ലക്ഷദ്വീപിൽ നടപടികൾ മിന്നൽ വേഗത്തിൽ; മുഹമ്മദ് ഫൈസലിനെ അയോഗ്യനാക്കി നാലാം ദിവസം ഉപതെരഞ്ഞെടുപ്പ്
കൊച്ചി: വധശ്രമക്കേസിൽ കോടതി ശിക്ഷിച്ചതോടെ പാർലമെന്റ് അംഗത്വം നഷ്ടപ്പെട്ട ലക്ഷദ്വീപിൽ കേന്ദ്രതെരഞ്ഞെടുപ്പ് കമ്മിഷൻ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് അപ്രതീക്ഷിതം. അയോഗ്യനാക്കി നാലാം ദിവസം ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. ലക്ഷദ്വീപിന്റെ കാര്യത്തിൽ മുമ്പെങ്ങുമില്ലാത്ത വേഗത്തിലാണ് കാര്യങ്ങൾ നീങ്ങുന്നത്.
തെരഞ്ഞെടുപ്പ് സംഘർഷവുമായി ബന്ധപ്പെട്ട കേസിൽ എൻ.സി.പിയുടെ പി.പി മുഹമ്മദ് ഫൈസലിനെയാണ് കവരത്തി സെഷൻസ് കോടതി പത്തു വർഷത്തേക്ക് ശിക്ഷിച്ചത്. വിധിവന്ന കഴിഞ്ഞ 11 നു തന്നെ കണ്ണൂർ ജയിലിലേക്ക് മാറ്റിയ മുഹമ്മദ് ഫൈസലിനെ അയോഗ്യനാക്കി രണ്ടാം ദിവസം ലോക്‌സഭ സെക്രട്ടറിയേറ്റ് ഉത്തരവ് പുറപ്പെടുവിച്ചുവെങ്കിലും നിയമ നടപടികൾ തുടരുന്ന സാഹചര്യത്തിൽ ഉപതെരഞ്ഞെടുപ്പ് ഉടൻ വരുമെന്ന് രാഷ്ട്രീയ കേന്ദ്രങ്ങൾ പ്രതീക്ഷിച്ചിരുന്നില്ല.
ശിക്ഷ തടയണമെന്നാവശ്യപ്പെട്ട് കേരള ഹൈക്കോടതിയിൽ നൽകിയ അപ്പീലിൽ വാദം നടന്നുകൊണ്ടിരിക്കെയാണ് തെരഞ്ഞെടുപ്പ് കമ്മിഷൻ ഫെബ്രുവരി 27ന് ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്.
ലക്ഷദ്വീപിൽ ആദ്യമായാണ് ഉപതെരഞ്ഞെടുപ്പ് വരുന്നത്. 2004 ലെ തെരഞ്ഞെടുപ്പിൽ വിജയിച്ച് എം.പിയായ പി. പൂക്കുഞ്ഞിക്കോയയെ കൂറുമാറ്റത്തിന്റെ പേരിൽ അയോഗ്യനാക്കിയെങ്കിലും മാസങ്ങൾക്കു ശേഷം പൊതുതെരഞ്ഞെടുപ്പ് നടത്തുകയായിരുന്നു.
1967 മുതൽ കോൺഗ്രസിലെ പി.എം സഈദ് പത്ത് തവണ വിജയിച്ച ലക്ഷദ്വീപിൽ 2004 ലാണ് ജനതാദൾ യുണൈറ്റഡ് പാർട്ടിയുടെ നേതൃത്തിൽ അട്ടിമറിയുണ്ടായത്. പിന്നീട് 2009 ൽ ഹംദുള്ള സഈദിലൂടെ കോൺഗ്രസ് മണ്ഡലം തിരിച്ചുപിടിച്ചെങ്കിലും 2014 മുതൽ എൻ.സി.പിയുടെ പി.പി മുഹമ്മദ് ഫൈസലാണ് മണ്ഡലത്തെ പ്രതിനിധീകരിച്ചത്.
ലക്ഷദ്വീപിൽ 55,860 വോട്ടർമാരാണ് ഉള്ളത്. 1957ലും 1962 ലും കോൺഗ്രസിലെ നല്ലകോയ തങ്ങളെ നാമനിർദേശം ചെയ്യുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."