാത്മാഗാന്ധിയെപ്പോലെയോ അംബേദ്കറെപ്പോലെയോ വര്‍ഗം, വര്‍ണം, ജാതി, മൂല്യങ്ങള്‍ തുടങ്ങിയവയെക്കുറിച്ചുള്ള കൃത്യമായ അവബോധത്തോടെ രാഷ്ട്രീയപ്രവര്‍ത്തനമാരംഭിച്ച നേതാവാണ് മമത എന്ന് കരുതാനാവില്ല. കോണ്‍ഗ്രസില്‍നിന്നു പിളര്‍ന്നു തൃണമൂല്‍ കോണ്‍ഗ്രസ് രൂപീകരിക്കുമ്പോഴും കേവലമായ ഒരു പാര്‍ട്ടി പിളര്‍പ്പിന്നപ്പുറത്തുള്ള ഗൗരവബോധത്തോടെയുള്ള അന്വേഷണം അവര്‍ നടത്തിയിട്ടില്ല. എന്നു മാത്രമല്ല, ബി.ജെ.പി യോട് ചേരാനും അധികാരത്തിന്റെ ശീതളഛായയില്‍ വിശ്രമിക്കാനും ഒരു ഘട്ടത്തില്‍ മമതക്ക് മടിയുണ്ടായില്ല. പ്രായോഗിക രാഷ്ട്രീയത്തിന്റെ തന്ത്രങ്ങളാണ് അവര്‍ പ്രയോഗിച്ചത്. എങ്കിലും അടിസ്ഥാനപരമായി ബി.ജെ.പി പ്രതിനിധാനം ചെയ്യുന്ന ദേശീയതയുടെ ആശയങ്ങളിലല്ല ബംഗാളി ജനതയുടെ ആത്മബോധത്തിലധിഷ്ഠിതമായ വംഗ ഉപദേശീയതയിലായിരുന്നു അവരുടെ ഊന്നല്‍. അതിനെ പുഷ്ടിപ്പെടുത്തിക്കൊണ്ടാണ് അവര്‍ തന്റെ രാഷ്ട്രീയപ്പാര്‍ട്ടി വളര്‍ത്തിയെടുത്തിയത്. ബംഗാളില്‍ സി.പി.എമ്മും ഇതേ തന്ത്രം തന്നെയാണ് നേരത്തെ പ്രയോഗിച്ച് വിജയിപ്പിച്ചത്.ബംഗാളി ഭദ്രലോകായിരുന്നു അവരുടെ വോട്ട് ബാങ്ക്. ഈ ബംഗാളി ബാബുമാരുടെ പിന്തുണ പില്‍ക്കാലത്ത് സി.പി.എമ്മില്‍നിന്ന് തൃണമൂലിലേക്ക് ചോര്‍ന്നു. നന്ദിഗ്രാമിലെയും സിംഗൂരിലെയും അത്യാചാരങ്ങള്‍ വംഗ ബുദ്ധിജീവികള്‍ക്കിടയില്‍ പ്രതിഷേധം ജ്വലിപ്പിച്ചപ്പോള്‍ മമതാ ബാനര്‍ജി അവരെ തന്നോടൊപ്പം നിര്‍ത്തി. വംഗസ്വത്വബോധമായി പിന്നെപ്പിന്നെ അവരുടെ രാഷ്ട്രീയത്തിന്റെ അടിത്തറ. തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഘടന ഇങ്ങനെയൊരു പ്രാദേശിക രാഷ്ട്രീയത്തിന്റെ നിലനില്‍പ്പിന് അനുകൂലവുമാണ്. അവര്‍ക്ക് പശ്ചിമ ബംഗാളിന്നപ്പുറമൊരു ലോകമില്ല (ഉണ്ടെങ്കില്‍ ബംഗ്ലാദേശാണ്), ദേശീയ നേതാക്കളോ കമ്മിറ്റിയോ ഇല്ല. ഏതാണ്ട് കേരള കോണ്‍ഗ്രസിനോടോ ഡി.എം.കെയോടോ ഒക്കെയാണ് തൃണമൂലിനു സാധര്‍മ്യം. അതുകൊണ്ടുതന്നെ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഫെഡറലിസത്തിന്റെ ഏറ്റവും ശക്തമായ ശബ്ദം മമതയാണ്. ശക്തമായ കേന്ദ്രം എന്ന ബി.ജെ.പിയുടെ ആര്യവര്‍ഗ അഭിമാനത്തിലധിഷ്ഠിതമായ രാഷ്ട്രീയത്തെ ഭാഷ, സംസ്‌ക്കാരം, പ്രാദേശികമായ സ്വത്വബോധം, വംശ സങ്കല്‍പ്പം തുടങ്ങിയ എല്ലാ ഉപാധികള്‍ വഴിയും മമത പ്രതിരോധിക്കുന്നു. ഈ പ്രതിരോധമാണ് ബി.ജെ.പിയെ സംബന്ധിച്ചിടത്തോളം മമത കോണ്‍ഗ്രസിനോടൊപ്പം ഒന്നാം നമ്പര്‍ ശത്രുവായി മാറാന്‍ കാരണം.
വേറെ ഭാഷ, വേറെ മതം
മമതയെ നേരിടാന്‍ ബി.ജെ.പി ഉപയോഗിക്കുന്നത് ബംഗാളി ഭദ്രലോകിന്റെ മനസില്‍ ആഴത്തില്‍ വേരൂന്നിയ ഹിന്ദുത്വത്തിന്റെ ധര്‍മ്മ മൂല്യങ്ങള്‍ തന്നെയാണ്. ബി.ജെ.പിയ്ക്ക് തൃണമൂലില്‍നിന്ന് അടര്‍ത്തിയെടുത്ത നേതാക്കളാരൊക്കെയാണെന്ന് പരിശോധിച്ചാല്‍ ഇത് വ്യക്തമാവും. താഴേത്തട്ടില്‍നിന്ന് വന്നവരല്ല വരേണ്യവര്‍ഗ പ്രതിനിധാനങ്ങളായ ബാബുമാരാണ് മമതയെ വിട്ട് ബി.ജെ.പി പാളയത്തിലെത്തിയത്. അതേസമയം സമൂഹത്തിന്റെ അടിത്തട്ടിലുള്ള മുസ്‌ലിം ന്യൂനപക്ഷവും ഗോത്രവര്‍ഗക്കാരും അവരെ കയ്യൊഴിഞ്ഞിട്ടില്ല. സാഹചര്യങ്ങളുടെ ചില ഗൂഢാലോചനകളാല്‍ പ്രബലമായ ഒരു മുസ്‌ലിം മത ഗ്രൂപ്പ് രാഷ്ട്രീയത്തിലിറങ്ങി കോണ്‍ഗ്രസ് സി.പി.എം സംഖ്യത്തില്‍ മത്സരിക്കുന്നതും അസദുദ്ദീന്‍ ഉവൈസിയുടെ പാര്‍ട്ടി രംഗത്തിറങ്ങിയതും മമതയ്ക്കു ലഭിച്ചുവരുന്ന ന്യൂനപക്ഷ പിന്തുണ കുറച്ചേക്കാമെങ്കിലും തൃണമൂല്‍ ഒരു അടിസ്ഥാനവര്‍ഗ രാഷ്ട്രീയകക്ഷിയായിത്തന്നെയാണ് നിലനില്‍ക്കുന്നത്. ലളിത ജീവിതം നയിക്കുന്ന ജനകീയ നേതാവ് എന്ന പ്രതിച്ഛായ അവരെ ഏറെ സഹായിക്കുന്നുമുണ്ട്. ഇപ്പോഴത്തെ തെരഞ്ഞെടുപ്പില്‍ അവര്‍ കൈക്കൊണ്ട ചില നയങ്ങളെ ഇവയോട് ചേര്‍ത്തുവച്ച് വായിക്കുമ്പോഴാണ് മറ്റുള്ളവര്‍ക്ക് സാധിക്കാത്ത പലതും മമതയ്ക്ക് സാധിക്കുന്നതെങ്ങനെയെന്ന് ബോധ്യപ്പെടുക.
ഇന്നലെ (മാര്‍ച്ച് 27) പശ്ചിമബംഗാളില്‍ എട്ടുതവണയായി നടക്കുന്ന തെരഞ്ഞെടുപ്പിലെ ആദ്യഘട്ട വോട്ടെടുപ്പ് നടന്നു. ജംഗല്‍മഹല്‍ എന്നു വിളിക്കുന്ന മേഖലയിലെ മുപ്പത് സീറ്റുകളിലാണ് തെരഞ്ഞെടുപ്പ് നടന്നത്. പശ്ചിമ മേദിനിപൂര്‍, ജാര്‍ഗ്രാം, പുരുലിയ, ബങ്കുറ എന്നീ ജില്ലകളാണ് പ്രധാനമായും ജംഗല്‍മഹല്‍ മേഖലയില്‍ അടങ്ങിയിട്ടുള്ളത്. ഗോത്രവര്‍ഗ ജനസംഖ്യ ഗണ്യമായ തോതിലുള്ള ഈ മേഖലയില്‍ ഏഴു സീറ്റുകള്‍ പട്ടികവര്‍ഗക്കാര്‍ക്കും നാലു സീറ്റുകള്‍ പട്ടികജാതിക്കാര്‍ക്കും സംവരണം ചെയ്തിരിക്കുന്നു. കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഈ മേഖല ബി.ജെ.പി തൂത്തുവാരിയിരുന്നു. എന്നാല്‍ ഇത്തവണ ബി.ജെ.പിയെ പ്രതിരോധിക്കാന്‍ മമത കൈക്കൊണ്ട തന്ത്രം പഴയകാല തീവ്രവാദ രാഷ്ട്രീയവുമായി കൂട്ടുചേരുക എന്നതാണ്. പൊലിസ് ഭീകരതക്കെതിരായുള്ള ജനകീയ കമ്മിറ്റി(പി.സി.എ.പി)യുടെ നേതാവായ ചത്ര ധര്‍മഹാത്തോയാണ് തൃണമൂലിന്റെ തെരഞ്ഞെടുപ്പ് ചുമതലകള്‍ വഹിക്കുന്നത്. നിരോധിക്കപ്പെട്ട സി.പി.ഐ (മാവോയിസ്റ്റ് ) ഗ്രൂപ്പിന്റെ ചോദ്യം ചെയ്യപ്പെടാത്ത നേതാവാണ് മഹാത്തോ. മഹാത്തോയുടെ സ്വപ്നങ്ങളും മമതയുടെ സ്വപ്നങ്ങളും ഒരേ ബിന്ദുവില്‍ സന്ധിക്കുമ്പോള്‍ ആദിവാസി വര്‍ഗത്തില്‍ പെട്ട സാന്താള്‍മാരുടെയും കുര്‍മികളുടെയും വോട്ട് ജാര്‍ഗ്രാമിലും ബിന്‍പൂറിലും ലാല്‍ഗഡിലും മമതയുടെ പെട്ടിയില്‍ വീഴുമെന്നാണ് പ്രതീക്ഷ. മാവോയിസ്റ്റുകളുമായി ഇമ്മട്ടില്‍ ഐക്യപ്പെടാന്‍ മമതയെപ്പോലെ മുഖ്യധാരാ രാഷ്ട്രീയത്തിലെ മറ്റൊരു നേതാവിനും കഴിയണമെന്നില്ല. അതിനു കാരണം മമതയുടേത് രാഷ്ട്രീയതന്ത്രം മാത്രമല്ല അടിസ്ഥാനവര്‍ഗ രാഷ്ട്രീയത്തോടുള്ള സഹജമായ ഐക്യപ്പെടല്‍ തന്നെയാവണം.
ചത്രധര്‍ മഹാത്തോവിനെ ഒപ്പം ചേര്‍ത്തുനിര്‍ത്തി ആദിവാസി വോട്ടുകള്‍ നേടുകയെന്ന തന്ത്രം പ്രയോഗിക്കുകയല്ല മമത ചെയ്തത്. മറിച്ച് ദീര്‍ഘകാലം പ്രക്ഷുബ്ധ മേഖലയായി വര്‍ത്തിച്ച ഛോട്ടാ നാഗ്പൂരിലെ സാന്താള്‍ പ്രദേശത്ത് സമാധാനം കൊണ്ടുവരുന്നതിന് മുഖ്യമന്ത്രിയെന്ന നിലയില്‍ മമത സ്തുത്യര്‍ഹമായി പ്രവര്‍ത്തിക്കുകയുണ്ടായി. മാവോയിസ്റ്റുകളെ അവര്‍ വിശ്വാസത്തിലെടുത്തു. മാവോയിസ്റ്റ് മേഖലകളില്‍ നിരവധി വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു. ജയ് ജോഹര്‍ ബന്ധു പ്രകല്‍പ എന്ന ഗോത്രവര്‍ഗക്കാര്‍ക്കുള്ള പെന്‍ഷന്‍ പദ്ധതി ഒരു ഉദാഹരണമാണ്. സാന്താള്‍ വര്‍ഗക്കാരുടെ ഭാഷയായ ഒല്‍ ചികി അഥവാ സാന്താളിക്ക് പ്രോത്സാഹനം നല്‍കുന്ന നടപടികളാണ് അവര്‍ കൈക്കൊള്ളുന്നത്. ഒല്‍ ചികി ആസ്‌ട്രോ ഏഷ്യാറ്റിക് ഭാഷാ ഗ്രൂപ്പില്‍ പെട്ട ഒരു ഗോത്രഭാഷയാണ്. പ്രധാനമായും അസം, ബിഹാര്‍, ജാര്‍ഖണ്ഡ്, മിസോറം, ഒഡിഷ, ത്രിപുര, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളിലെ സാന്താള്‍ വര്‍ഗക്കാരുടെ ഭാഷ ഇന്ന് പശ്ചിമബംഗാളിലും ജാര്‍ഖണ്ഡിലും രണ്ടാം ഔദ്യോഗിക ഭാഷയാണ്. ഈ ഭാഷക്ക് പ്രോത്സാഹനം നല്‍കുകയും ജനകീയമാക്കുകയും ചെയ്യാന്‍ മമത മുന്‍കൈയെടുത്തു. അതേപോലെ തന്നെ സര്‍ന എന്ന ഗോത്രവര്‍ഗ മതത്തിന് ഔദ്യോഗിക അംഗീകാരം നല്‍കാമെന്ന് അവര്‍ സമ്മതിച്ചിട്ടുണ്ട്. ഛോട്ടാ നാഗ്പൂര്‍ മേഖലയിലെ ഗോത്രവര്‍ഗക്കാരുടെ മതമാണ് സര്‍ന. തങ്ങള്‍ ഹിന്ദുക്കളല്ലെന്ന് അവര്‍ അവകാശപ്പെടുന്നു. സാല്‍, മഹുവ, വേപ്പ്, അരയാല്‍ എന്നീ മരങ്ങളുമായി ബന്ധപ്പെട്ടതും ഗ്രാമദേവതയെ ആരാധിക്കുന്നതുമായ ഒരു പ്രത്യേക മതവിശ്വാസമാണത്. ഈ ഗോത്രവര്‍ഗ വിശ്വാസികളെ ഹിന്ദുക്കളുടെ കൂട്ടത്തിലാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. എന്നാല്‍ സര്‍നയെ പ്രത്യേക മതമായി അംഗീകരിക്കണമെന്നാണ് അവരുടെ ആവശ്യം. സ്വന്തമായ ഭാഷക്കും മതത്തിനും വേണ്ടിയുള്ള അവരുടെ പ്രക്ഷോഭങ്ങള്‍ക്ക് പുറംതിരിഞ്ഞു നില്‍ക്കുകയാണ് കേന്ദ്ര ഭരണകൂടവും ബി.ജെ.പിയും. മമതാ ബാനര്‍ജി ഇന്ത്യന്‍ ദേശീയതയ്ക്കകത്ത് ഒരു പ്രത്യേക ഗോത്രവര്‍ഗ ദേശീയതയെ അംഗീകരിക്കുന്ന നിലപാടാണ് കൈക്കൊള്ളുന്നത്. ഈ നിലപാട് മാവോയിസ്റ്റ് ഗോത്രവര്‍ഗ മേഖലകളില്‍ അവര്‍ക്ക് സ്വീകാര്യതയുണ്ടാക്കിയിട്ടുണ്ട് എന്നാണ് രാഷ്ട്രീയനിരീക്ഷകര്‍ കരുതുന്നത്. മുഖ്യധാരാ രാഷ്ട്രീയത്തിന് അംഗീകരിക്കാന്‍ പ്രയാസമുള്ള നിലപാടാണിത്.
സംസ്ഥാനങ്ങളും ഫെഡറലിസവും
ഒരര്‍ഥത്തില്‍ മമതാ ബാനര്‍ജി നടത്തിക്കൊണ്ടിരിക്കുന്നത് സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ സ്വയംഭരണാവകാശങ്ങള്‍ ലഭിക്കുന്നതിനുവേണ്ടിയുള്ള പോരാട്ടമാണ്. കേന്ദ്രവുമായുള്ള അവരുടെ ഏറ്റുമുട്ടലുകളെ വെറും രാഷ്ട്രീയയുദ്ധങ്ങള്‍ മാത്രമായി കരുതിക്കൂടാ. കേരളത്തിലെ ഇടതുമുന്നണി കേന്ദ്രവുമായി നടത്തുന്ന പോരാട്ടങ്ങള്‍ക്കും ഇത്തരം മാനങ്ങള്‍ കല്‍പിക്കാവുന്നതാണ്. പക്ഷേ സി.പി.എമ്മിന് അതിന്റെ അഖിലേന്ത്യാ സ്വഭാവം വെച്ചുകൊണ്ട് മമതയെപ്പോലെ രണ്ടും കല്‍പിച്ചുള്ള ഏറ്റുമുട്ടല്‍ സാധിക്കണമെന്നില്ല. എന്നാല്‍ രണ്ടിനെയും അന്തര്‍ധാരയായി ബി.ജെ.പിയുടെ ആര്‍ഷപ്രോക്ത മൂല്യാധിഷ്ഠിതമായ ഹിന്ദി ബെല്‍റ്റ് രാഷ്ട്രീയത്തിന്റെ നിരാകരണമുണ്ട്. ഇപ്പോള്‍ തെരഞ്ഞെടുപ്പ് നടക്കുന്ന തമിഴ്‌നാട്, അസം, ബംഗാള്‍, കേരളം എന്നീ സംസ്ഥാനങ്ങളെല്ലാം പങ്കുവയ്ക്കുന്നത് ദേശീയധാരയില്‍നിന്ന് വ്യത്യസ്തമായ ഉപദേശീയതാ രാഷ്ട്രീയമാണെന്ന് കാണാം. അതിനാല്‍ ബി.ജെ.പിയെ ഈ സംസ്ഥാനങ്ങളെല്ലാം നിരാകരിക്കാന്‍ സാധ്യതകളേറെ. ഈ സംസ്ഥാനങ്ങള്‍ക്ക് അത് സാധിച്ചാല്‍ ഇന്ത്യന്‍ ദേശീയതയെ പുനര്‍നിര്‍വചിക്കുന്നതിലും ഹിന്ദുത്വരാഷ്ട്രീയത്തിന്റെ ദേശീയതലത്തിലുള്ള വ്യാപനത്തെ തടുത്തുനിര്‍ത്തുന്നതിലും അത് വളരെ പ്രസക്തമായ പങ്കുവഹിച്ചേക്കും. മമതയായേക്കാം ഈ പദ്ധതിയുടെ ലീഡര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."